രചന : അൻവർ ഷാ ഉമയനല്ലൂർ✍️
മനക്കൂടിനുള്ളിൽക്കുറുകുന്നു, തൽക്ഷണം-
ചിറകടിച്ചുയരുന്നു മോഹപ്പറവകൾ
ചിരിതൂകി നിൽക്കുന്നുണർവ്വിൻ ശലഭങ്ങൾ
മധുപകർന്നേകുന്നുഷസ്സിൻ പ്രതീക്ഷകൾ.
കരളിൽത്തുളുമ്പുന്നഴകാർന്ന തുള്ളികൾ;
താഴെവീണുടയാനിടയുള്ള കനവുകൾ
മഹനീയ ചിന്താ ദളങ്ങളിൽ നിറയുകിൽ-
മാത്രമേ, മധുരം പകരുള്ളു പുലരികൾ.
വിരഹകാലങ്ങൾപോൽ നുകരുന്നു ചിന്തനം
ചിരിമാഞ്ഞുപോകുന്ന മലരിൻ പുലർ മനം
തിരികെ നൽകുന്നില്ലയെങ്കിലും പല വിധം
വിടരുന്നു തളിരിളം പുലരികൾ പിന്നെയും.
മോഹമില്ലാതു ലകിലുണരില്ല ഭാഗ്യകം
ദാഹനീർത്തുള്ളിപോൽത്തേടുന്നു മർത്യകം;
തിരപോലുണർത്തുന്നതിൻ വേഗജീവിതം
തിരയടങ്ങീടുകിൽ കരയില്ലനനന്തരം.
ചിരിതൂകി നിൽക്കുകിൽ താനേയടുക്കുന്നു
മിഴി തുളുമ്പീടു കിൽ പിൻതിരിഞ്ഞ കലുന്നു
മോഹമേ, നിൻ പ്രകൃതമീവിധം പകരുന്ന
ബന്ധുജനങ്ങളാലറിയുന്നു നിൻ പ്രിയം.
ദാഹിച്ചുപോകുന്നുദയാർദ്ര ചിന്തകം
ദാനമായ് നൽകില്ലതിൻ രമ്യ വാനിടം
തേടുന്നതാകിലേ നേടുള്ളു, പാരിടം-
പകരുന്നതില്ലേ യതിൻ മൂല്യമാം വരം.
മോഹച്ചിറകിനാലുയരാൻ ശ്രമിക്കുക
മഹിയിലേക്കൊടുവിൽ മടങ്ങുമെന്നറിയുക
സഹജീവികൾക്കിടയിലുണരുവാനാകിലേ,
പുലരിപോലുയരുനിൻ മോഹന സ്മരണകൾ.
തിലകമാകട്ടെ നിന്നോരോ പ്രതീക്ഷയും
തിങ്കളാകട്ടെ,നിന്നാരമ്യ വദനവും
കരിമേഘപാളികൾക്കിടയിൽ നിൽക്കുമ്പോഴു-
മഴകോടെ പകരട്ടെയാർദ്ര മന്ദസ്മിതം.
ശുഭരമ്യമാകില്ലയോരോ കിനാക്കളും
ശലഭമനമേകുന്നു സഹനീയ ചിന്തയും
മന്ദസ്മിതങ്ങൾപ്പകരുന്ന ഹൃത്തിലും
പൂന്തേൻ നിറഞ്ഞിരിപ്പില്ലെന്നറിയണം.
തളരേണ്ടതല്ലയിന്നതിരമ്യ ചിന്തയാൽ
താരിളം പൂക്കൾ പ്രതീക്ഷിക്ക സാദരം
മോഹസ്മിതങ്ങളാൽമാത്രമേ, കരളിലായ്
പകരുള്ളു പരിപൂർണ്ണ പുലരിതൻ സുസ്മിതം…

