വണങ്ങുന്നു ദേവ
നിൻ മന്ദഹാസം
മറക്കില്ലൊരിക്കലും
നിൻ വീരേതിഹാസം.
വണങ്ങുന്നു ദേവി
നിൻ ചന്ദ്രഹാസം
മറവികൾ മൂടാത്ത
ചേതോ വികാരം.
തളരുമ്പോഴെന്നിൽ നീ
താങ്ങായി വന്നു
തളിരിലയായെന്നിൽ
കുളിരു പകർന്നു.
മധുരമാം വീഥികൾ
മഷിയിൽ കുറിച്ചിട്ടു
മൗനത്തിൻ മുഖപടം
അണിഞ്ഞു നീ നിന്നു.
വെളിച്ചം മായ്ക്കുന്നു
ഭീതി തൻ ഭാരം
വെയിലു കായാത്ത
ദുംഖത്തിൻ ഈണം.
പണ്ടെങ്ങോ പാടിയ
പാട്ടുകളെല്ലാം
നെഞ്ചിൽ നെരിപ്പോടായ്
മാറിയ കാലം.
നേർച്ചകൾ നേർന്നും
കാഴ്ചകൾ കണ്ടും
കനവുകളിൽ നീ
വന്നൊരു യാമം.
നനയുമ്പോഴൊരു
കുടയായ് നീ വന്നു
നറുമണമായെൻ
മൂർദ്ധാവിൽ തൊട്ടു.
മാറാല മൂടിയ
മകര നിലാവെ
മായ്ക്കാതിരിക്കുക നിൻ
സ്നേഹമാം തണല്.

By ivayana