രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
[മഞ്ഞുപോലുള്ളതാം കുഞ്ഞു മിഴികളിൽ
കണ്ടതല്ലേ,നാം കദനാർദ്ര നൊമ്പരം
കാനനമാകിലും കരുണാർദ്രമാകിലും
കാരുണ്യമാണമ്മ;
കാവ്യമാണാ..നന്മ..]- ഇനി കവിത വായിക്കുക.
💖🌷💖🌷💖🌷💖
നീലാബരംപോൽ വിശുദ്ധിയേകുന്നതാം
നൊമ്പരമാറ്റുന്ന നന്മയാണമ്മയും
അമ്പലപ്രാവുപോലാകിലും സ്നേഹാർദ്ര-
തംബുരുമീട്ടുന്നുറങ്ങാതെ രാവിലും.
അലിവിൻ മഹാരമ്യ സൂനമാം ഹൃദയമേ-
യാർദ്രമാ,മറിവിൻ വെളിച്ചമാം സുകൃതമേ,
കരുണയോടോർത്തു നമിക്കുന്നുഷസ്സുമാ-
യിരവകറ്റുന്നതാം കനകതാരങ്ങളും.
അമ്മയെന്നാദ്യാക്ഷരത്തിൻ മഹത്വമായ്
ആരാമസാമ്യമാദ്യന്തം തുണയ്ക്കയാൽ
ഏതു ബാല്യത്തിനുമാശ്വാസയരുവിയാ-
ണമ്മതൻ സ്നേഹവിശ്വാസം; പ്രിയസ്മിതം.
മുകുളങ്ങളെന്നപോലുണരും പ്രഭാതവും
മുതുകിലാ, ഭാരം ചുമക്കുന്ന സമയവും;
ഒരുപോലെയെന്നും കനിവിൻ പ്രകാശമാ-
യുണരുന്നുമാ, ദിവ്യഹൃദയം; പിതൃസ്മിതം.
അലിവിന്നുദയമാണിരുവരും കരളിലായ്
കമനീയമായി സൂക്ഷിക്ക,നാം സ്മരണകൾ
പിന്നെ,നാം വളരുന്നു; വരളുന്ന പുളിനങ്ങൾ
പാടേ മറക്കുന്നതെന്തേ; തൃസന്ധ്യകൾ ?
ദൈവാർദ്രമാം പ്രതീകങ്ങൾ; പ്രദീപമായ്,
ജീവിതാനന്ദമായ് തെളിയുന്ന നന്മകൾ
താരാട്ടുപോലുണരേണമാ,പ്പുലരികൾ;
പൂർവ്വകാലങ്ങൾ സ്മരണാർദ്ര രജനികൾ.
ഹൃദയമേ, നിന്റെയാ സ്പന്ദനംപോലെത്ര-
മാധുര്യമതിലുപരി സുമവർണ്ണ ബന്ധുരം
കാലമേ,യെന്നാർദ്ര ശൈശവ, ബാല്യമായ്
മുന്നിൽത്തെളിയുന്നു പിന്നെയും നിൻ സ്മിതം..
♦️✍️♦️✍️♦️✍️
മഞ്ഞുപോലുള്ളതാം കുഞ്ഞു മിഴികളിൽ
കണ്ടതല്ലേ,നാം കദനാർദ്ര നൊമ്പരം
കാനനമാകിലും കരുണാർദ്രമാകിലും
കാരുണ്യമാണമ്മ;
കാവ്യമാണാ..നന്മ..
💖🌷💖🌷💖🌷💖

