രചന : യൂനസ് മണത്തല. ✍
സാക്ഷികളാരുമില്ലാത്ത പുലരിയിലും
പൂമൊട്ടിൻ മേനിയിൽ മഞ്ഞിൻ മുത്ത്
വീഴാതെ തൂങ്ങി നിന്നു
പ്രഭയുടെ സ്വർണവിരലുകൾ
മൃദുവായി തൊട്ടുണർത്തിയപ്പോൾ
മൊട്ടിതൾ മന്ദസ്മിതത്തോടെ മൊഴിഞ്ഞു
വീഴാതെ നിൽക്കേണ്ട വേളയല്ലിത്
വിരിയേണ്ട സമയമടുത്തിരിക്കുന്നു
മകരന്ദത്തിന്റെ മാധുര്യം തേടി
ഷട്പദങ്ങൾ ചിറകടിച്ചെത്തും
പരിമളത്തിന്റെ അദൃശ്യഗാനം
മാരുതന്റെ ചിറകിലേറി അലയും
കാണുന്ന ഹൃദയങ്ങളിൽ
കവിതകൾ ആയിരം വിരിയും
അതുകേട്ട് മഞ്ഞിൻ മുത്ത്
ഒരു നിമിഷം പുഞ്ചിരിച്ചു
സൂര്യകിരണത്തിൽ ലയിച്ചുകൊണ്ട്
അനന്തതയിലേക്ക് യാത്രയായി
അപ്പോൾ തിരിച്ചറിഞ്ഞു ഞാൻ
ശാശ്വതമല്ല വിരിയലിന്റെ വൈഭവം
മഞ്ഞിൻ മുത്തിനും പൂവിനും
വിധി എഴുതിയതൊന്നുതന്നെ
അസ്തമയസൂര്യന്റെ അരുണിമയിൽ
നശ്വരതയുടെ മന്ത്രം തെളിഞ്ഞുവരും
ധൂളിയുടെ ആദിഗർഭത്തിലേക്ക്
തിരികെ വിളിക്കുന്ന നിശ്ശബ്ദം കേൾക്കാം
ആ വിളിക്കൊടുവിൽ
ഞാനും വീണ്ടും മണ്ണിലേക്കു

