വാക്കുകൾ വാക്യങ്ങളാവാതെ തന്നെ വാചാലമാകുന്ന ചില സന്ദർഭങ്ങൾ കവിതകൾക്ക് വല്ലാത്ത ഒരുണർവാണ്. ഏതു കാലത്തെ മലയാള കവിതയും ഇതു നന്നായി കാട്ടിത്തന്നിട്ടുമുണ്ട്.ശ്രീമതി. ഇസബെൽ ഫ്ലോറയുടെ ‘ശൂന്യത’യെന്ന കവിത വാക്കുകൾ മാത്രമായിക്കൊണ്ടു തന്നെ വാചാലമാകുന്ന ഒന്നാണ്.അളവ്, അടയാളം,,അക്കം,വാക്ക് എന്നീ വാക്കുകളിലൂടെയാണ് ‘ശൂന്യത’ കവിതയെന്നർത്ഥത്തിൽ അതിൻ്റെ നിലപാട് വ്യക്തമാക്കുന്നത്.ജീവിതത്തെ കവി കവിതയിലൂടെ തിരിഞ്ഞും പിരിഞ്ഞും നോക്കുകയാണ് ചെയ്യുന്നത്.പിടിയിലൊതുങ്ങാത്തതല്ല ജീവിതം,എന്നല്ല; ഇസബെൽ ഫ്ലോറ പറയുന്നതെങ്കിലും അതിൻ്റെ ഭാവ തലങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കുന്നുണ്ട്.അതാണ് ശൂന്യതയെന്ന വാക്കിൻ്റെ പ്രസക്തി.അതുതന്നെയാണ് ഇതിലെ മികച്ച കവിതയും.

                  സന്തോഷ്. എസ്. ചെറുമൂട്.
……………….                                               …….. ..

                           ശൂന്യത……. ഇസബെൽ ഫ്ലോറ.

ശൂന്യതയൊരളവാണ്,
ഒന്നുമില്ലാത്തതിന്റെ 
ആര്‍ഭാടത്തെയളക്കുന്ന
വളഞ്ഞു പോയോരളവ്

ശൂന്യതയൊരടയാളമാണ്
അകത്തുനിന്നും 
പുറത്തു നിന്നും
കൈമാറ്റങ്ങളില്ലെന്നു
 ഓര്‍മിപ്പിക്കുന്ന 
ചുറ്റടയാളം 

ശൂന്യതയൊരക്കമാണ് 
കൂട്ടിയാലും  കുറച്ചാലും 
കൂടെ നില്‍ക്കുന്നതിനു 
സ്ഥിരത നല്‍കുന്ന 
എണ്ണത്തില്‍ പെടാത്തയക്കം

ശൂന്യതയൊരു  വാക്കാണ് 
പറഞ്ഞതിനും 
പറയാത്തതിനുമപ്പുറം
”പൂജ്യ” മായിപ്പോയ 
വികാരങ്ങളുടെ 
മാപ്പെഴുതിയ വാക്ക് …,!

By ivayana