രചന : ബിജു കാരമൂട് ✍
മഹാസമുദ്രം
തിരപ്പുറങ്ങൾ
പകുത്തു വായിപ്പൂ
നിതാന്ത സത്യം
തുഷാരശുഭ്രം
നിഗൂഢ ഗ്രന്ഥങ്ങൾ
സഹസ്രലക്ഷം
ഋതുക്കളാടിച്ചൊരിഞ്ഞ രേണുക്കൾ
അടിഞ്ഞുകൂടി
ജലാധിവാസം
വെടിഞ്ഞ മൺതിട്ട.
ഇരിയ്ക്കെയച്ഛ൯-
മടിത്തടത്തിൽ
ഒരായിരം ചോദ്യം
ഉദിച്ചുനിൽക്കും
മഹസ്സുചൂണ്ടി
ത്തിരഞ്ഞു സന്ദേഹം
അതൊന്നുമൊന്നും
പറഞ്ഞതില്ലെ൯
തണുത്ത മൂ൪ധാവിൽ
വിരൽത്തഴമ്പാലമ൪ത്തിയച്ഛ൯ പിള൪ന്നുലോകങ്ങൾ
ശിരസ്സെരിച്ചു
വപുസ്സെരിച്ചു
രഹസ്യഭൂപാളം…..
നിറഞ്ഞു തുള്ളിത്തുളുമ്പി നിന്നോരതീന്ദ്രിയാനന്ദം
അപാരശാന്തംനീലാകാശം
അനന്തസായൂജ്യം
പ്രപഞ്ചവിസ്മയവേദാന്തത്തെ
പ്പൊതിഞ്ഞകാരുണ്യം…
ഉദിച്ചതെല്ലാമൊടുങ്ങിയെത്തും
തമസ്സിനാഴത്തെ
വെളിച്ചമാക്കിത്തിരിച്ചയയ്ക്കും അനന്യസമവാക്യം….
ചുരന്നവെട്ടംത്രിവ൪ണ്ണമായിത്തെളിച്ചുതാരങ്ങൾ
അണുക്കളാലെ ചമയ്ച്ചെടുക്കും
വിരാടഗാംഭീര്യം
വിരിഞ്ഞതാരാസരസ്സുനീന്തും
അനാദിയാനങ്ങൾ
അടുക്കിയെല്ലാം കൊരുത്തെടുക്കും ഗുരുത്വസാരള്യം…
സമുദ്രകാലം
തിളച്ചുവറ്റി
ക്കടന്നുപോകുമ്പോൾ
അകംപുറം
കൊണ്ടറിഞ്ഞതെല്ലാ
മിരുണ്ടദ്രവ്യത്തെ…
നിരന്തരത്വം
പിറന്നചേലിൽ
തിരഞ്ഞു സന്ദേഹം
ഇരിക്കയാണെ൯
മടിത്തടത്തിൽ
അതിന്നു ഞാനച്ഛ൯

