രചന : ആമിരജി ✍️
ഉടലാകെ അസുഖം പേറി വേദന സഹിച്ച് ഇങ്ങനെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഒരു നിമിഷമെങ്കിലും സന്തോഷത്തോടെ ജീവിച്ചു ഇല്ലാണ്ടായാൽ മതിയെന്ന് തോന്നിപ്പോവാ ദേവ്…
അവൾ അവന്റെ മടിയിലേക്ക് കേറിക്കിടന്നു.
ദേവ് ഒരുപാട് സങ്കടമുണ്ട് നിന്നെ ഇങ്ങനെ കാണുമ്പോൾ. എനിക്ക് വേണ്ടി നീ കഷ്ടപ്പെടുമ്പോൾ. ഇനിയും ഇങ്ങനെ വേണ്ട എന്ന് തോന്നിപോവാ…സന്തോഷത്തോടെ നിന്റെ മടിയിൽ കിടന്ന് ഈ നിമിഷം അവസാനിച്ചിരുന്നെങ്കിൽ…
അമ്മു.. നീ ഇങ്ങനെ ഒന്നും പറയരുത്. ഒരു മനുഷ്യന് അസുഖം വരാം.അതിനിന്ന കാരണങ്ങൾ കൊണ്ട് എന്നൊന്നുമില്ല. സന്തോഷങ്ങളും സങ്കടങ്ങളും വരാം… എങ്കിലും ഉള്ളതുകൊണ്ട് താങ്ങും തണലുമായി കൂടെ നിൽക്കുക. അത് മാത്രമേ നമ്മൾ മനുഷ്യരെക്കൊണ്ട് ചെയ്യാൻ കഴിയൂ… അത് തന്നെയാണ് ഞാനും ചെയ്യുന്നത്. എന്റെ കൂടെ നീയെന്നും വേണം. വഴക്കിടാനും ശാസിക്കാനും സ്നേഹിക്കാനും അങ്ങിനെയങ്ങിനെ എല്ലാമായി…
ഒരു കുഞ്ഞിനെ പ്രസവിക്കാനോ പാല് കൊടുത്ത് വളർത്താനോ ഇനി എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. മുഴവന്ന് നീരുപറ്റി വീർത്ത മാറിടം തഴുകികൊണ്ട് അവൾ പറഞ്ഞു.
ഒന്നു നിർത്തുന്നുണ്ടോ നീയ്യ്. കുറെ കാലമായി തുടങ്ങിയിട്ട്.
അതെ, ഇനി മിണ്ടാട്ടവും മുട്ടാൻ പോവുകയാണ്… ട്യൂമർ അല്ലേ അതങ്ങ് വളരും പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ ഈ ശബ്ദവും ഇല്ലാണ്ടാവും. അപ്പോൾ നിനക്ക് ഞാനൊരു ഭാരമാവും.
എന്റെ അമ്മു നീ എന്തൊക്കെയാണ് ഈ പറയുന്നത്… ഉള്ളിൽ തോന്നിയാതൊക്കെ ഇങ്ങനെ നീ വിളിച്ചു പറയുമ്പോൾ നിന്റെ കാര്യം കഴിഞ്ഞു അത് കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് നിനക്കറിയോ…
എനിക്കൊന്നും അറിയില്ല. അറിയേം വേണ്ട. വേദന സഹിച്ചു സഹിച്ചു മടുത്തു!
സാരല്ല്യ എല്ലാം എന്റെ വിധി.
ദേവ് എന്നെ ഒന്ന് ചേർത്ത് പിടിക്കോ… ഇങ്ങനെ ചേർന്ന് ഇരിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. എനിക്ക് മറ്റൊന്നും വേണ്ട തളരുമ്പോൾ താങ്ങായി നീ ഉണ്ടെന്നൊരു വിശ്വാസം അത് മാത്രം മതി. മനസ്സിന്റെ വേദന എത്രമാത്രം സഹിക്കാൻ കഴിയും ശരീരത്തിന്റെ വേദന സഹിക്കാൻ കഴിയുന്നില്ല അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞു പോകുന്നത്.
എത്രയൊക്കെ ആശങ്കപ്പെട്ടാലും എന്തൊക്കെ ആഗ്രഹിച്ചാലും വിധിയെ തടുക്കാൻ നമുക്ക് കഴിയില്ലല്ലോ എന്ത് തന്നെയായാലും ദൈവം തന്ന ഒരു വരദാനം അല്ലേ ഈ ജീവിതം അത് ജീവിച്ചു തീർക്കാം…
അമ്മൂ…. ഇനി നിന്റെയി കണ്ണ് നിറയരുത്. ഒരുപാട് കാലം സങ്കടപ്പെട്ടില്ലേ… ഇനി നമ്മൾക്കിടയിൽ സന്തോഷങ്ങൾ മാത്രം മതി. ചെറു പുഞ്ചിരിയോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ദേവ് എനിക്ക് ഉറങ്ങണം. വേദനകളില്ലാതെ!!
അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചുകൊണ്ട്, വേദനകൾ മറന്ന് അവളുറങ്ങുന്നതും നോക്കി അവനിരുന്നു.
