രചന : മധു മാവില ✍️
കാലങ്ങളോളം അലഞ്ഞ് നടന്ന്
തളർന്നപ്പോളിത്തിരിനേരമീ-
പൂമരത്തണലത്തിരുന്ന കാറ്റിന്
എന്റെയതേ മണമെന്ന് നീയും.
ജരാനരയിലും ജനിസ്മൃതിയുടെ
തപംപേറുന്ന പുഴപോലെയാണ്
മെലിഞ്ഞലഞ്ഞ് നടക്കുന്ന കാറ്റ്.
തണൽ തേടിയിതുവഴിവന്നു
പോകുന്നവർ തിരികെ
കൊണ്ടുപോകുന്നോർമകൾക്ക്
കയ്പാട്ടിലെ കാരക്ക മണമാണ്.
ഇരുകരയുടെ തുടിതാളത്തിലും
നിലാവ് കാത്തിരിക്കുന്നവൻ
പുഴയുടെമാത്രം രമണനാണ്.
കയ്പാട്ടിലെ മഞ്ചയിൽ
കരിമീനിനായി മുങ്ങിനിവർന്നവർ
ചളിമണ്ണിന്റെ ജാതിയും മതവും
നോക്കാത്തവരായിരുന്നു.
സുബഹ് വിളിക്കൊപ്പം
അമ്പലത്തിലെ പാട്ടുകേട്ടവരും
പോട്ടയരിഞ്ഞെടുത്ത്
ലോറിയിൽ കേറ്റികൊണ്ടുപോയി.
ഒരേമണമുള്ള മുണ്ടോൻ കറ്റകൾ
തോണിയിൽ കേറ്റികൊണ്ടുവന്നവർ
നെല്ലാക്കിയുണക്കി പതിരില്ലാതെ
പത്തായത്തിലാക്കി
പഞ്ഞമാസം കാത്തിരുന്നു.
വറുതിയിലും വെയിൽകാലത്തും
പുഴപോലെ മെലിഞ്ഞ്പോയ
മനുഷ്യനിന്നും നെല്ലിന്റെ ഗന്ധമാണ്.
പോട്ടപ്പുല്ലും കയറ്റിപ്പോയവർ
ജാതിഭേദമില്ലാതെ വെളുത്ത
പാല് വിറ്റിട്ടും വെളുത്തില്ല.
പാലത്തിൻമേലേയിന്നും
വെറുതെയെന്നോണം
കാണാൻവരുന്നവർക്കും
എന്റെ സ്വപ്നമാണെന്ന് പുഴ.

