ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഈസ്റ്റർ മംഗളാശംസകൾ !

പരീക്ഷയിലേക്ക് തള്ളിയിടരുതെന്ന്
മൂക്കുമുട്ടെ പ്രാർത്ഥിച്ചിട്ടും
ഭീരു
പരീക്ഷയിലേക്ക്
പ്രവേശിച്ചു …
ചോദ്യ പേപ്പറിൽ
അവൻ
അർദ്ധ ചന്ദ്രാകൃതിയിൽ
പിണങ്ങിക്കിടന്നു
ഒന്നാമത്തെ ചോദ്യം
പിളർന്നു മാറി ,
ഇരുകരകളും കൂടെ
അവനെ
നരകത്തിലേക്ക് തള്ളിയിട്ടു
പിന്നീട് വന്ന ചോദ്യങ്ങൾ
പല ഉത്തരങ്ങളാൽ
അവന്റെ കണ്ണുകെട്ടി
വഴിയിലുപേക്ഷിച്ചു കളഞ്ഞു
ഒരു ചോദ്യം
ഭീരുവിന്റെ തലയിൽ
മുൾക്കിരീടം ചാർത്തി
വിഡ്ഢികളുടെ രാജാവെന്ന്
പരിഹസിച്ചു…
ഭീരു ചോദ്യ കടലാസിൽ
മുട്ടുകുത്തി
വഴുക്കലുള്ള ചില ചോദ്യങ്ങളിൽ
പലവുരു
ഭീരു വീണുടഞ്ഞു
വളഞ്ഞുപുളഞ്ഞുള്ള
ചോദ്യങ്ങളിലേക്ക്
വല്ലാതെ അവൻ ഛർദിച്ചു
ഒടുവിലൊരു
കോഴി കൂവലാൽ
തള്ളിപ്പറയപ്പെട്ട് ഭീരു
ചോദ്യക്കടലാസിലേക്ക്
മയങ്ങി വീണു …
മൂന്നാം ദിവസം
കരയ്ക്കടിയുവാൻ…

വൈഗ ക്രിസ്റ്റി

By ivayana

Leave a Reply

Your email address will not be published. Required fields are marked *