സ്വയധനയന്ത്രത്തിന്റെ വായിൽ നിന്ന്
ഒരു വെളുത്ത കടലാസ് പുറത്തുവന്നു
മഴ നനഞ്ഞ പ്രാവുപോലെ
അതിൽ എഴുതിയിരുന്നത്
ഒരു മനുഷ്യന്റെ ശേഷിച്ച രൂപകൾ മാത്രം അല്ല
അവന്റെ ദിവസങ്ങളുടെ ക്ഷീണവും ആയിരുന്നു
വീഥിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ
അവൻ അതൊന്നു മടക്കി
അപ്പോൾ
രാത്രി പോലും
അവന്റെ കൈകളിൽ ചുരുണ്ടുപോയി
കാറ്റ് എന്നെ മറിച്ചപ്പോൾ
ഞാൻ കണ്ടു
ഉറങ്ങാതെ കഴിഞ്ഞ രാത്രികളുടെ
ചുളിവുകൾ
പിന്നെ ഞാൻ മണ്ണിൽ കിടന്ന് ചിന്തിച്ചു
എന്നെ അവൻ ഉപേക്ഷിച്ചത്
എന്റെ ഉള്ളിൽ
അവന്റെ പട്ടിണി രേഖപ്പെടുത്തിയതുകൊണ്ടാണോ
ദൂരെയൊരു പട്ടി
മാലിന്യക്കൂമ്പാരത്തിൽ
ഭക്ഷണത്തിന്റെ മണം തിരയുകയായിരുന്നു
നഗരം മുഴുവൻ
നാണയങ്ങളുടെ ശബ്ദം നിറഞ്ഞിരുന്നു,
പക്ഷേ
ഒരു മനുഷ്യന്റെ വിശപ്പിന്റെ ശബ്ദം
ആരും കേട്ടില്ല
അതുകൊണ്ട്
കടലാസിലെ സംഖ്യകൾ കണ്ട്
ആരുടെയും ജീവിതം അളക്കരുത്
ചിലരുടെ ദാരിദ്ര്യം
കൈകളിൽ അല്ല
വിളിക്കപ്പെടാതെ കിടക്കുന്ന സ്നേഹത്തിലാണ്

യൂനസ് മണത്തല

By ivayana