രചന : ദിവ്യ ജാനകി ✍️
സത്യം പറയാൻ ഭയക്കുന്ന കാലത്ത്…
സത്യം തന്നെയാണ് വിപ്ലവം.” 🔥
നീതി ശാസ്ത്രങ്ങളേ,
നിങ്ങളെന്നോട് ക്ഷമിക്കുക…
താമരയും ചക്കയും പോലും
തിരിച്ചറിയാൻ
ബുദ്ധിയില്ലാത്തവർക്ക്
രാജ്യം ഏൽപ്പിച്ച
കാലത്താണ് നാം…
രാത്രിയുടെ ഇരുട്ടിൽ
കല്ലറകൾ തുറന്ന്
മാനുഷികതയെ
ശവഭോഗം നടത്തുന്നവർ
പകൽ വെളിച്ചത്തിൽ
നീതിമാന്മാരായി
നടക്കുന്നതിനു
സാക്ഷിയാവാതിരിക്കുക
തെരുവിൽ
നഗ്നപ്രദർശനങ്ങൾ
നടത്തി
മനസ്സുകളെ
വിൽക്കുന്നവർക്കും
ദൈവത്തിന്റെ പേരിൽ
വിലപേശുന്നവർക്കും
ഇനി വിശ്വാസം
കടമായി
കൊടുക്കേണ്ടതില്ല…
രക്തം ഉണങ്ങാത്ത മണ്ണിൽ
അമാനുഷിക ചിരികൾക്ക്
കൈയടിക്കുന്നവർ
നാളെയുടെ ചരിത്രത്തിൽ
കുറ്റവാളികൾ തന്നെയാണ്…
വിശ്വാസം വിറ്റ്
വൈരം വളർത്തി
സഹോദരനെ ശത്രുവാക്കുന്ന
രാഷ്ട്രീയ കച്ചവടക്കാർക്ക്
മനുഷ്യൻ എന്ന പേരിന്
അവകാശമില്ല…
വിശപ്പിനെ വോട്ടാക്കി
ദരിദ്രനെ പാവയായി മാറ്റുന്ന
കള്ള കളികളിൽ
ഇനി നമ്മൾ
നിശബ്ദ സാക്ഷികളാവില്ല…
അക്ഷരങ്ങൾക്കുപോലും
രക്തത്തിന്റെ മണമാണ്
മൗനം ഒരു കുറ്റമായി
മാറിയിരിക്കുന്നു
അതുകൊണ്ട്,
സത്യം വിളിച്ചു പറയുന്നത്
ഇനി ധർമ്മമാണ്…
നീതി ശാസ്ത്രങ്ങളേ,
നിങ്ങളെന്നോട്
പൊറുക്കുക…
കാരണം—
ഇനി ഞങ്ങൾ
മിണ്ടാതിരിക്കുന്നവരല്ല….
