രചന : ഗഫൂർകൊടിഞ്ഞി ✍
എന്തൊരു
ഒഴുക്കായിരുന്നു
പള്ളിക്കത്താഴത്ത്.
വർഷകാലത്ത്
വട്ടച്ചിറ മുറിഞ്ഞ്
ഭ്രാന്തൻ പുഴ പേലെ
ഒഴുകി വരുന്ന വെള്ളം
വെളിച്ചപ്പാടിനെ പോലെ
പുഞ്ചപ്പാടത്ത്
തല തല്ലിച്ചിതറും
അതിൻ്റെ ആരവം
ആളുകളെയുണർത്തും.
മലവെള്ളം
ആർത്തലക്കുമ്പോൾ
അതൊരു ചാകരയാണ്.
മത്സ്യം മാത്രമല്ല
മാങ്ങയും തേങ്ങയും
വൻ മരങ്ങളും കടപുഴകി വരും.
ഒപ്പം നാൽക്കാലി മൃഗങ്ങളുമായി
ആണ്ടിലൊരിക്കൽ
വലിയൊരു കോളാണത്.
ആളുകൾ
ആർത്തു വിളിക്കും
ഒഴുക്കിലേക്കെടുത്തു ചാടും.
ഒഴുക്കിനൊത്ത് മലർന്ന് കിടക്കും.
നിധി കിട്ടിയ മട്ടിൽ
കിട്ടിയത് കൈക്കലാക്കും.
പള്ളിക്കാത്താഴത്തെ ഒലുവിൽ
നീന്തേണ്ട ആവശ്യം പോലുമില്ല.
ചണ്ടി പോലെ അത് പോകുന്നിടത്ത്
നമ്മളും ചെന്നണഞ്ഞോളും.

