രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ഏതു ഹൃദയത്തിനുമാനന്ദലഹരിയാ-
യോരോ വരിയും ചമയ്ക്കുന്ന ഭാവനേ,
നൈമിഷികമെങ്കിലും കരളിലാദിത്യനൊരു
മഹിതരൂപത്തിലുണർത്തുന്ന കാവ്യമേ,
എഴുനിറങ്ങളിലഴകാർന്ന സ്വപ്നങ്ങ-
ളെഴുതിവയ്ക്കുന്നുണർവ്വിൻ രമ്യ സൂര്യകം;
പാടിപ്പുകഴ്ത്തുന്നതില്ലയെന്നാകിലും
പാരിനായേകുന്നുപരിയൊരു നന്മകം.
തളിരോലകൾ ചിരിതൂകുന്ന നിമിഷമായ്
ഹൃദയം വസന്തമാക്കുന്ന,യാ, സുസ്മിതം
കണ്ണീരിനിടയിലും കവിതയായുയരുന്ന,
ചിന്താമലരിനുമേകുന്നു വിസ്മയം.
ഏതു കദനത്തിനുമിടയിലും മാനവർ-
ക്കാദിത്യ മനസ്സാൽക്കുറിക്കാം കവിതകൾ
പാരായണം ചെയ്തുയർത്തട്ടെ പുലരികൾ;
പാരാകെ വർണ്ണാഭമാക്കുമാ,മഹിമകൾ.
താരമല്ലെങ്കിലും തൂമലർപ്പോലെത്ര-
ബാല്യങ്ങൾക്കേകുന്നഴകാർന്ന വാസരം
വിസ്തൃതമാക്കുന്നുണർവ്വാർന്ന സുസ്മിതം
നിസ്തുല സ്നേഹമേ, വാഴ്ത്തുന്നു വാനിടം
ഏഴുവർണ്ണങ്ങളല്ലായിരം പൂക്കൾ തൻ
സുസ്മിതം പകരുന്നതില്ലെ, യാ ജീവിതം
താഴേക്കൊഴുകുന്നരുവിയാ,യാ-ലയം
താരാംബരത്തിൻ പ്രിയസഖീ നിൻവരം.
വിസ്മയിപ്പിക്കുന്നതില്ലേ,യനന്തരം
ഹൃദ്സ്മിതം മായ്ക്കുന്നതാം നിമിഷജാതകം
എങ്കിലും തോരാതുണർവ്വേകിടാനതിൻ-
ഗീതമായ് പാടിടുന്നാരാമ കാവ്യകം
താനേ തുറന്നേകിടുന്നഭയ ജാലകം;
ലോലമാണോരോ മലർസ്മിത ജീവിതം
കാരുണ്യ ഹൃദയമിന്നെഴുതിവയ്ക്കുന്ന താം
കാവ്യമാണോരോ മഹനീയ രൂപവും

