മനസ്സ് ചത്തുപോയ പെണ്ണുങ്ങളിൽ ചിലർ
പിന്നീടൊരിക്കൽ
കാടാകും, കടലാകും, പൂക്കാലമാകും,
കവിതയിൽ അവർക്ക് മനോഹരമായി ചേക്കേറാനാണിഷ്ടം!
അവൾ കവിതയായാൽ,
പ്രണയമാവാനും,
ജീവിക്കാനും,മോഹിക്കുന്ന
ദേശമാണ് കവിത!
ഭാഷയാണ് സ്നേഹം!
വായനക്കാരുടെ വിമർശനങ്ങൾക്ക്
ചെവി കൊടുക്കാതെ പേപ്പർ പേജുകൾ
ചുരുട്ടിയെടുത്ത്,
ദേശങ്ങൾ താണ്ടും,
അതേ..
കവിതയിൽ അവളൊരു ദേശമാകുന്നു
കവിതയിൽ അവളൊരു ഭാഷയാകുന്നു
അതിജീവിച്ച പെണ്ണുങ്ങളുടെ
ഭൂതകാലത്തെ ഒറ്റ ശ്വാസത്തിൽ വായിച്ച് അവസാനിപ്പിക്കണം.
അതിജീവിയ്ക്കാൻ പാത തിരയുമ്പോൾ
കണ്മുന്നിലെ ഭൂമി മുറിഞ്ഞു മുറിഞ്ഞ്,
അഗാധഗർത്തങ്ങളായി മാറിയൊതൊക്കെ
ഒരു രഹസ്യമായി അവൾ എഴുതിവെച്ചിരിക്കും.
മെഴുകു തിരിയിലെ തീനാളത്തെ പോലെ
കത്തിയണഞ്ഞുറച്ചു നിൽകുമ്പോഴും,
പകുതിയിലെപ്പോഴോ ചത്തു പോകാതെ നിന്ന
അന്തരാത്മാവിന്റെ നിസ്സഹായത കവിതയിൽ
തെളിഞ്ഞു നിൽക്കും.
കണ്ണുകൾ തൊട്ടിൽ കെട്ടി രാവുപകലുകളെ
ഉറക്കി ഉപേക്ഷിച്ചൊതൊക്കെ വായിച്ചെടുക്കാനാവും
ചത്തുപോയ മുടിയും മിഴിയും അകമേ പൊള്ളിയ മുറിവുകളെ കാട്ടിതരും.
മുറിവേറ്റ പെൺമാനിന്റെ പക
കാടിനെ കത്തിച്ച കഥപറഞ്ഞങ്ങനെ കെട്ടിയിടും.
അവൾ മാനിനെ പോലെ
മാന്ത്രിക നായികയാവൻ
ശ്രമിച്ചു കൊണ്ടേയിരിക്കുമെന്ന്,
വരികൾ സൂചിപ്പിക്കും.
വിഷാദത്തിന്റെ കൈകളിലേക്ക് കെട്ടിയാടിയ
ചിലങ്കയഴിച്ചു വന്നവളെ, കവിത ആഘോഷിക്കും.
മനോഹരമായ വാക്കുകളോട്
കവിത അവളെ ഉപമിക്കും.
എന്നോ മനസ്സ് ചത്തുപോയ പെണ്ണുങ്ങളെ കവിതയിലെങ്കിലും വാഴ്ത്തൂ..
അവൾക്ക് ജീവിക്കാനുള്ള ദേശവും ഭാഷയും
കണ്ടെത്തിയതല്ലേ.

ശാന്തി സുന്ദർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *