രചന : ശ്രീക്കുട്ടൻ ✍️
പ്രണയത്തിൻ പെട്ടി ഞാൻ ഇന്നു തുറക്കട്ടെ
സുന്ദര ഞായറിൽ തന്നെ.
ആരും കൊതിക്കുന്ന സുന്ദര പ്രണയമേ
ഒന്നിറങ്ങീടുക നീയും.
കാലമാം പട്ടിനാൽ മൂടിയതാണ് ഞാൻ
ആരാരുമറിയാതെ ഉള്ളിൽ.
പെട്ടി തുറന്നപ്പോ ആ ഇളം കാറ്റേറ്റ്
പ്രണയം പറന്നു തുടങ്ങി.
അവളെയും തേടി പറന്നൊരു
പ്രണയമേ അറിയണം അവളിന്നു തന്നെ
പറയാതെ വെച്ചൊരു പ്രണയത്തെ ഞാനിപ്പോ
പാറിപറക്കുവാൻ വിട്ടു.
പോയി പറയുക അറിയട്ടെ അവളിന്ന്
കാലം കരുതിയ സ്നേഹം.
പലവഴി പലവട്ടം തേടി നടന്നിട്ടും
കണ്ടില്ല എവിടെയും അവളെ.
സമയമായിട്ടില്ല പ്രണയം പറയുവാൻ
എന്നാരോ കാതിലായ് ചൊല്ലി.
ഒരുനാളിൽ നിന്നെ ഞാൻ കാണുമ്പോ
പ്രണയിനി അന്നു സമ്മാനിക്കാം വീണ്ടും.
പണ്ടു പൊതിഞ്ഞൊരു പട്ടു തുണികൊണ്ട്
വീണ്ടും പൊതിഞ്ഞിടാം പ്രണയം.
ഇനിയെത്ര നാളെന്നറിയാതെ ഞാൻ എന്റെ
പ്രണയത്തിൻ പെട്ടിയടച്ചു.
വിശ്രമിച്ചീടുക എൻ പ്രിയ പ്രണയമേ
ഒരുനാൾ നീ ആളിപടരും…

