ശ്രീകുമാർ ഉണ്ണിത്താൻ ✍️
2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മലനിരകളിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന 21-ാമത് ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിൽ ഇതുവരെ കാണാത്തവിധം വൈവിധ്യവും പ്രൗഢിയും നിറഞ്ഞ ഒരു കൺവെൻഷന് സാക്ഷിയാകാനുള്ള അപൂർവ നിമിഷത്തിൽ , ഈ ചരിത്ര നിമിഷങ്ങളുടെ ഭാഗമാകാൻ എല്ലാ മാധ്യമ പ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
അതോടൊപ്പം, IPCNAയുടെ എല്ലാ ഭാരവാഹികളെയും അംഗങ്ങളെയും ഈ മഹാസമ്മേളനത്തിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നു. ഫൊക്കാനയും IPCNAയും എന്നും പരസ്പര സഹകരണത്തോടെയും സൗഹൃദത്തോടെയും മുന്നേറിയ സംഘടനകളാണ്. ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ കൺവെൻഷൻ ഒരു മികച്ച വേദിയാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഓഗസ്റ്റ് 7 വെള്ളിയാഴ്ച നടക്കുന്ന ഫൊക്കാന മീഡിയ സെമിനാറിൽ എല്ലാ മാധ്യമ സുഹൃത്തുക്കളും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു. കൂടാതെ കൺവെൻഷനിലുടനീളം നടക്കുന്ന പ്രധാന പരിപാടികളും വാർത്താ പ്രാധാന്യമുള്ള വിശേഷങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നിങ്ങളുടെ വിലപ്പെട്ട സഹകരണം പ്രതീക്ഷിക്കുന്നു.
ഈ കൺവെൻഷന്റെ ഏറ്റവും വലിയ പ്രത്യേകത, മോഹിനിയാട്ടം, ചെണ്ടമേളം എന്നീ കലാരൂപങ്ങളിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്ഥാപിക്കാനുള്ള ശ്രമമാണ്. ഏകദേശം 1,800-ലധികം കലാകാരന്മാർ ഈ ചരിത്ര സംരംഭത്തിന്റെ ഭാഗമാകുന്നു. അമേരിക്കയിലെ ഒരു പ്രവാസി സംഘടന ആദ്യമായാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിടുന്നത് .
ഈ കൺവെൻഷന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ഡിസംബർ മാസത്തിൽ തന്നെ പൂർണമായും (Sold Out) ആയതിനാൽ റിസോർട്ടിൽ താമസസൗകര്യം ലഭ്യമല്ല. എന്നാൽ IPCNA അംഗീകൃത എല്ലാ റിപ്പോർട്ടർമാർക്കും ഡെയിലി രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
ഈ ചരിത്രപരമായ കൺവെൻഷനിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും വീണ്ടും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ സാന്നിധ്യവും പിന്തുണയും ഈ മഹാസംരംഭത്തിന് വലിയ കരുത്തായിരിക്കും.
സസ്നേഹം,
ശ്രീകുമാർ ഉണ്ണിത്താൻ
ജനറൽ സെക്രട്ടറി
ഫൊക്കാന (FOKANA)
