രചന : പിങ്ക് ഹെവൻ ✍️
ജീവനില്ലാത്ത ഒരു പാവയിൽ അമ്മയുടെ ചൂട് തേടിയവൻ ; ലോകത്തിന്റെ നൊമ്പരമായ കുട്ടി കുരങ്ങൻ 😢😢😢
ജപ്പാനിലെ ഇച്ചിക്കാവ മൃഗശാലയിലെ പിറന്നുവീണ പഞ്ച് എന്ന കുട്ടിക്കുരങ്ങാനാണ് ഇപ്പോൾ ലോകത്തിന്റെ നൊമ്പരമായി മാറുന്നത്. വെറും അഞ്ഞൂറ് ഗ്രാം മാത്രം ഭാരമുള്ള ആ കുഞ്ഞു കുരങ്ങൻ കണ്ണ് തുറന്നപ്പോൾ ആദ്യം തിരഞ്ഞത് എല്ലാ കുഞ്ഞുങ്ങളെയും പോലെ അമ്മയുടെ ചൂടും ആ നെഞ്ചിലെ സുരക്ഷിതത്വവുമാണ്. പക്ഷേ, വിധിയുടെ ക്രൂരതയോ പ്രകൃതിയുടെ മാറ്റങ്ങളോ, ആ അമ്മയ്ക്ക് തന്റെ കുഞ്ഞിനെ വേണ്ടായിരുന്നു. ജനിച്ചയുടനെ അവൾ അവനെ അവിടെ തനിച്ചാക്കി മടങ്ങി.
വിശപ്പും തണുപ്പും കൊണ്ട് വിറങ്ങലിച്ച്, അമ്മയുടെ ഒരു തലോടലിനായി അവൻ കാത്തുകിടന്നു. മറ്റ് കുരങ്ങൻ കുഞ്ഞുങ്ങൾ അമ്മമാരുടെ നെഞ്ചിൽ പറ്റിച്ചേർന്ന് പാല് കുടിക്കുമ്പോൾ, പഞ്ച് എന്ന ആ കൊച്ചുകുഞ്ഞ് അനാഥത്വത്തിന്റെ കൊടുംതണുപ്പിൽ വിറയ്ക്കുകയായിരുന്നു. ആ മൃഗശാലയിലെ കെയർടേക്കർമാർ അവന് കുപ്പിയിൽ പാല് നൽകി ജീവൻ നിലനിർത്തിയെങ്കിലും, ഒരു കുരങ്ങൻ കുഞ്ഞിന് ഏറ്റവും ആവശ്യമുള്ള ആ മാതൃസ്നേഹവും ചൂടും നൽകാൻ അവർക്ക് കഴിയുമായിരുന്നില്ല. അത് മനസ്സിലാക്കിയ അവർ അവനൊരു വലിയ പാവയെ വാങ്ങി നൽകി.
വലിയ കൈകളും കാലുകളുമുള്ള, ഓറഞ്ചു നിറത്തിലുള്ള ആ ഐകിയ ഒറാങ്ങുട്ടാൻ പാവയെ അവൻ തന്റെ അമ്മയായി തന്നെ കണ്ടു. തന്നേക്കാൾ വലിപ്പമുള്ള ആ പാവയെ ഇരുകൈകളും കൊണ്ട് കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങിയിരുന്നത്. എവിടെ പോയാലും അവൻ ആ പാവയെ നിലത്തൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. അതിന് ജീവനില്ലെന്നോ, അത് തിരിച്ച് സ്നേഹിക്കില്ലെന്നോ അവനറിയില്ലായിരുന്നു. അവനെ സംബന്ധിച്ച് അത് അവന് സ്നേഹിക്കാനും ഒളിച്ചിരിക്കാനുമുള്ള ഒരേയൊരു ആശ്രയമായിരുന്നു. ഇന്റർനെറ്റ് ലോകം സ്നേഹത്തോടെ ‘ഒറാൻ-മാമ’ എന്ന് വിളിച്ച ആ പാവയുടെ നെഞ്ചിലായിരുന്നു പഞ്ചിന്റെ സങ്കടങ്ങളും കണ്ണുനീരും മുഴുവൻ വീണലിഞ്ഞത്.
മാസങ്ങൾ കടന്നുപോയി. അവന് മറ്റ് കുരങ്ങന്മാർക്കൊപ്പം ജീവിക്കാൻ പഠിക്കേണ്ടിയിരുന്നു. അങ്ങനെയാണ് അവനെ മറ്റ് കുരങ്ങന്മാർക്കൊപ്പമുള്ള വലിയ കൂട്ടിലേക്ക് മാറ്റുന്നത്. എന്നാൽ മനുഷ്യർക്കിടയിൽ, ഒരു പാവയെ കൂട്ടുപിടിച്ച് വളർന്ന അവന് സ്വന്തം വർഗ്ഗത്തിന്റെ ലോകം തീർത്തും അപരിചിതമായിരുന്നു. അവൻ അവരുടെ അടുത്തേക്ക് ചെല്ലാൻ ശ്രമിച്ചെങ്കിലും, അവനെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. മുതിർന്ന കുരങ്ങന്മാർ അവനെ നിലത്തൂടെ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയും ചെയ്തപ്പോൾ, വേദന കൊണ്ട് പുളഞ്ഞ അവൻ നിലവിളിച്ചു കരഞ്ഞുകൊണ്ട് അവൻ ഓടിയെത്തിയത് തന്റെ പാവയമ്മയുടെ അടുത്തേക്കാണ്.
തന്നെ ആശ്വസിപ്പിക്കാൻ ആ വലിയ ഓറഞ്ചു കൈകൾ മാത്രമേ ഉള്ളൂ എന്ന് അവന് നന്നായി അറിയാമായിരുന്നു. തന്നെ ഉപദ്രവിക്കുന്നവരിൽ നിന്നും രക്ഷപ്പെടാൻ ആ പാവയെ ഇറുകെ പുണർന്ന് വിതുമ്പിക്കരയുന്ന പഞ്ചിന്റെ കാഴ്ച ആരുടേയും കരളലിയിക്കുന്നതായിരുന്നു. ജീവനില്ലാത്ത ഒരു പാവയിൽ സ്വന്തം അമ്മയെ കണ്ടെത്തിയ പഞ്ച് ഇന്ന് ലോകത്തിന്റെ മുഴുവൻ നൊമ്പരമാണ്. ഉപേക്ഷിക്കപ്പെടുന്നവന്റെ വേദനയും, സ്നേഹത്തിനായുള്ള ഒരു കുഞ്ഞിന്റെ ദാഹവും ആ കൊച്ചു കുരങ്ങൻ നമ്മെ ഓർമ്മിപ്പിക്കുന്നു.💔💔😢😢
