മഴ എപ്പോഴും ഒരു ഓർമ്മപ്പെടുത്തലാണ്. മനസ്സിന്റെ അടഞ്ഞ ജനലുകൾ തുറന്ന് പഴയ ദിവസങ്ങളുടെ മണം പുറത്തേക്കു കൊണ്ടുവരുന്ന ഒരു മൗന സംഗീതം. എനിക്കെന്നും മഴ പ്രിയതയാണ്. പല ഭാവങ്ങളിൽ മഴയെ ഞാൻ കണ്ടിട്ടുണ്ട്. ചിലപ്പോൾ അത് കുട്ടിയെ പോലെ ചിരിക്കും; ചിലപ്പോൾ ദുഃഖം മറച്ചൊരു സ്ത്രീയെ പോലെ നിശ്ശബ്ദമായി പെയ്യും. എന്നാൽ രാത്രിയിലെ മഴയ്ക്ക് എപ്പോഴും വേറിട്ടൊരു ആത്മാവുണ്ട്.

പ്രത്യേകിച്ച് ആളൊഴിഞ്ഞ കടൽത്തീരങ്ങളിൽ മഴ പെയ്യുമ്പോൾ ലോകം മുഴുവൻ ഒറ്റപ്പെട്ടുപോയെന്നു തോന്നും. തിരമാലകൾ മാത്രം സംസാരിക്കുന്ന അത്തരം രാത്രികളിൽ കടലും മഴയും തമ്മിൽ പഴയൊരു പ്രണയം നടക്കുന്നതുപോലെയാണ് അനുഭവം. ചാവക്കാട് കടൽത്തീരത്ത് വഞ്ചിയുടെ ചുവട്ടിൽ ഇരുന്ന് പെരുമഴ നോക്കിയ രാത്രികൾ ഇന്നും മനസ്സിൽ നനവായി കിടക്കുന്നു.

മഴ തകർത്തു പെയ്യുമ്പോൾ കടലിന്റെ ഉപ്പുമണം കാറ്റിലൊലിക്കും. നനഞ്ഞ മണലിലൂടെ ഓർമ്മകൾ നഗ്നപാദമായി നടക്കും. അപ്പോഴൊക്കെ മഴ ഒരു പ്രണയിനിയെ പോലെ മുഖത്തേക്ക് ചായും. കവിളുകളിൽ തട്ടി മൗനമായി എന്തോ പറയാൻ ശ്രമിക്കും. മഴത്തുള്ളികൾ കണ്ണിൽ വീഴുമ്പോൾ അത് വെറും വെള്ളമല്ലായിരുന്നു; പറയാതെ പോയ വാക്കുകളുടെ തണുത്ത സ്പർശം ആയിരുന്നു.

അത്തരം രാത്രികളിൽ സമയം നിൽക്കുന്നതുപോലെ തോന്നും. മണിക്കൂറുകൾ കടന്നുപോകും, എന്നാൽ മനസ്സ് അവിടം വിട്ടുപോകാൻ സമ്മതിക്കില്ല. രാത്രി ഒരുപാട് വൈകിയാണ് വീട്ടിലേക്ക് മടങ്ങാറ്. അഞ്ഞൂരിലെത്തുമ്പോൾ ചിലപ്പോൾ രാത്രി ഒരു മണിയാകാറുണ്ട്. വഴിയൊട്ടാകെ മഴയുടെ മണം കൂടെയുണ്ടാകും. വീട്ടിലെത്തിയിട്ടും കടൽ മനസ്സിൽ അലഞ്ഞുതിരിയും. തിരമാലകളുടെ ശബ്ദം ചെവികളിൽ ഉറങ്ങാതെ കിടക്കും.

മഴയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട് — നമ്മൾ മറന്നുവെന്ന് കരുതുന്ന ഓർമ്മകളെ പോലും വീണ്ടും ജീവനോടെ കൊണ്ടുവരാൻ. ചില മഴകൾ പഴയ മുഖങ്ങളെ ഓർമ്മിപ്പിക്കും. ചില മഴകൾ നമ്മളെ തന്നെയോർമ്മിപ്പിക്കും. ഒരിക്കൽ സന്തോഷത്തോടെ ജീവിച്ചിരുന്ന ആ പഴയ നമ്മളെ.
വിജനമായ രാത്രികളിൽ മഴ കൂടുതൽ മനസ്സിലാകുന്നു. കാരണം ഏകാന്തതയെ മഴ ഒരിക്കലും ഭയപ്പെടുന്നില്ല. ഒറ്റയ്ക്കിരിക്കുന്ന മനുഷ്യന്റെ അരികിൽ വന്ന് നിശ്ശബ്ദമായി ഇരിക്കാൻ മഴയ്ക്ക് അറിയാം. അതുകൊണ്ടാകാം എനിക്ക് മഴയെ ഇങ്ങനെ ഇഷ്ടം. അത് ഒരിക്കലും ചോദ്യം ചെയ്യില്ല. ഒന്നും തിരികെ ചോദിക്കില്ല. വെറും നനക്കും. ഓർമ്മകളെ ഉണർത്തും. മനസ്സിനെ മൃദുവായി തൊടും.

ഇന്നും ഒരു മഴരാത്രിയിൽ കടൽത്തീരത്തുകൂടി നടക്കുമ്പോൾ വഞ്ചിയുടെ ചുവട്ടിൽ ഇരുന്നിരുന്ന ആ പഴയ എന്നെ ഞാൻ കാണാറുണ്ട്. മുഖത്തേക്ക് പെയ്തിറങ്ങുന്ന മഴയും അകലെയൊരു കടൽ ശബ്ദവും മനസ്സിൽ പറയാതെ കിടക്കുന്ന ഒരു പ്രണയവും മാത്രം ബാക്കി.
അപ്പോഴാണ് മനസ്സിലാകുന്നത് — ചില ഓർമ്മകൾ ഉണങ്ങിപ്പോകാൻ പിറന്നതല്ല. അവ മഴപോലെ ജീവിതം മുഴുവൻ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.

സ്വരാജ് അഞ്ഞൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *