രാത്രി പെയ്യാൻ തുടങ്ങുമ്പോൾ
നഗരം പതുക്കെ ഉറക്കത്തിലേക്ക് ചായും.
​പക്ഷേ,
ശവപ്പറമ്പിന് ഉറക്കമില്ല.
​അവിടെ ചില രാത്രികൾക്ക്
മരണത്തേക്കാൾ വലിയ
നിശ്ശബ്ദതയുടെ കനമുണ്ട്.
​ദൂരെ നിന്നൊരു ആംബുലൻസ്
ചുവന്ന വെളിച്ചം കറക്കിക്കൊണ്ട്
വന്ന് നിലവിളിയോടെ നിൽക്കും.
​വാതിൽ തുറക്കും.
​ആരുടെയോ ഓർമ്മകൾ
വെളുത്ത തുണിയിൽ പൊതിഞ്ഞ്
പുറത്തിറങ്ങും.
​വന്നവർ
പേര് പോലും ചൊല്ലാതെ
തിരിഞ്ഞുനടക്കും.
​ആരും കാത്തുനിൽക്കാനില്ലാത്തവരുടെ
അവസാന യാത്രകൾ
എത്തിച്ചേരുന്നത് ഇവിടെയാണ്.
​ചില ശവങ്ങൾക്ക്
കരയാൻ ഒരു അമ്മയുടെ നെഞ്ചില്ല.
​ചിലതിനായി
വിങ്ങിപ്പൊട്ടാൻ ഒരു ഭാര്യയില്ല.
​ചിലരുടെ പേരറിയാൻ പോലും
ഒരു മകൻ ഈ ഭൂമിയിലില്ല.
​മറ്റൊരു ചിലരുടെ മരണവാർത്ത
ആരുടെയും ഫോണിൽ
തുറക്കപ്പെടാത്ത സന്ദേശമായി ശേഷിക്കും.
​ശവപ്പറമ്പിന്റെ ഒരു മൂലയിൽ
ഒരു മനുഷ്യൻ മാത്രം…
​അവന്റെ നിയോഗം
മരിച്ചവരെ
അവസാനമായി മനുഷ്യരാക്കുക എന്നതാണ്!
​തീ കൊളുത്തുന്നതിന് മുൻപ്
അവൻ ഓരോ മുഖത്തേക്കും നോക്കും.
​എന്നിട്ട് പതുക്കെ ചോദിക്കും:
“നിനക്കായി
ആരെങ്കിലും വരുമോ?”
​മറുപടിയില്ല.
​അവൻ വീണ്ടും ചോദിക്കും:
“നിന്റെ പേര്
ആരെങ്കിലും ഓർക്കുന്നുണ്ടോ?”
​ശൂന്യമായ നിശ്ശബ്ദത!
​അവൻ തീ പകരും.
​തീജ്വാലകൾ ഉയരുമ്പോൾ
അവന്റെ കണ്ണുകളിൽ പടരുന്നത്
പുകയാണോ
അതോ ഓർമ്മകളുടെ ചാരമാണോ എന്ന്
ആർക്കും തിരിച്ചറിയാൻ കഴിയില്ല.
​അന്നൊരിക്കൽ,
കത്തിക്കൊണ്ടിരുന്ന ഒരു ശവം
അവനോട് സംസാരിച്ചതായി
അവൻ പിന്നീട് പറഞ്ഞിട്ടുണ്ട്.
​”എന്നെ എരിച്ചുകളയുന്നത്
നിന്റെ ജോലിയാണോ?”
​അവൻ പറഞ്ഞു:
“അതെ…”
​”എങ്കിൽ,
എന്റെയീ അവസാന ആഗ്രഹം
നീ നിറവേറ്റുമോ?”
​അവൻ തലകുനിച്ചു.
​ആ ശവം പറഞ്ഞു:
“ഞാൻ മരിച്ചപ്പോൾ
എന്നെത്തേടി ആരും വന്നില്ല.
എങ്കിലും…
ഒരിക്കലെങ്കിലും എന്റെ പേര്
ഒരാൾ സ്നേഹത്തോടെ വിളിക്കണം…”
​ആ മനുഷ്യൻ
തീയുടെ അരികിലിരുന്നു.
അവന്റെ ചുണ്ടുകൾ വിറച്ചു.
​ആ ശവത്തിന്റെ പേര്
അവന് അറിയില്ലായിരുന്നു.
​അതുകൊണ്ട്
അവൻ വിളിച്ചു:
​”മോനേ…”
​ആ ഒരു വാക്ക് അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ,
അവന്റെ കണ്ണിൽ നിന്ന്
പൊടിഞ്ഞ ഒരു തുള്ളി കണ്ണീർ
എരിയുന്ന തീയിലേക്ക് വീണു.
​ആ രാത്രി
ചിതാഗ്നി അണഞ്ഞിട്ടും
ശവപ്പറമ്പിൽ നിന്ന്
പുക ഉയർന്നുകൊണ്ടിരുന്നു.
​അത് കേവലം ഒരു ശവത്തിന്റെ പുകയായിരുന്നില്ല;
ഒരിക്കൽ ആരുടെയോ പ്രിയപ്പെട്ട മകനായിരുന്ന
ഒരു മനുഷ്യന്റെ
അനാഥത്വത്തിന്റെ പുകയായിരുന്നു!
​പിറ്റേന്ന് രാവിലെ
വീണ്ടും ആംബുലൻസുകൾ വന്നു.
വീണ്ടും ശവങ്ങൾ ഇറക്കപ്പെട്ടു.
വീണ്ടും വന്നവർ
തിരിഞ്ഞുനോക്കാതെ മടങ്ങി.
​പക്ഷേ,
ആ മനുഷ്യൻ മാത്രം
ഓരോ ശവത്തോടും
അതേ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു:
“നിന്നെ അവസാനമായി
സ്നേഹത്തോടെ വിളിക്കാൻ
ആരെങ്കിലും ഉണ്ടോ?”
​ഒടുവിൽ…
ഒരു ദിവസം
അവൻ തന്നെയും
അതേ ശവപ്പറമ്പിലെത്തി.
​അവനെ ചുമന്നുവന്ന ആംബുലൻസിന്
പിറകെ
കരഞ്ഞുകൊണ്ട് വരാൻ
ആരും ഉണ്ടായിരുന്നില്ല.
​അവന്റെ ശരീരം
തീയുടെ മുന്നിൽ വെക്കപ്പെട്ടു.
​ജീവിതം മുഴുവൻ
അന്യരുടെ മരണത്തിന്
അവസാന ചൂട പകർന്നുനൽകിയ മനുഷ്യന്,
സ്വന്തം മരണത്തിൽ
ഒരു വിളിപ്പേര് പോലും ഉണ്ടായിരുന്നില്ല!
​അപ്പോൾ…
അവിടെ ആഞ്ഞടിച്ച കാറ്റ് മാത്രം
അവന്റെ കാതിൽ പതുക്കെ മന്ത്രിച്ചു:
​”മോനേ…”
​ജീവിതകാലം മുഴുവൻ
കേൾക്കാൻ കാത്തിരുന്ന ആ ഒരു വാക്ക്,
അവസാനം
ആ ശവപ്പറമ്പ് തന്നെ
അവന് സമ്മാനിക്കുകയായിരുന്നു.
​അന്ന്
ആ ശവപ്പറമ്പിൽ
ഒരു ശരീരം മാത്രമല്ല കത്തിയത്;
മനുഷ്യർ
മനുഷ്യരെ മറന്നുപോകുന്ന
ഒരു കാലം മുഴുവനാണ്
അവിടെ വെന്തെരിഞ്ഞത്!

ബദറുദീൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *