ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

സന്മാർഗ്ഗദർശനമേകി നാഥൻ
സ്നേഹസ്വരൂപനാം യേശുദേവൻ
സഹനാർദ്രമായിത്തിളങ്ങി പാരിൻ
സൂര്യതേജസ്സായി ലോകപുത്രൻ.

സ്തുത്യം നമിക്കുന്നു നിത്യ നിത്യം
സാദരമോർക്കുന്നു ദിവ്യരൂപം
സത്യസ്വരൂപനാമെൻ രക്ഷകൻ
സുവർണ്ണോദയത്തിലുയിർത്ത ദേവൻ.

സഹനാർദ്രനായിത്തളർന്ന രംഗം
സ്മരണയിലിന്നും നിണമണിഞ്ഞു
സ്നേഹസ്വരൂപമേ, വാഴ്ത്തിടുന്നു;
സ്തുതിയോടെ യോർത്തു വണങ്ങിടുന്നു.

സംരക്ഷകാ, നാഥനാം ദർശകാ,
സംവത്സരങ്ങൾക്കഴിഞ്ഞുമിന്നും
സംവർധനം ചെയ്തിടുന്നു ത്യാഗ-
സ്മരണതന്നോരോ മഹിതരൂപം
സുദിനമായുണരുന്നു തിരുവചനം.

സംശുദ്ധിയോടെ വാഴ്ത്തുന്നു ഞങ്ങൾ
സംസാരമാകെയും നിൻ പ്രകാശം
സാദരമോർക്കുന്നു തിരുജനനം
സമ്പൂർണ്ണമല്ലോ വിശുദ്ധ ജന്മം.

സംസ്കർത്താവുതൻ സുദിന ഗീതം
സ്നേഹാർദ്ര ലോകം നുകർന്നു നിൽക്കേ,
സംവേദനം ചെയ്തിടുന്നു കാലം
സമ്മോഹനമായുണർന്നു വേഗം.

സന്ദേശമല്ലോ തിരുശരീരം
സംശുദ്ധമല്ലോ വിശുദ്ധജന്മം
സംസാര സാഗരം നിന്റെ സ്നേഹം
സ്മരണയിലുണരുന്നു ബേത്.ലഹേമും.

സംശ്രിതമായ ഹൃദയങ്ങളിൽ
സ്നേഹോദയങ്ങൾപ്പകർന്ന കാവ്യം
സോദരാ,നീയും സ്മരിക്ക നിത്യം;
സാദരം ഹൃദയമുണർന്നു ഹൃദ്യം.

സ്തുതിയായുണരുന്നു ഹൃദ്സ്പന്ദനം
സ്ഥിരമായുദിക്കുന്നു വെൺതാരകം
സദയമറിയട്ടെ യാ,പ്രകാശം
സംസാരമാകെയും തിരുവസന്തം.

അൻവർ ഷാ

By ivayana