രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
കലയുടെകടൽതിരയൊടുങ്ങാതലയടിക്കെ
കന്ദ്രനമോടുലയുന്നു; അമർഷമേറിയേറി
കഴിയകറ്റാനായി കടലലയായുന്നലറുന്നു
കലയിലെച്ചെളിയകറ്റാനായിന്നാരുണ്ട് ?
കിലുകിലകിലുങ്ങുന്നോരട്ടഹാസത്താൽ
കുളിക്കഴിഞ്ഞീറന്നോടെ കടൽ കന്യക
കേശിനിയഴിച്ചാത്തീരത്തിട്ടിരിക്കുന്നു
കോതിയൊതുക്കുന്നുപ്പിന്നെപ്പിന്നുന്നു.
കൈകളിലെമുത്തുചിപ്പിയെടുത്തെറിഞ്ഞ്
കൊങ്കയുലച്ചുക്കുടഞ്ഞാമുഖം മിനുക്കി
കഞ്ചുളിയെടുത്തണിഞ്ഞഴകാർന്നങ്ങു
കാന്തയൊരുങ്ങുന്നൊരാകാഴ്ച കാണാം.
കപടതയില്ലാതെ അതുല്യതയാർന്നിതാ
കണ്ണിലൂടൂറുന്നതാമാത്മാർത്ഥതയാൽ
കന്നിയേപ്പോൽ കുണുങ്ങി കുസൃതി കാട്ടി
കരളായവൾ കൊഞ്ചുന്നതു കേൾക്കാം.
കലാമണ്ഡലത്തിലെഅരങ്ങുണർന്നു
കേളികൊട്ടുന്നൊരാനൃത്തമണ്ഡപത്തിൽ
കിടിലമായൊന്നരങ്ങേറാനായണിയുന്നു
കാലിലിണങ്ങുന്നോരുമണിനൂപുരങ്ങൾ.
കിളിവാതിലിലൂടെ കാറ്റണയുന്നാരവം
കേശപാശിയിലായി ഒന്നു തൊട്ടറിഞ്ഞ്
കീർത്തിമതിയാകട്ടെയെന്നനുഗ്രഹിക്കേ
കാരുണ്യത്തോടവളവനെ വണങ്ങുന്നു.
കൈയ്യിലിരിക്കുന്നദക്ഷിണയെടുത്തവൾ
കാറ്റിൻ പാദത്തിൽ വച്ചു നമസ്‌ക്കരിച്ചു
കാൽതൊട്ടു കണ്ണിൽ വച്ചു ഭത്യാദരാൽ
കൊന്ന പോൽ അഴകാർന്നവൾ പൂത്തു .
കൊട്ടും മേളവുംപാട്ടുമരങ്ങുണർത്തുന്നു
കൈയ്യും കണ്ണും മെയ്യുമൊരുപ്പോലെത്തി
കണക്കിനൊത്തവൾ പദമാടുമ്പോളാഹാ!
കിരാതനുമലിഞ്ഞനുരക്തനാമടിമയാo.
കലയില്ലെങ്കിയിളയൊരു കാരാഗൃഹം
കഠിനതപ്പേറിയയുന്മാദാതുരരേറിയേറി
ക്രുഷ്ടത്തോടേറുന്ന അരോചകത്താൽ
കൂടി കൂടി ഇവിടം ഭ്രാന്താലയമാകുമറിക .
കർണ്ണാമൃതമാകണമനുലയകലാസാഗരം
കാതിനിമ്പമാർന്നു കണ്ണിലഴകാകേണം
കാകായെന്നു കരയുന്ന കാകാരവവും
കഴിവിനൊത്തലിഞ്ഞോരാനന്ദധ്വനിയയ്യ !
കല്ലുമലിയുന്ന പ്രമദൂർജ്ജനമൊഴുകി
കണ്ടകനും മതിമറന്നബാന്ധവനാകും
കല്പാന്തം പ്രതിക്രിയയില്ലാതലിവിലായി
കനിയുമിനിയുമോരാഘാതവുമില്ലാതെ.
കലയാലീധാത്രിയെന്നുമനുപമാമോഹിനി
കാലധർമ്മത്താൽ ചിലമ്പണിഞ്ഞവൾ
കളരവമോടെ ഒഴുകുന്ന മുരജനാദിനി
കേളീകുഞ്ജത്തിലുല്ലാസമഞ്ജീരമായി.
കലാഭൂരുഹമാം ആതപത്തിലായിതാ
കോൾമയിരാൽ വെഞ്ചാമരം വീശുന്ന
കാറ്റിലുലയുന്നതാ൦ പൂന്തൊത്തൊന്ന്
കുടയുന്നുമലരിനേയാമോദാഘോഷാൽ.
കന്ദർപ്പനിതാ ശൃംഗാരരഥത്തിലേറുന്നു
കടും ചുമപ്പാമങ്കിയുമണിഞ്ഞലങ്കാരം
കൊട്ടും മേളവുമാർപ്പും കുരവയുമായി
കാടാകെയുത്സവലഹരിയിലൊന്നിച്ചു.
കാലതംബുരു മീട്ടുന്ന ശ്രുതിലയരവം
കോകില കൂജനമധുരാമൃതധാരയിൽ
കാകോളമൊഴിഞ്ഞിള ഭദ്രതയാർന്നു
കച്ഛപി മീട്ടുന്നിതാവാണിയതിദ്രുതം.
കാർമുകം പോലെയണിമാനസങ്ങൾ
കനകവിഗ്രഹം പോൽ തിളങ്ങുന്നുജ്ജ്വലം
കുലമാകെസർഗ്ഗവൈഭവത്താലെന്നും
കൈവല്യമാർന്ന സപ്തതന്തുവാകുന്നു.
