രചന : എം പി ശ്രീകുമാർ ✍️
തുളസിപ്പൂമണമൊഴുകും സന്ധ്യയിൽ
തുളസീധാരിയെ തൊഴുതു
നറുചന്ദനച്ചാർത്തണിഞ്ഞ പൂമുഖ-
ത്തമ്പിളിക്കല പുഞ്ചിരിച്ചു
നിറപുഷ്പഹാരങ്ങൾ വിളങ്ങും മാറിൽ
ശ്രീവത്സമെവിടെ മറഞ്ഞു !
നിറപീലിയാടുന്ന തിരുമുടിക്കെട്ടിൽ
നറുവനമാല യിളകി
സർവ്വതും കാണുന്ന കൺകളിൽ കാണുന്നു
നിത്യവസന്ത നിസ്സംഗരാഗം
ചൊടികളിൽ മുകരും പുല്ലാങ്കുഴലിൽ
മധുരസംഗീതമൊഴുകി
മനമലിയുന്ന മധുനദിപോലെ
കുളിരല ചുറ്റുമിളകി
കളഭം പകർന്നു മകരനിലാവ്
തീർത്ഥം തളിച്ചു കുളിർതെന്നൽ
നിറദീപപ്രഭയിൽ കൃഷ്ണൻ വിളങ്ങെ
സന്ധ്യയും കുമ്പിട്ടു വണങ്ങി.

