ഇന്നലെ എന്റെ ചിന്ത അഗ്നിയെപ്പറ്റിയായിരുന്നു. ഇന്ന് അത് ജലത്തെപ്പറ്റിയാണ്. ജലം വായു അഗ്നി ആകാശം ഭൂമി ഇതാണ് പഞ്ചഭൂതങ്ങൾ എന്നതു ഭാരതീയനായ ഏതു കൊച്ചുകുഞ്ഞിനും അറിയാവുന്നതായിരിക്കെ, ഇതിനെക്കുറിച്ചൊക്കെ ആധികാരികമായി പഠനങ്ങൾ നടത്തിയിട്ടുള്ള ആയുർവ്വേദ പണ്ഡിതന്മാരും വിചക്ഷണൻമാരുമൊക്കെയുള്ളിടത്ത് ഞാനീ ചിന്തിക്കുന്നതും എഴുതുന്നതുമൊക്കെ അധികപ്രസംഗം ആയേക്കാം. എന്നാലും എന്റെ ചിന്തകളിൽ വരുന്നവ എൻ്റെ വാളിൽ എഴുതിയിടുന്നത് മണ്ടത്തരമായാലും നല്ലതായാലും ഒരു ശീലമായതിനാലും ഞാൻ എഴുതട്ടെ…
പഞ്ചഭൂതം എന്ന് ഞാനിവിടെപ്പറഞ്ഞു. ഭൂതം എന്നാൽ കണ്ണുരുട്ടി നാക്കും നീട്ടി ദംഷ്ട്രകൾ കട്ടി നമ്മെ പിടിച്ചുതിന്നാൻ വരുന്ന ഭൂതമല്ല, മറിച്ചു ഇവിടെ ഭൂതം, ഭൂതകാലമാണ്. അതായത് നാമിന്നായിരിക്കുന്നതിനു മുന്നേയുള്ള പൂർവ്വാവസ്ഥ. അത് മണ്ണായും ജലമായും വായുവായും അഗ്നിയായും ആകാശമായും തന്നെയായിരുന്നു. ദ്രവാവസ്ഥയിൽ പിതാവിന്റെ ബീജനാളിയിലൂടെ മാതാവിൻറെ ഫലോപ്പിയൻ നാളിയിലൂടെ ഗര്ഭപാത്രത്തിലെത്തി അവിടെയുള്ള ജീവകണമായ അണ്ഡത്തെതുളച്ചുകയറി അതിനുള്ളിൽ കുടിയേറ്റംനടത്തി ഒൻപതുമാസത്തെ ജലതപംചെയ്തു പൂർണ്ണരൂപം വരിക്കുന്ന ജീവകണം അത്രയും കാലത്തു കഴിയുന്നത് ദ്രവത്തിലാണ്. ഒടുവിലാ കുടവും ഉടച്ചു പുറത്തുവരുമ്പോൾ ചെഞ്ചോരിവായ്‌പിളർന്നു കരയുമ്പോൾ ആദ്യമായി ആ ചുണ്ടിലേക്കുപകർന്നു തരുന്നതു ലോകത്തിലൊരു ശാസ്ത്രത്തിനും നിർമ്മിക്കാൻ കഴിയാത്ത പോഷകമൂല്യമുള്ള മാതൃത്വത്തിന്റെ സ്നേഹത്തിന്റെ പരമകാഷ്ഠയിലൂറി വരുന്ന ദുഗ്ദ്ധമാകുന്ന മധുരദ്രവമാണ്. ആദ്യ ശ്വാസത്തോടൊപ്പം അകത്തേക്കുപോകുന്ന ആ ജീവദ്രവത്തിൽ വളർച്ചയുടെ പരിപൂർണതയ്ക്കുള്ള ദിവ്യത്വം ഉണ്ട്. ഖരമായവ കഴിക്കാൻ തുടങ്ങുന്നതുവരെ ആ ദ്രവമാണ് നമുക്ക് അമൃതം ആകുന്നത് . മൃതിയിൽ നിന്നും നമ്മെ കാക്കുന്നത്. അതെ, ദ്രവം അല്ലെങ്കിൽ ജലം എന്നത് നമ്മുടെ ഉൽപ്പത്തിയ്ക്കു മുന്നേ നാമാകുന്ന ശരീരത്തിലേക്ക് പകരുന്ന ജീവൻറെ വാഹകനാകുന്ന ഭൂതകാലം എത്ര അത്ഭുതകരമായ ഘട്ടങ്ങളെയാണ് തരണം ചെയ്യുന്നത്. ഇവിടെ തലമുറകളുടെ പ്രവാഹം ജലത്തിലൂടെയാണ് സംഭവിക്കുന്നത്.
സയൻസ് പോലും പറയുന്നത് പ്രോട്ടോപ്ലാസം, ഏകകോശം , ബഹുകോശം , എന്ന ജലത്തിൽ ഉത്ഭവിച്ച പരിണാമമാണ്. ശൂന്യവും പാഴുമായിരുന്ന ജലവിതാനങ്ങളെ രണ്ടായിതിരിച്ചു ആകാശമായും സമുദ്രമായും വിഭജിച്ചു , സൂര്യചന്ദ്ര നക്ഷത്രാദികളെ സൃഷ്ടിച്ചു ജലത്തിൽ പരിവർത്തിച്ച ദൈവത്തിൻറെ ശക്തിയെ നാം ബൈബിളിൽ വായിക്കുന്നു. മത്സ്യത്തിൽ നിന്നും ഉത്ഭവിച്ചു പരിവർത്തനം ചെയ്യുന്ന മറ്റൊരു സിദ്ധാന്തം ഹൈന്ദവർ ഡാർവിന്റെ സിദ്ധാന്തത്തോട് ചേർത്തുവയ്ക്കുന്നു. എന്തുതന്നെയായിരുന്നാലും അവിടെയൊക്കെയും ജലമുണ്ട്. ആ ജലത്തിലാണ് ജീവന്റെ തുടിപ്പുകൾ ഉരുവംകൊണ്ടത്.
ഒരു വിത്ത് കിളിർത്തുവരണമെങ്കിൽ അതിനു മണ്ണിനോടൊപ്പം ജലം വേണം. സമീകൃതമായ താപം വേണം.വായുവേണം. അതിനു മുളച്ചുപൊന്താൻ ഒരു ആകാശം വേണം. ജലമാണ് ഇവിടെ ഭൂമിയെ ഫലഗർഭവതിയാക്കുന്നത്. വെള്ളമില്ലാത്തിടത്തു ശൂന്യതയും അജൈവതയുമാണ് വാഴുക.
ജലത്തിൽ ഹൈഡ്രജനും ഓക്സിജനും ഉണ്ട്. ഓക്സിജൻ അല്ലെങ്കിൽ പ്രാണവായു ജലത്തിലൂടെയും അന്തരീക്ഷത്തിലൂടെ നേരിട്ടുള്ള ശ്വസനത്തിലൂടെയും നമ്മലും ജീവജാലങ്ങളിലും എത്തുന്നു. ചാക്രികമായി ജലം സ്വീകരിച്ചു പ്രകാശസംശ്ലേഷണത്തിലൂടെ ഓക്സിജനെ പുറത്തുവിടുന്ന സസ്യങ്ങളും വൃക്ഷങ്ങളും ജീവസംതുലനത്തിനു കാവലാളായി മാറുന്നു . സമുദ്രത്തിൽ നിന്നും സൗരതാപത്തിൽ ബാഷ്പമാകുന്നജലകണം മേഘങ്ങളായി ആകാശത്തെത്തി ലവണമൊഴിവായി ഭൂമിയിലേക്ക്‌ വർഷമായി പതിക്കുമ്പോൾ ഭൂമിയുടെ ലവണത്വം കുറയുന്നു. അവൾ ഊർവ്വരതയെ സ്വീകരിച്ചു സൃഷ്ടിയുടെ പുനര്നിര്മ്മിതിക്കു തയ്യാറാകുന്നു. മണ്ണതു ഏറ്റുവാങ്ങി അധികമുള്ളതു പുഴയിലേക്ക് പകരുന്നു. പഴയതിനാൽ നിറയുമ്പോൾ അത് കടലിലേക്ക് ഒഴുകുന്നു. കടൽ അത് വായുവിലേക്ക് വീണ്ടും കൈമാറുകയാണ്. ജലയാനത്തിന്റെ ഈ ചാക്രികതയിൽ ജീവൻ ഇവിടെ സദാ നിലനിൽക്കുകയും ചെയ്യുന്നു.
ജലത്തിന് ശുദ്ധിചെയ്യാനുള്ള കഴിവുണ്ട്. ഒരു പൈപ്പിനു താഴെ അഴുക്കുപുരണ്ട കൈയുമായി നിൽക്കുമ്പോൾ തീർച്ചയായും നമുക്കൊരു പ്രത്യാശയുണ്ട്. അഴുക്ക് ഒഴുക്കിക്കളയുന്ന ജലത്തിന്റെ ശക്തിയിലാണ് അപ്പോൾ നമ്മുടെ പ്രത്യാശ. ഒരു വസ്ത്രം മുഷിയുമ്പോൾ നമ്മൾ സമീപിക്കുന്നത് ജലത്തെയാണ്. നമ്മുടെ ആന്തരിക അവയവങ്ങളെ നനച്ചുകൊടുക്കുമ്പോഴാണ് നമ്മുടെ ദാഹം തീർന്നു നമ്മുക്ക് പ്രവർത്തിക്കാനും ശരീരത്തിലെ ജീവനെ സംതുലനപ്പെടുത്താനും കഴിയുകയുള്ളൂ. ജലത്തിൻറെ ദൗര്ലഭ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരെ രോഗങ്ങൾ വിടാതെപിടിക്കൂടും. അത് ശുചിത്വക്കുറവിനു കാരണമാകുന്നു. നാം ജീവിക്കുന്ന നമ്മുടെ കേരളം ജലത്താൽ സമ്പന്നമാണെങ്കിലും ജലോപയോഗത്തിലും ജലസംരക്ഷണത്തിലും ലോകത്തിൽ ഏറ്റവും ഉദാസീനരാണ് നാം എന്നത് ഒരു പരമസത്യമാണ്.
ജലസ്രോതസ്സുകളെ അവയുടെ ഉത്ഭവസ്ഥാനത്തു തന്നെ മലിനപ്പെടുത്തുന്ന ഏറ്റവും ബോധരഹിതമായ കൃത്യവും പലവിധങ്ങളായ വിശ്വാസങ്ങളുടെ ആധിക്യത്താൽ നാം ചെയ്യുന്നുണ്ട്. സ്നാനഘട്ടങ്ങളിൽ വന്നുപതിക്കുന്ന ടൺ കണക്കിനു മാലിന്യങ്ങൾ നദികളിൽ ഏൽപ്പിക്കുന്ന ആഘാതം അതുകൊണ്ട് മുതലെടുപ്പ് നടത്തുന്നവർക്ക് വലിയകാര്യം അല്ലെങ്കിലും നമ്മുടെ തലമുറകളോടു നാം ചെയ്യുന്ന ഏറ്റവും വലിയപാതകം തന്നെയാണ്. ഗംഗയിലും മറ്റു പുണ്യ നദികളിലും പുണ്യം മോഹിച്ചു കത്തിച്ചും കത്തിക്കാതെയും നാം ശവശരീരങ്ങളും അവയുടെ അവക്ഷിപ്തങ്ങളും ഒഴുകുകയാണ്. നമ്മൾ പുണ്യം നേടി കടന്നുപോകുമ്പോൾ കവിപാടിയപോലെ ” ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ ജീവിതം അസാധ്യമാക്കുകയാണ് “. ഈ പാൻഡമിക് സമയത്ത് സോപ്പുപയോഗിച്ച് ലോകം കൈ കഴുകിയൊഴുക്കുകയാണ്. സമീപ ഭാവിയിൽ അതിൻ്റെ ഭയാനകമായ തിരിച്ചടി പ്രകൃതി നമുക്ക് തരാതിരിക്കട്ടെ. എന്തായാലും പ്രകൃതി നിർദ്ധാരണം ജീവൻ്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. പ്രകൃതി അതു ചെയ്യും. മനുഷ്യവംശവർദ്ധനവിനെ പ്രകൃതി തടയുകതന്നെ ചെയ്യും.
മനുഷ്യ ശരീരമാകുന്ന ഫാക്ടറിയെപ്പറ്റി ഒന്നു ചിന്തിക്കാം. ദാഹശമനത്തിനായി കുടിക്കുന്ന ജലം നമ്മുടെ ശരീരത്തിൽ എത്ര ദ്രവാവസ്ഥകൾ സൃഷ്ടിക്കുന്നുണ്ടെന്നു നോക്കൂ…
രക്തമായും, അശ്രുവായും, മൂത്രമായും, ശുക്ലമായും, ഉമിനീരായും, പഴുപ്പായും, വിയർപ്പായും, ദഹനരസങ്ങളായും അവസ്ഥാന്തരങ്ങളുടെ എത്രയെത്രഭാവങ്ങൾ. നമ്മളിൽ നിന്നും തലമുറകൾ പുറപ്പെട്ടത് ദ്രവമാധ്യമത്തിലൂടെയായിരുന്നു.
ജീവിതം തുടങ്ങുന്നത് ജലത്തിൽ നിന്നുമാണെങ്കിൽ, ജീവിതാവസാനം ഒരിറ്റു നീരിനായ് വായ് പിളർന്ന് അവസ്സാന ശ്വാസമെടുക്കുവോളം ജലം നമുക്കൊപ്പമുണ്ട്. അഗ്നിക്കിരയായില്ലെങ്കിൽ തുളച്ചുകയറുന്ന രൂക്ഷഗന്ധത്തോടെ ശരീരം വിട്ട് ജലം ഒഴുകിയിറങ്ങും. മണ്ണിനെ മണ്ണിലേല്പിച്ച് ഭൂമിയിൽ അത് വിലയം പ്രാപിക്കും, അടുത്തൊരു തരുവിനോ, ജീവിക്കോ സൃഷ്ടിയുടെ പാത്രമാകാൻ.
ജലം, പവിത്രമായിരിക്കട്ടെ
അപ്പോഴെ ജനം പവിത്രരാകൂ…
ജീവിതം സ്വച്ഛമാകൂ, നമ്മോടൊപ്പം ജീവിക്കുന്ന ജീവജന്തുക്കളുടെ ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുക്കാതെ , ജലത്തെ ധ്യാനപൂർവ്വം കൈകാര്യം ചെയ്തു ജീവിക്കാം….

അജിത്ത് ആനാരി

By ivayana