രചന : സുരേഷ് എസ ബാബു ✍️
ഒരപൂർവ ദർശനം
ഭൂമിയിൽ മണ്ണും വിണ്ണും
സൂര്യനും മഴയും മാറ്റങ്ങളും.
ഒരപൂർവ ദർശനം
കാത്തുകുടക്കുകയാണ്
ദേഹിയും ദേഹവും ഭൂമിയും.
ദാഹം ശമിപ്പിക്കുവാൻ
കടന്നുപോയ കടൽ
മാറ്റമില്ലാതെ പോകുന്നു.
കടന്നു പോയവരും
കടന്നു വന്നവരും
കവടിവെച്ച് പറഞ്ഞവരും.
അസ്തമയ സൂര്യന്റെ
സീമന്ത രേഖയിലെ
സിന്ദൂരം മായിക്കുവാൻ
നന്നേ പാടുപെടുന്നു.
എന്തുപേരിട്ടു വിളിക്കുമവളെ
ഉത്ഘണ്ഠകൂടി വരുന്നു
ഇനിയും താമസിച്ചാൽ
കല്ലുകെട്ടി കടലിൽ താഴ്ത്തും.
കാശ്മീര കുങ്കുമം
നെറുകയിൽ ചാർത്തിയ
കരിവളയിട്ട കന്നി പെണ്ണവൾ.
കടൽത്തിര തഴുകി
തലോടിയപ്പോൾ പെണ്ണ്
പെട്ടന്ന് ഋതുമതിയായി.
ഋതുമതിയാകുമുമ്പവളുടെ
പട്ടടയൊരുക്കി കാത്തിരിക്കുന്നു
ആചാരമന്ത്രത്തിനനുസരിച്ച്.
ദേഹിയും ദേഹവും രൂപം
കൊള്ളുന്ന പേരുകൾ
പച്ചകുത്തിയ ധനാഢ്യത്തിൽ,
മോഹവല്ലികൾ പ്രാണനടർന്നു
ശംഖിലേജലത്തിൽ പുണ്യാഹ_
മാകുമ്പോൾ പുഷ്പങ്ങൾ
ആകാശമാകുന്നു.
അഗ്നി ജ്വലിപ്പിക്കുവാൻ
പെരുമ്പറ മുഴക്കി നാലുദിക്കും
കുഴലൂതി വിറകടുക്കുന്നു.
ഇരുട്ടിന്റെ ആത്മാവിൽ നിന്നും
സൂര്യൻ പുതുദിനത്തിന്റെ
മോഹ സഞ്ചാരത്തിൽ
ഒരപൂർവ,ദർശനമാകുന്നു.
