അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ

ജീജോ തച്ചൻ

അവളുടെ വസ്ത്രങ്ങൾ
ഓരോന്നായി ഉരിയപ്പെട്ടു:
ആദ്യം സൽവാർ
പിന്നെ കമ്മീസ്
പിന്നെ അടിവസ്ത്രങ്ങൾ.
കേശഭാരംകൊണ്ടു മാറിടവും
കൈകൾ കൊണ്ട് ഉപസ്ഥവും മൂടി
കണ്ണുകൾ താഴ്ത്തി
അഴിയിട്ട മരക്കൂടിന്റെ
വെളിച്ചം കുറഞ്ഞ മൂലയിൽ
കണ്ണീരിൽ നനഞ്ഞ
ദേഹം ആവുന്നത്ര മറച്ച്
ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ
അവൾ പതുങ്ങിയിരുന്നു.
കറുത്ത മേലങ്കിയണിഞ്ഞ
വിചാരണക്കാരും
തലപ്പാവുവെച്ച ഗുമസ്തരും
മൃഗശാലയിലെ സന്ദർശകരും
ആർത്തിപൂണ്ട കണ്ണുകളാൽ
അവളെ വിഴുങ്ങാൻ തുടങ്ങി.
ഒരു ഗുമസ്തൻ കൂടിനടുത്തെത്തി
അവളെ ശാസിച്ചു: “എഴുന്നേൽക്കൂ,
ഈ കൂട്ടിൽ കുത്തിയിരിക്കുന്നത്
ശിക്ഷാർഹമാണ്.”
അവൾ അനുസരിച്ചു,
തണ്ടൊടിഞ്ഞ താമരയായി
തലകുനിച്ചു നിന്നു.
അഴികൾ കാഴ്ച മറയ്ക്കുന്നതിൽ
സഭാവാസികൾ അസ്വസ്ഥരായിരുന്നു.
അവർ ഇരിപ്പിടങ്ങൾ
പല കോണിലേക്കും മാറ്റിയിട്ട്
കൂട്ടിലെ പെണ്ണിനെ
തിന്നുകൊണ്ടിരുന്നു.
ബഹളത്തിൽ അസ്വസ്ഥനായ
സഭായജമാനൻ ദണ്ഡുകൊണ്ട്
മേശയിലടിച്ച് ഓർഡർ ഓർഡർ
എന്ന് വിളിച്ചു പറഞ്ഞു.
ദണ്ഡനമേറ്റ് മേശപ്പുറത്തെ
കേസുകെട്ടുകൾ ചതഞ്ഞരഞ്ഞു;
അയാളുടെ കണ്ണുകളും
അവളിലായിരുന്നു.
വിസ്താരം തുടങ്ങി.
ചോദ്യങ്ങളുടെ തീയുണ്ടകളേറ്റ്
അവളുടെ അവയവങ്ങൾ
ഓരോന്നായി ഉരുകിത്തുടങ്ങി.
ആദ്യം മുടി കരിഞ്ഞുപോയി.
പിന്നെ കണ്ണുകൾ അഴിഞ്ഞൊഴുകി.
കാതുകളും മൂക്കും മൂക്കുത്തിയും
കവിളുകളും അതിലെ മറുകുകളും
ചുണ്ടുകളും പല്ലുകളും നാവും
കഴുത്തും കൈകളും മുലകളും
നെഞ്ചും വയറും ഇടുപ്പും കാലുകളും
ലാവയായി തറയിലേക്കൊഴുകി.
പെണ്ണവൾ പിന്നെയുമിരയായി
മരക്കൂട്ടിൽ ഒരു പിടി ചാരമായി.
തൂപ്പുകാരൻ അതടിച്ചുകൂട്ടി
കുടത്തിലിട്ട് മേശപ്പുറത്തു വെച്ചു.
യജമാനനും വിസ്താരക്കാരും
ആരോപിതനും സഭാവാസികളും
ചിതാഭസ്മം കൊണ്ടു ഭക്തിപൂർവം
നെറ്റിയിൽ കുറി വരച്ചു.
പരാതിക്കാരിയും പരാതിയും
ഇല്ലാതായെന്നു രേഖപ്പെടുത്തി
യജമാനൻ കേസു രാജിയാക്കി.
സഭ തുടങ്ങുമ്പോൾ
മരക്കൂടിന്റെ അരികിൽ
മറ്റൊരു പെണ്ണുകൂടി നിന്നിരുന്നു;
തെമിസ് അന്ധയായിരുന്നു.
സഭ തീരുമ്പോൾ അവൾ
അവിടെ ഉണ്ടായിരുന്നില്ല.
കണ്ണുപൊട്ടി നിന്നിരുന്ന സ്ഥലത്ത്
വെളുത്ത മെഴുക് ഉരുകിക്കിടന്നു.
അതൊരു കുരിശിൽ തറച്ച
ഭൂപടത്തിന്റെ പ്രേതരൂപമായി
പരന്നു കിടന്നു, ജീവനില്ലാതെ.

മുഴങ്ങുന്ന ചെമ്പ്

ജീജോ തച്ചൻ

കൂടെയുണ്ട്.
ഇരക്കൊപ്പമാണ്.
കുടുംബത്തിനൊപ്പമാണ്.
മകളേ മാപ്പ്.
ഇനി ഇങ്ങനെയൊന്ന്
ആവർത്തിക്കാൻ പാടില്ല.
ഒരു കുഞ്ഞിനുപോലും
ഇനി ഇങ്ങനെയൊരു
ദുരന്തം ഉണ്ടാകാൻ പാടില്ല.
ആരോപണത്തിനു പിന്നിൽ
മാധ്യമ സിൻഡിക്കേറ്റിന്റെ
ഗൂഡാലോചന.
കേരളം ലജ്ജിച്ചു
തലതാഴ്ത്തുന്നു.
എല്ലാം ശരിയാകും.
ഈ വിടവ് നികത്താനാവില്ല.
ഭയം വേണ്ട ജാഗ്രത മതി.
ശബ്ദിക്കുന്ന താമ്രമായി
ഹൃദയം മാറ്റിവെക്കപ്പെട്ട,
പൊള്ളയായ വാക്കുകൾ.
പ്രതീക്ഷയുടെ മാനത്ത്
തീപ്പൊരിയായി കത്തിയമരുന്ന
കുടപ്പൂക്കൾ കണ്ടു ചൊരുക്കി
ഉത്സവപ്പറമ്പു ഛർദ്ദിക്കുന്നു.
പുകനിറഞ്ഞ ഇരുട്ടിൽ
വ്യർത്ഥജല്പനങ്ങളുടെ
ചെമ്പു തെളിയുമ്പോൾ
ക്ളീഷേക്കയത്തിൽ
ചത്തുപൊന്തുകയാണ് ലോകം.
തികട്ടിവരുന്നത് വായിൽ വിരലിട്ട്
ഞാനുമൊന്ന് കളഞ്ഞോട്ടെ.

ജീജോ തച്ചൻ

By ivayana