🖤♦️[6-6-2026 എന്ന വ്യതിരിക്ത തീയതിയിൽ കൈരളിയെ കണ്ണീരണിയിച്ച, പ്രിയ സുഹൃത്തും ചലച്ചിത്രതാരവുമായ ശ്രീ. സലിം കുമാറിന്റെ അകാല വിയോഗത്തിൽ മനംനൊന്തെഴുതിയ ചരമകാവ്യം ♦️- കവി അൻവർ ഷാ ഉമയനല്ലൂർ 🖤♦️

ചിരിമാഞ്ഞുപോയിന്നുദയമില്ലാതെയായ്,
കൈരളീതാരസ്മിതം മാഞ്ഞു പോകയായ്
സലിലാർദ്ര താളമായുണരുന്ന പൊൻചിരി
കരളിൽപ്പകർന്നുതന്നൊടുവിൽ യാത്രാമൊഴി.
സലിംകുമാറിൻ നർമ്മകൈരളിയിന്നിതാ,
കണ്ണീരണിഞ്ഞറിഞ്ഞീടുന്നു നിൻ വഴി
ഇരുളണിഞ്ഞില്ല കലാരമ്യമാം സ്മൃതി;
കാലമേ, മടങ്ങുകയിനിയില്ലതിൻ ശ്രുതി.
സുമസൗമ്യ ഭാവമായ് നിറയുന്ന നന്മുഖം
നിറകതിർപ്പോലെത്രകാലം തിളങ്ങി,യാ,
വെള്ളിത്തിരയി;ലിന്നോരോ മനസ്സിലും
തുളളിത്തുളുമ്പുന്നു കണ്ണീർക്കണങ്ങളായ്.
സമാനഹൃദയനേനറിയുന്നു നിൻഹിതം
സമരമ്യകാവ്യമായുണരുന്നുമെൻ പ്രിയം
കരൾമുറിഞ്ഞൊഴുകുന്നു നിൻ കലാജീവിതം
നീറുന്നു നയനാർദ്രമായൊരെൻ സ്മൃതിപഥം.
നീയെനിക്കാരെന്നതല്ലയിക്കരളിലായ്
കുടിയേറിയെത്ര കാലങ്ങൾക്കുമുന്നെയായ്
നിൻ,നിറകണ്ണുകൾക്കിടയിലൂടറിയുന്നു
കടവിൽ മറിഞ്ഞയാ,യഴലാർന്നതാം വിധി.
പിടയുന്നു ഹൃദയമേ, യാ,നർമ്മ നന്മുഖം
തുടിയറ്റുപോയതിന്നവസാന സ്പന്ദനം
വന്ദിച്ച കാലമേ, യാ,ഹൃദ്യസുസ്മിതം
നിലയ്ക്കയാലിന്നിതാ,യിരവിലായെന്മനം.
നിറയുന്നു, കണ്ണുകളല്ല,യെൻ കവിതകൾ
നിന്നു വിതുമ്പുന്നു പ്രിയസുകൃത സ്മരണകൾ
തൂലികയായിമാറുന്നെൻ കരൾ ത്തടം
മഷിവർണ്ണമാകുന്നതിന്നെന്റെ ചെന്നിണം.
നിന്നെ മറക്കുവതെങ്ങനെൻ പ്രിയസഖേ,
നിന്നു തുളുമ്പുന്നു മിഴിനീർക്കണം ദ്രുതേ,
സ്മൃതികളിലമരനായുണരും കലാത്മനേ-
യിടറുന്ന ഹൃദയാർദ്ര മൊഴിയിതെൻ സ്നേഹമേ…

🌹🖤🌹🖤🌹🖤🌹

By ivayana

Leave a Reply

Your email address will not be published. Required fields are marked *