രചന : വലിയശാല രാജു ✍
നമ്മുടെ ജീവിതം ഇന്ന് സ്ക്രീനുകൾക്ക് മുന്നിലാണ്. ജോലി മുതൽ വിനോദം വരെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഒതുങ്ങിയിരിക്കുന്നു. എന്നാൽ ഈ മാറുന്ന ജീവിതശൈലി നമ്മുടെ കണ്ണുകൾക്ക് വലിയ വില നൽകേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു. ആധുനിക കാലത്ത് കണ്ണുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഡിജിറ്റൽ ഐ സ്ട്രെയിൻ (Digital Eye Strain). ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണവും ദോഷഫലവുമാണ് കണ്ണിലെ വരൾച്ച അഥവാ ‘ഡ്രൈ ഐ സിൻഡ്രോം’ (Dry Eye Syndrome).
എന്താണ് സ്ക്രീൻ ഉപയോഗവും കണ്ണ് വരൾച്ചയും തമ്മിലുള്ള ബന്ധം?
നമ്മുടെ കണ്ണുകൾ സ്വാഭാവികമായും ഈർപ്പമുള്ളതായിരിക്കാൻ കണ്ണുനീർ അത്യാവശ്യമാണ്. സ്ക്രീനുകൾ അമിതമായി ഉപയോഗിക്കുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് സംഭവിക്കുന്നത്.
സാധാരണ നിലയിൽ നമ്മൾ മിനിറ്റിൽ 15-20 തവണ കണ്ണ് ചിമ്മാറുണ്ട്. എന്നാൽ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ശ്രദ്ധിച്ചു നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നത് പകുതിയിലധികം കുറയുന്നു. കണ്ണ് ചിമ്മുമ്പോഴാണ് കണ്ണുനീർ പടർന്ന് കണ്ണിന് ഈർപ്പം നൽകുന്നത്. ഇത് കുറയുമ്പോൾ കണ്ണ് വരളാൻ തുടങ്ങുന്നു.
രണ്ടാമത്തെത് അപൂർണ്ണമായ കണ്ണ് ചിമ്മലാണ്. വേഗത്തിൽ സ്ക്രീൻ നോക്കുമ്പോൾ നമ്മൾ കണ്ണ് പൂർണ്ണമായും അടച്ചു ചിമ്മാറില്ല. ഇത് കണ്ണിലെ ഓയിൽ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ബാധിക്കുകയും കണ്ണുനീർ വേഗത്തിൽ വറ്റിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു.
മറ്റൊന്ന് ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള കൃത്രിമ നീല വെളിച്ചം കണ്ണുകളെ പെട്ടെന്ന് തളർത്തുകയും (Eye Strain) അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
കണ്ണിൽ കരട് പോയതുപോലെയുള്ള തരിതരിപ്പ്.കണ്ണിൽ എരിച്ചിലോ ചൊറിച്ചിലോ അനുഭവപ്പെടുക. വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം തോന്നുക (Light Sensitivity).ദീർഘനേരം വായിക്കുമ്പോഴോ ഫോൺ നോക്കുമ്പോഴോ കാഴ്ച മങ്ങുക.
കണ്ണ് ചുവന്നു വരിക. എന്നിവയൊക്കെയാണ്.
പ്രതിരോധ മാർഗ്ഗങ്ങൾ (Prevention)
മൊബൈൽ ഉപയോഗം പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് അസാധ്യമാണ്, എന്നാൽ ചില ശീലങ്ങളിലൂടെ കണ്ണിനെ സംരക്ഷിക്കാം അതിൽ പ്രധാനപ്പെട്ടതാണ്
20-20-20 റൂൾ. ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗത്തിന് ശേഷവും, 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുക. കണ്ണിന്റെ പേശികൾക്ക് വിശ്രമം നൽകാൻ ഇത് മികച്ചതാണ്.
പിന്നെയുള്ളത് ബോധപൂർവ്വം കണ്ണ് ചിമ്മുക എന്നതാണ്. ഫോൺ ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
അതോടപ്പം ഫോണിലെ ബ്രൈറ്റ്‌നസ് കുറച്ചു വെക്കുക. രാത്രികാലങ്ങളിൽ ‘നൈറ്റ് മോഡ്’ അല്ലെങ്കിൽ ‘ബ്ലൂ ലൈറ്റ് ഫിൽട്ടർ’ ഉപയോഗിക്കുക.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് കണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
കണ്ണിന് അമിതമായ എരിച്ചിലോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഒരു നേത്രരോഗ വിദഗ്ദ്ധനെ കണ്ട് ‘ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകൾ’ ഉപയോഗിക്കാം.
ചുരുക്കത്തിൽ മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതം എളുപ്പമാക്കുന്നുണ്ടെങ്കിലും അവയുടെ അമിത ഉപയോഗം ‘ഡിജിറ്റൽ ഐ സ്ട്രെയിൻ’ എന്ന അവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നു. ഓരോ ദിവസവും സ്ക്രീനിന് മുന്നിൽ ചിലവഴിക്കുന്ന സമയം ക്രമീകരിക്കുകയും കണ്ണിന് കൃത്യമായ വിശ്രമം നൽകുകയും ചെയ്യുക. കാഴ്ചയെന്ന കണ്ണിന്റെ വെളിച്ചം കാത്തുസൂക്ഷിക്കാൻ ചെറിയ മുൻകരുതലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കണ്ണിന്റെ പ്രവർത്തനം നിച്ഛലമാകാൻ വരൾച്ച കാരണമാകും.അന്ധത ബാധിക്കാം. വരൾച്ച ഉണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

