രചന : റഹീസ് മുണ്ടക്കര ✍️
മുറിയുടെ മൂലയിൽ തളർന്നിരിക്കുകയായിരുന്നു അവൻ. ചുറ്റും നടക്കുന്നതൊന്നും അവന്റെ ബോധമണ്ഡലത്തിൽ പതിക്കുന്നുണ്ടായിരുന്നില്ല.
തറയിൽ തളർന്നിരിക്കുന്ന അവന്റെ ശ്വാസംമുട്ടുന്ന ശബ്ദം മാത്രം ഇടയ്ക്കിടെ കേൾക്കാം. അവന്റെ ആ വിലാപം കേട്ടുനിൽക്കാനാവാതെയാണ് ബന്ധുക്കളായ ചിലർ മുറിക്കുള്ളിലേക്ക് വന്നത്.
കൂട്ടത്തിൽ കാരണവർ അവന്റെ അരികിൽ വന്നിരുന്നു. ആശ്വാസത്തിന്റെ തണൽ തേടിയ അവനു നേരെ അദ്ദേഹം എറിഞ്ഞുകൊടുത്തത് കനൽവാക്കുകളായിരുന്നു.
“മോനെ… നീ ഇങ്ങനെ തളരരുത്. നിന്നെ വേണ്ടാത്തത് കൊണ്ടല്ലേ അവൾ ഇത് ചെയ്തത്? നിന്നെക്കുറിച്ച് ഒരിത്തിരി സ്നേഹം ഉള്ളിലുണ്ടായിരുന്നെങ്കിൽ അവൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുമായിരുന്നോ?”
അവൻ മരവിച്ച കണ്ണുകളോടെ ആ വൃദ്ധനെ നോക്കി. പക്ഷേ, അദ്ദേഹം നിർത്താൻ തയ്യാറായിരുന്നില്ല.
“അല്ലെങ്കിലും എന്തിന്റെ കുറവായിരുന്നു അവൾക്കിവിടെ? പൊന്നുപോലെ നോക്കുന്ന ഭർത്താവ്, ആഡംബരമുള്ള വീട്… എല്ലാം തികഞ്ഞ ഒരുവനെയല്ലേ അവൾക്ക് കിട്ടിയത്. ഇതൊന്നും പോരാഞ്ഞിട്ടല്ലേ അവൾ ആ കയറിൽ തൂങ്ങിയത്?”
അവന്റെ കാതുകളിൽ ഇരമ്പൽ അനുഭവപ്പെട്ടു. ചുറ്റുമുള്ളവരുടെ മുഖങ്ങൾ മങ്ങുന്നതുപോലെ. കാരണവർ പതുക്കെ ശബ്ദം താഴ്ത്തി ചുറ്റുമുള്ളവരോടായി പറഞ്ഞു:
“അവൾക്കല്ലെങ്കിലും വായ അധികമായിരുന്നു. എന്തിനും ഏതിനും മറുപടി പറയുന്ന ആ ശീലം… ആ അധികപ്രസംഗം തന്നെയാണ് അവളെ ഇങ്ങനെയൊരു നാശത്തിൽ എത്തിച്ചത്. നമ്മളെ എല്ലാവരെയും നാണം കെടുത്തിയില്ലേ അവൾ?”
പെട്ടെന്ന് അവൻ പതുക്കെ എഴുന്നേറ്റു. ഭ്രാന്തമായ ഒരു ശാന്തത അവന്റെ മുഖത്തുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അവൻ തന്റെ പോക്കറ്റിൽ നിന്നും ചുരുട്ടിപ്പിടിച്ച ഒരു കടലാസ് കഷ്ണം പുറത്തെടുത്തു. അവളുടെ അവസാനത്തെ കുറിപ്പ്!
അവൻ അത് ആ കാരണവർക്ക് നേരെ നീട്ടി. അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങുന്നുണ്ടായിരുന്നു:
“അവൾ സംസാരിച്ചിരുന്നത് എന്നോടായിരുന്നില്ല കാരണവരേ… ഈ വീടിന്റെ മൗനത്തോടായിരുന്നു. അധികപ്രസംഗം എന്ന് നിങ്ങൾ പറഞ്ഞത്, അവൾ അവസാനമായി കേഴുന്ന ശബ്ദമായിരുന്നു. സ്വർണ്ണവും പണവും കണ്ട് സന്തോഷിക്കാൻ മാത്രം ശവമായിരുന്നില്ല അവൾ. നിങ്ങൾ പറഞ്ഞ ആ ‘എല്ലാം തികഞ്ഞ’ ജീവിതത്തിൽ അവൾക്ക് ശ്വാസം മുട്ടുകയായിരുന്നു. അത് തിരിച്ചറിയാൻ എനിക്ക് വൈകിപ്പോയി… പക്ഷേ മരിച്ചുകഴിഞ്ഞെങ്കിലും അവളെ വീണ്ടും കൊല്ലാതിരുന്നുകൂടെ നിങ്ങൾക്ക്?”
ആ മുറി പെട്ടെന്ന് നിശബ്ദമായി. കാരണവരുടെ കയ്യിലിരുന്ന ആ കടലാസ് കഷ്ണം താഴെ വീണു. അതിൽ അവൾ അവസാനമായി എഴുതിയിരുന്നു: “എനിക്ക് ഒന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു… പക്ഷേ ഇവിടെ ആരും കേൾക്കാൻ ഉണ്ടായിരുന്നില്ല.”
പുറത്ത് മഴ കനത്തു. ആ മുറിയിൽ ബാക്കിയായത് ഒരു ശവത്തിന്റെ മരവിപ്പും, ജീവിച്ചിരിക്കുന്നവരുടെ ക്രൂരമായ മൗനവും മാത്രമായിരുന്നു..!
