വസന്തകാലം
ഇനിയുംവരുമോ
വസന്തകാലം
മണ്ണിന്റെമനസ്സിലെ
പ്രണയകാലം
കുഞ്ഞിക്കുരുവികൾ
വർണ്ണച്ചിറകിനുള്ളിൽ
കുളിരിനെപ്പൊതിയുന്ന
മഞ്ഞുകാലം
മണ്ണ് മനസുകൈമാറും
കാലം
മലവെള്ളച്ചാട്ടങ്ങൾ
നെയ്തനീർപ്പുടവയാൽ
നിള മാറുമറച്ചു
നാണിച്ചിരുന്നകാലം
ഓളങ്ങളൊരുക്കിയ
അരമണിക്കിങ്ങിണി
കിലുക്കം കരയെ
ത്രസിപ്പിച്ചിരുന്നകാലം
പുഴയനുരാഗിയായ്ത്തീരും
കാലം
വിളഞ്ഞ നെൽക്കതിരുകൾ
തലയാട്ടിത്താരാട്ടി
പാടശേഖരങ്ങളെ
പുണരും കാലം
പാടങ്ങൾ തുടികൊട്ടി പാടും
കാലം
കാടുംമരങ്ങളും കാറ്റിന്റെ
താളത്തിൽ
തുളുനാടൻശീലു കൈമാറും
കാലം
പാട്ടിന്റെ താളത്തിൽ
ചുവടു വെച്ചങ്ങിനെ
പീലിവിടർത്തി മയിൽ
ആടും കാലം
കാനനം കന്മദമണിയും
കാലം
തുമ്പപ്പൂവിറുക്കുവാൻ
തൂവാനത്തുമ്പികൾ
മുറ്റത്തുചെത്തി നടക്കും
കാലം
മാവേലിത്തമ്പുരാൻ
മലനാട്ടിൽ സൃഷ്ടിച്ച
സ്വർഗ്ഗരാജ്യം
തിരിച്ചെത്തും കാലം
മാനുഷർ ഒന്നുപോൽ
വസിക്കുംകാലം
ഇനിയുംവരുമോ
വസന്തകാലം
മണ്ണിന്റെമനസ്സിലെ
പ്രണയകാലം.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *