രചന : സി. മുരളീധരൻ ✍️
കാളുംവിശപ്പിൽ സഹനമായിമൗനമായി
നാളേറെ ജീവൻ പുലർന്നീടുമോ
കാളുന്നൊരഗ്നിയായി
കാളിയായി വിപ്ലവം
വാളോങ്ങി ദുഷ്ടരെ തീർക്കുകില്ലേ?
സ്വർഗ്ഗത്തിൽ വായുവിൽ ബ്രഹ്മത്തിലോ മൃഗ
കർണ്ണത്തിൽ, അർണ്ണവം തന്നിൽനിന്നോ,
ബ്രഹ്മാവിൻ ദിവ്യ മുഖാമ്പുജത്തിൽനിന്നോ
വൻ വൃക്ഷമൂലത്തിൽ നിന്നുവന്നോ?
എങ്ങുനിന്നാകിലും അഗ്നിയുണ്ടുൺമ യായി
മങ്ങാതമരത്വ ദേവനായി
എന്തുമെവിടെയും പാവനമാക്കുവാൻ
ഉണ്ട് പവനൻ ഹാ! അഗ്നി സാക്ഷി!
വാക്കുകൾ അഗ്നി സ്ഫുലിംഗം പടർത്തുന്ന
ദിക്കുകളാകാതിരിക്കാൻ ലോകം
യുദ്ധകൊതിയുമായി ആയുധവ്യാപാര
വിദ്യപുണരാതിരിക്കാൻ ലോകം
ഓർക്കുക ഭാരത മെന്നും പ്രകീർത്തിക്കും
മാർഗ്ഗമായി മേവും അഹിംസാപുണ്യം!
ആർഷ സംസ്കാര വിശുദ്ധി തൻ ജ്യോതിയിൽ
ആർത്തുല്ലസിക്കട്ടെ ഭാരതാംബ!
പടരുന്ന ചിന്തതൻ അരണി കടയണം
ദൃഢമായറിവിൻ്റെ അഗ്നി ജ്വലിക്കണം
അതിലെരിഞ്ഞീടണം തീവ്ര സ്വാർത്ഥാർബുദം
മതിലുകൾ തീർക്കുന്ന മാലിന്യമൊക്കെയും!
🙏🏻

