രചന : എൻ.കെ.അജിത് ആനാരി✍
ഇരുപന്ത്രണ്ടു മണിക്കൂർ ചേർന്നൊരു
ദിനമുണ്ടാക്കിയ ഭൗമഭ്രമണേ
ഒരു പന്ത്രണ്ടിൽ കർമ്മം, ബാക്കിയിലു-
യിരിനു വിശ്രമമേകീ ഭഗവാൻ
തനുവിന് വിശ്രമമേകുമ്പോഴും തളരാ-
തെന്നുമിടിക്കും ഹൃദയം
ദഹനം, ശ്വസനം എന്നിവയൊപ്പം മൃതി –
കൂടാതവ നിർവിഘ്ന്യേന
സൃഷ്ടിസ്ഥിതിയുടെ നൈരന്തര്യം സംഹാ-
രത്തെ തൊടുമൊരു നാളിൽ
നിർത്താതതുവരെയോടിച്ചെല്ലാനുണ്ടു –
മുറങ്ങിയുണർന്നെഴുന്നേല്പൂ !
ഊർജ്ജവ്യയത്താലല്ലോ നിത്യം കർമ്മം
ഭൂവിൽ നടപ്പതു ചേലിൽ
ഓരോ പകലിനുമന്ത്യം രാത്രി, ചേതോ-
ഹരമതു ഭൗതിക നിയമം
സൗരപ്രഭയുടെ ശക്തിയിലീക്ഷിതി
കർമ്മപ്രകരണ ശക്തിനിറപ്പൂ
രാവിൽ തനുവിന് ശാന്തിയതേകാൻ
ചാന്ദ്രപ്രഭയുടെ വെള്ളി വെളിച്ചം !
സക്രിയ ജീവനിലൂർജ്ജം പകരാൻ
നിദ്രവരിപ്പൂ ദേഹം പതിവായ്
ഉണ്ണാനുള്ളതിനദ്ധ്വാനിക്കേ,യുണ്ടേ
പിറകേ ക്ഷീണം, ശയനം !
എട്ടിനുത്രൈണഗ്ഗണിതം തീർക്കാം
കർമ്മ, വിനോദമുറക്കങ്ങൾക്കായ്
അങ്ങനെവരികിൽ ഭൗതികദേഹം
നന്മ വരിക്കും നീണാൾ വാഴും !
ഋജുവല്ലെല്ലോ ജീവിതമെന്നും ഋണ –
മായ് കടമകൾ കൂടെയിരിപ്പൂ
ശരവേഗത്തിൽ കാലം പോകേ കായ-
വുമാവഴി തന്നേ പോകും
കാലത്തിൻ്റെ ത്രിമാന സ്വഭാവം ഇന്ന-
ലെയിന്നും,നാളെയുമല്ലോ
മൂന്നിനുമിടയിൽ നിദ്രയുമുണ്ടേ ദേഹി,
പ്രാണൻ, ദേഹമതൊപ്പം!
അന്തിമ നിദ്രയതണയും വരെയീ
ചര്യതുടർന്നേ മതിയാകുളളൂ
നിത്യതതേടിക്കണ്ണടയുംവരെ
നിദ്രാസഹിതം ജീവിക്കുക നാം

