(ഒരു ട്രെയിൻ യാത്രയിൽ കണ്ടുമുട്ടിയ,ചിരിച്ചുകൊണ്ട് തിക്ത ജീവിതം പറഞ്ഞ, ഏതോ സ്റ്റേഷനിൽ ഇറങ്ങി മറഞ്ഞ ഷൈജി ചേച്ചിക്ക് )

വേശ്യയുടെ ഹൃദയം
ഒരു ദേവാലയമാണ്.
തേടി വരുന്നവര്‍ക്കവള്‍
മാംസം വിളമ്പുന്നു,
ഓരോ ചുംബനവും വിലമതിക്കപ്പെടുന്നു.
ആ പഴകിയ പേഴ്സിലെ
നോട്ടുകള്‍ക്ക് പറയാന്‍
ഒരു വൃണിത ജീവിതത്തിന്‍റെ കഥയുണ്ട്,
ഭോഗിക്കപ്പെടുന്ന അരക്കെട്ടില്‍
കാലം വകഞ്ഞിട്ട പാടുകളുണ്ട്.
ഓരോ ദിവസവും
ഓരോ പേരാണവള്‍ക്ക്,
ഓരോ രൂപമാണവള്‍ക്ക്.
യൌവ്വനത്തിന്
ചുളിവുകള്‍ വരാതെ കാക്കുന്ന
ആയിരം പ്രാര്‍ത്ഥനകളുണ്ട്
അവള്‍ക്ക് ചുറ്റും.
കുമ്പസാരങ്ങള്‍
അഴുകുന്ന സീല്‍ക്കാരങ്ങള്‍ക്കിടയില്‍
മാഞ്ഞു പോകും,
മുലക്കണ്ണിന്‍റെ മസൃണത
കുഞ്ഞു ചുണ്ടുകളെ ഓര്‍മ്മിപ്പിക്കും.
ഓരോ ദിവസവും
ഗർഭപാത്രത്തില്‍ ചത്തൊടുങ്ങുന്ന
കുഞ്ഞുങ്ങളുടെ കോടതിയില്‍
ഒരിക്കല്‍ ശിക്ഷ വിധിക്കപ്പെടുമെന്ന്
അവള്‍ക്കുമറിയാം.

By ivayana