രചന : മേരിക്കുഞ്ഞ്. ✍️
നൂറ്റിരണ്ടു വയസ്സായുസ്സിൽ
സിസ്റ്റർ സീല ദിവംഗതയായി.
നടുങ്ങിടാതല ശാന്തമായലയും
തടാക സന്നിഭം ഭൂമിക ജീവിതം …
പ്രിയന്നൾത്താരയിൽ
പൂപ്പാത്രമലങ്കരിക്കും പണി.
മെഴുകുതിരിക്കാൽ
തുടച്ചുമിനുക്കി ക്കൊളുത്തൽ
ഉപജീവനം
കൊന്തയുരുവിട്ട്
ചാരുബഞ്ചിലിരുന്നു സ്വർഗ്ഗം
സ്വപ്നത്തിൽ വിരിയിച്ച്
സുഗന്ധം
നുകരുന്നതാനന്ദ കാരണം.
ചെന്തീ ചിറകുള്ളമാലാഖ വന്നില്ല;
മരണത്തിൻ ഭയമണിനാദമുയർന്നില്ല;
സിസ്റ്റർ സീല ശാന്തമായ്
ഇമ ചാരി ചാഞ്ഞു
പ്രിയന്റെ മാറിൽ.
നന്മ തൂക്കുന്ന ത്രാസിൽ
ചാഞ്ഞു നാരാച മുന
സീലയുടെതട്ടിലേക്ക്.
പ്രാണനു പ്രിയനായവൻ
പണിതിട്ടിട്ടു പോയ
പൈതങ്ങളെ പോറ്റുവാൻ
സന്ധിവാതം നീറ്റിയ
കാലുമായ് മുടന്തി ,
വെളുവെളുത്ത പെണ്ണ്
തുനിഞ്ഞിറങ്ങിയാൽ കിട്ടും
മറ്റേ പണിക്കു പോയതാണ്
സിസീലിയ….
ആരോ ചാക്കിൽ കെട്ടിയ
ചീഞ്ഞ ജഡമായ് ചേറ്റിൽ
പുതഞ്ഞവൾ കിടന്നു
മക്കളേ….. എന്നടയാത്ത കണ്ണുമായ്
ചെന്തീച്ചിറകും വീശി നരക
പിശാചു വന്നവളെവലിച്ചിഴച്ചു
സിസ്റ്റർസീലാത്മാവവളെ
സ്വർഗ്ഗ ജാലക തിരശീല നീക്കി
ഭൗമിക ദയാവായ്പില്ലാതെ
നോക്കിക്കണ്ടു…..
“അനുസരണാ –
വ്രതമെടുക്കാത്തവൾ ;
കൂദാശകളവഗണിച്ചവൾ…..”
നന്മയളക്കുംത്രാസിന്റെ
നാരായമിളക്കമറ്റു നിന്നു.
