രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍
മുത്തശ്ശികണ്ടൊരാ
സ്വപ്നത്തിൻവിറങ്ങലാൽ
നിദ്രാവിഹീനയായ്തേങ്ങുമീ
വൃദ്ധമനസ്സിന്റെ നൊമ്പരം…
തറവാട്ട് തൊടിയിലും
പറമ്പിലുമെത്രമരങ്ങൾ
ശിഖിരങ്ങൾ തീർത്ത
കൂട്ടുകുടുംബത്തിലിമ്പങ്ങൾ
തീർത്തതിൽ, മുത്തശ്ശിപ്ളാവും
അശോകവും, പുന്നയും,
കണി കണ്ടുണരുവാൻ
കണിക്കൊന്നയും, നക്ഷത്ര
പൂക്കൾ വിരിയിച്ചിലഞ്ഞിയും,
വായിൽ വെളളമൂറിച്ചയമ്പഴവും
തൈക്കുളിർകാറ്റിനാൽതഴുകിയ
നെല്ലിയുമൊട്ടല്ലനിരവധിവൻ
മരക്കൂട്ടങ്ങൾപെറ്റ്പെരുകി-
യൊരുവനമായിരുന്നൊരാ
പറമ്പും തൊടികളും…..
ഏറെയുണ്ടെങ്കിലും മുത്തശ്ശി-
ക്കേറയായ് വാത്സല്യമായൊരാ
തേൻമാവിനോർമ്മകൾ
മായാത്ത മോഹമായിന്നും
ഓർമ്മയ്ക്കൊരോർമ്മയായ്
മനതാരിൽ നിറയുന്നു.
കുട്ടികൾകൂട്ടമായ്മാവിൻ
ചോട്ടിലുത്സവം തീർക്കവെ
മാമ്പഴമുലുത്തുവാനെത്തുന്ന-
യണ്ണാറക്കണ്ണനോടവർ
വായ്ത്താരിയായ് ചൊല്ലീടും
അറക്കണ്ണാ.. വാ വാ …..
ഒരു പൂള് മാമ്പഴം..താ.. താ..
അത്തക്കളങ്ങളുമൂഞ്ഞാലാട്ടവു
മെത്രകനിവുകൾതീർത്തൊരാ
മാഞ്ചോട്ടിലെയോർമ്മകളിന്നൊരു
നോവായിത്തീരുവാൻ,മുത്തശ്ശി
കണ്ടൊരാസ്വപ്നത്തിൻ പൊരു-
ളെത്രയഴലുകൾതീർത്തിടും…
നന്മചൊരിഞ്ഞൊരാതേൻ
മാവിൻകടയ്ക്കലൊരുമഴുവിനാൽ
തീർത്തിടുമൊരപരാധമായ്…..
യാഥാർത്യമാകല്ലെയെന്ന
പ്രാർത്ഥനയാൽമുത്തശ്ശിതൻ
മിഴികൾനിറയുമീയോർമ്മ-
കളുടെയീറനായ്..

