രചന : ദിവാകരൻ പി കെ ✍️
പറയാൻ പറ്റാതെ പോയ
വാക്കുകൾക്കായി പരതുന്നു
നീയെൻ ചാരത്തു നിൽക്കെ
നെടുവീർപ്പാൽ മനം മരവിച്ചു.
നിൻ കൺകോണിലൊളിപ്പിച്ച
മൗനത്തിൻ വാചലത ഒന്നായി
വായിച്ചെടുക്കുമീ നിമിഷം
സിരകളിൽ തീക്കാറ്റ് പടരുന്നു.
പങ്കുവെച്ചു കരളിൻ തുടിപ്പ്
പുനർജനിക്കെ ഹൃദയമിടിപ്പിൻ
വേഗത കൂടുന്നു പെരുവിരൽ
തൊട്ട് ഉച്ചിവരെ ഉയരുന്നു.
യാത്ര പറയാതെ പിരിഞ്ഞ നാം
യാത്ര പറയാതെ വീണ്ടും പിരിഞ്ഞു
പോകെ ഉള്ളിൽ വണ്ടുകളായിരം
ചെവിയിൽ മൂളുന്നു…
ബാക്കിയായൊരാ പ്രണയത്തിൻ ഗന്ധം
ശ്വാസമായി എന്നിൽ നിറയുന്നു
പറയാതെ പോയൊരാ വാക്കുകളെല്ലാം
കവിതയായ് വരികളിൽ ഉയിർക്കന്നു.

