രചന : സുമംഗല സാരംഗി✍️
പാരായണ ഭാഗം,
യുദ്ധകാണ്ഡം ആരംഭം മുതൽ,
ആശരവംശവിനാശം വരുംമുമ്പേ
ദശരഥിയെ ശരണം ഗതോസ്മി ഞാൻ
എന്നു വരെ’.
നാരായണ! ഹരേ !നാരായണ! ഹരേ!
ശാരികപ്പൈതലിൻ കൊഞ്ചലിൽ വിരിയുന്ന രാമായണകഥാപുഷ്പത്തിൻ സുഗന്ധം നുകർന്നാസ്വദിയ്ക്കുന്ന ശ്രീപരമേശ്വരനും ഉമയും രാമരാവണയുദ്ധ ഭാഗം ശ്രവിക്കുവാൻ ആമോദ ചിത്തരായി , ചന്ദ്രികാ മന്ദസ്മിതം തൂകി മരുവുന്നു.
ലങ്കാദഹനം കഴിഞ്ഞ് ഹനുമാൻ തിരിച്ചെത്തുന്നു. പവനപുത്രൻ്റെ വിജയ കഥ കേട്ട് ആനന്ദമത്തനായ രാമൻ ഹനുമാനെ മാറോടണച്ചു പുൽകി, ദേവൻമാർ പോലും അസാധ്യമായൊരു കൃത്യം നിർവ്വഹിച്ചു കൊണ്ട് ഹനുമാൻ ചെയ്ത വീരകൃത്യം മറ്റൊരിടത്തും ഒരു സേവകനും ചെയ്കയില്ല എന്നു പറഞ്ഞ്,
ലങ്കയെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു.
“നക്ര മകരചക്രാദി പരിപൂർണ –
മുഗ്രമായുള്ള സമുദ്രം കടന്നു പോയ്,
എന്നു തുടങ്ങി വഴിയിൽ നേരിട്ട വിഘ്നങ്ങളും അവയൊക്കെ തരണം ചെയ്തതും അതിനായി ചെയ്ത
വീര കൃത്യങ്ങളും, ലങ്കയിലുണ്ടായ നാശനഷ്ടങ്ങളും വിവരിക്കുന്നു മലമുകളിലെ വാജിവാരണ സമ്പൂർണ്ണമായ ലങ്കയെക്കുറിച്ച് ഹനുമാൻ വർണ്ണിക്കുന്നുണ്ടിവിടെ ! ലങ്കയുടെ എല്ലാ കിടങ്ങുകളും കോട്ടകൊത്തളങ്ങളും ഞാൻ തകർത്തിട്ടുണ്ട്. ലങ്കയുടെ ഏറിയ ഭാഗവും ഞാൻ നശിപ്പിച്ചിട്ടുണ്ട്. എന്നാലും ഞാൻ ഒരവിവേകം പ്രവർത്തിച്ചു എന്നും പറയുന്നുണ്ട്. രാവണൻ്റെ ഇളയ പുത്രനായ അക്ഷകുമാരനെ കൊല്ലേണ്ടി വന്നതിൽ ദുഃഖം പ്രകടിപ്പിക്കുന്നു.
ഒടുവിൽ രാമൻ പറഞ്ഞു,
‘ഇനി സമുദ്രതരണം നടക്കട്ടെ.
മാർഗ്ഗനിരീക്ഷണത്തോടെ നീലൻ മുന്നിൽ നിന്നു പടനയിക്കട്ടെ! ഫലമലെ സമൃദ്ധിയും ജലവാഹിനികളുമുള്ള മലനിരകളിലൂടെ നീങ്ങട്ടെ.! ജാംബവാനും സുഷേണനും പിന്നിൽ സംരക്ഷകരായിരിക്കണം. ഹനുമാൻ്റെ തോളേറി താനും അംഗദൻ്റെ തോളേറി ലക്ഷ്മണനും നടുവിലുണ്ടാകും.
ഒടുവിലവർ ദക്ഷിണ സമുദ്രതീരത്തെത്തി. സൂര്യൻ അസ്തമിക്കാൻ തുടങ്ങി. അനന്തമായിക്കിടക്കുന്ന സമുദ്രം കണ്ട് വാനരസൈന്യം ഭീതി പൂണ്ടു. ചിന്താപരവശൻമാരായി കപിവൃന്ദം രാമലക്ഷണൻ മാർക്കു ചുററുമിരുന്ന് ആലോചനയിലാണ്ടു.
ചന്ദ്രൻ ഉദിച്ച് നിലാവെട്ടം പരന്നപ്പോഴും രാമൻ സീതയെ കുറിച്ച് വളരെ വ്യഥയോടെ ഓർക്കുകയാണ്.
അപ്പോഴും എഴുത്തച്ഛൻ പറയുകയാണ്
“ദുഃഖഹർഷഭയക്രോധ ലോഭാദികൾ
സൗഖ്യ മദമോഹകാമജന്മാദികൾ
അജ്ഞാനലിംഗത്തിനുള്ളവയെങ്ങനെ
സുജ്ഞാനരൂപനായുള്ള ചിദാത്മനി
സംഭവിക്കുന്നുവിചാരിച്ചു കാൺകിലോ
സംഭവിക്കുന്നിതു ദേഹാഭിമാനിനാം കിംപരമാത്മനി സൗഖ്യദുഃഖാദികൾ
സപ്രസാദത്തിങ്കലില്ല രണ്ടേതുമേ.’
അജ്ഞാനികളായ സാധാരണജനങ്ങൾക്കാണ് ദുഃഖവും സന്തോഷവും കാമക്രോധലോഭമോഹാദികളും സൗഖ്യദമോഹ കാമജന്മാദികളും ഒക്കെ ഉണ്ടെന്നു തോന്നുന്നത്. ചിദാത്മാവും ജ്ഞാന സ്വരൂപനുമായ സാക്ഷാൽ വിഷ്ണുഭഗവാനെ ഇവയൊന്നും ബാധിക്കുകയില്ലെന്ന് വിവക്ഷിക്കുകയാണിവിടെ. രാമൻ ഒരു പുരുഷൻ ആയതു കൊണ്ട് ഇത്തരം സന്ദർഭങ്ങളിൽ മാനുഷികമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നു.
ലങ്കയിലുണ്ടായ സംഭവവികാസങ്ങൾ രാവണൻ തൻ്റെ മന്ത്രി പ്രമുഖരുമായി ചർച്ച ചെയ്യുന്നു. രാവണൻ്റെ വരബലത്തേയും ഗുണഗണങ്ങളെയും വാഴ്ത്തിപ്പാടി രാക്ഷസൻമാർ രാവണൻ്റെ ആശങ്കയകറ്റുന്നു.
തുടർന്ന് രാവണൻ സഹോദരൻമാരായ കുംഭകർണ്ണൻ്റെയും വിഭീഷണൻ്റെയും അഭിപ്രായമാരായുകയാണ്. രാമലക്ഷ്മണൻമാർ വാനരസൈന്യസമേതം ലങ്ക ആക്രമിക്കാനെത്തുമെന്ന
വൃത്താന്തമറിഞ്ഞ് കുംഭകർണ്ണൻ കോപാകുലനായി രാവണനെ ഉപദേശിക്കുന്നു!
വേണ്ട വിധത്തിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്ന രാജാവിന് പിന്നീട് ദു:ഖിക്കേണ്ടി വരില്ല . രാമൻ്റെ മുമ്പിൽ അകപ്പെട്ടാൽ അങ്ങേയ്ക്ക് ഒരിക്കലും ജീവൻ തിരിച്ചു കിട്ടില്ലെന്നത് നിശ്ചയമാണ്.
രാമൻ കേവലം ഒരു മനുഷ്യനല്ലെന്നും സാക്ഷാൽ മഹാവിഷ്ണുവിൻ്റെ അവതാരവും സീത, ലക്ഷ്മീദേവിയുടെ അവതാരവുമാണെന്നും ആയതിനാൽ അങ്ങ് സീതയെ തിരികെ നൽകി, രാമനെ സേവിച്ച് കഴിയുന്നതാണ് നല്ലത് എന്നൊക്കെ പറയുന്നുണ്ട്. അങ്ങ് ചെയ്യുന്ന ഈ പ്രവൃത്തികൊണ്ട് മുഴുവൻ രാക്ഷസൻമാർക്കും നാശം ഭവിക്കും.
എത്രയൊക്കെ ഉപദേശിച്ചിട്ടു രാവണൻ ചെവിക്കൊള്ളുന്നില്ല.
ഇന്ദ്രജിത്തും പിതാവിൻ്റെ ഇംഗിതത്തിനൊത്ത് യുദ്ധത്തിന് തയ്യാറാകുകയായി നിൽക്കുന്നു.
അടുത്തതായി വിഭീഷണനെ കാണുന്ന സന്ദർഭത്തിൽ ,
വിഭീഷണൻ എല്ലാ ആദരവോടും കൂടി ജ്യേഷ്ഠനെ നമസ്ക്കരിച്ചതിനു ശേഷം,ഉപദേശ രൂപേണ പറയുന്നുണ്ട്, ശ്രീരാമൻ അങ്ങ് കരുതുന്നതു പോലെ ഒരു മനുഷ്യനല്ല. പല കാലങ്ങളിലായി ധർമ്മത്തിന് ഗ്ലാനി സംഭവിച്ചിട്ടുള്ളപ്പോഴെല്ലാം അവതാരമെടുത്ത് ശത്രു നിഗ്രഹം നടത്തി ലോകത്തിൽ ധർമ്മം പുന:സ്ഥാപിച്ച സാക്ഷാൽ ഭഗവാൻ മഹാവിഷ്ണുവിൻ്റെ അവതാരമാണ്. ഇന്ന് ദശരഥ പുത്രനായി അവതരിച്ചിട്ടുള്ളത് അങ്ങയുടെ നിഗ്രഹത്തിനു വേണ്ടിയെന്നറിയുക!
പിന്നെ എന്തിന് ഇങ്ങനെ പറയുന്നുവെന്ന് ചോദിച്ചാൽ,
“സേവിപ്പവർക്കഭയത്തെക്കൊടുപ്പോരു
ദേവനവൻ കരുണാകരൻ കേവലൻ
ഭക്ത പ്രിയൻ പരമൻ പരമേശ്വരൻ ഭുക്തിയും മുക്തിയും നൽകും ജനാർദ്ദനൻ
ആശ്രിതവത്സലനംബുജലോചന –
നീശ്വരനിന്ദിരാ വല്ലഭൻ കേശവൻ
ഭക്തിയോടും നിൻ തിരുവടി തൻപദം
നിത്യമായ് സേവിച്ചു കൊൾകമടിയാതെ”
മൈഥിലിയെ കൊണ്ടുപോയ് കൊടുത്തിട്ട് ആ പാദാംബുജത്തിൽ നമസ്ക്കരിച്ച് രക്ഷിയ്ക്കെന്നു ചൊല്ലിയാൽ അങ്ങ് ചെയ്ത എല്ലാ അപരാധങ്ങളും പൊറുത്ത് അങ്ങയെ രക്ഷിയ്ക്കുന്ന മഹാനുഭാവനാണ് ശ്രീരാമൻ.
ശ്രീരാമനെക്കുറിച്ചുള്ള സഹോദരൻ്റെ സ്തുതിവചനങ്ങൾ കേട്ടപാടെ രാവണൻ ക്രുദ്ധനാകുന്നു. ഇങ്ങനെ പറയുന്ന നീ എനിക്ക് സഹോദരനല്ല ശത്രുവാണെന്നും എനിക്ക് ആപത്ത് വരുത്തുന്നതും ഭഗവാൻ തന്നെയാകുമ്പോൾ രാമനെ ആശ്രയിച്ചാലും അതെങ്ങനെ ഒഴിഞ്ഞു പോകാനാണ്? നീ പോയി രാമനെ സേവിച്ചു കൊൾക, ഇല്ലെങ്കിൽ നീ എൻ്റെ ചന്ദ്രഹാസത്തിന് ഇരയായിടും എന്ന് ആക്രോശിക്കുന്നു.
അങ്ങെനിക്ക് താതതുല്യനാണ്,
ജ്യേഷ്ഠൻ്റെ പാദങ്ങൾ നമസ്ക്കരിച്ചിട്ട്, എനിക്കിനിയെന്നും രാമപാദങ്ങൾ തന്നെയാണശ്രയം അങ്ങ് പുത്രകളത്രാദികളോടൊത്ത് സസുഖം വാഴുക ,എന്നു പറഞ്ഞ് വിഭീഷണൻ പുറപ്പെടുന്നു.
‘വിനാശകാലേ വിപരീതബുദ്ധി ‘എന്നു
പറയുന്നതുപോലെ, ആരെല്ലാം ഉപദേശിച്ചിട്ടും രാവണന് സൽബുദ്ധി തോന്നാത്തത്, വിധിവിഹിതം തന്നെയാണല്ലോ..! ദുഷ്ടനിഗ്രഹം അവതാരലക്ഷ്യമാകുമ്പോൾ രാമനാൽ രാവണൻ വധിക്കപ്പെടണമെന്നത് പരമാർത്ഥം നടപ്പിലായേ മതിയാകൂ.. അതിനൊരു ഹേതുവാകാൻ വിധിക്കപ്പെട്ടത് സാക്ഷാൽ ലക്ഷ്മീദേവിയായ ജാനകിയും….!
എത്രവലിയവനായാലും ജീവിതത്തിൽ,
നിർണ്ണായകമായ ഒരു തീരുമാനമെടുക്കേണ്ടി വരുന്ന സന്ദർഭമുണ്ടാകുമ്പോൾ, അഭ്യുദയകാംക്ഷികളായിട്ടുളള പലരുടെയും അഭിപ്രായം ഏകമാണെങ്കിൽ, ആ തീരുമാനം ഒരു പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും എന്ന ഒരു സന്ദേശം , ഇവിടെ മനസ്സിലാക്കണം.
ഹരേ രാമ🙏

