ഒരു കുളിർത്തെന്നലാ-
യോർമ്മതൻ ചില്ലയിൽ
മെല്ലെത്തലോടിക്കടന്നുവന്നീ,ദിനം
ചെല്ലച്ചെറു കാറ്റിലെന്റെയാ, ബാല്യകം
ഉല്ലസിച്ചാനന്ദ മധു നുകർന്നാ, ദിനം
മുല്ലച്ചെടികളിൽ പൂവിരിഞ്ഞെത്തുന്ന
വല്ലിപോലെന്നെത്തലോടിയ സുസ്മിതം
ഉല്ലാസകവിതയായറിയുന്നതിൻ സുഖം
പ്രിയപെങ്ങളായിപ്പിറന്നയാ, നന്മനം.
വല്ലിക്കുടിലുപോലുള്ള ഗൃഹത്തില-
ന്നുത്സാഹ,യുന്മേഷ വത്സരം ദുർല്ലഭം
ചൊല്ലിപ്പറഞ്ഞു പഠിച്ച പാഠങ്ങൾ ഞാൻ
മെല്ലെക്കവിതയായ്ച്ചൊല്ലിയാ,ക്കാതിലും.
തെല്ലുവളർന്നുണർന്നഴകിൻ നവസ്മിതം;
ഉല്ലാസ പറവകളായന്നു നിർണ്ണയം
നല്ല വസന്തമായെന്നിൽ ലയിച്ചു ചേർ-
ന്നല്ലികൾ നൽകിഞാനോ റഞ്ചിലൽപ്പവും.
സുല്ലിട്ടയെത്ര കളികൾ,ക്കവിതകൾ
ചെല്ലച്ചെറുകാറ്റുപോലെന്റെ നന്മകൾ
ഇല്ലയിന്നാരമ്യ വനികയിൽ പുലരികൾ
കണ്ണീരണിയിച്ചകന്നുപോയ് നല്ലവൾ.
മെല്ലെത്തൊടുന്നില്ലെ കാലമേ, നിൻ കവിൾ
കണ്ണീരണിഞ്ഞില്ലെയിന്നീപ്പുലരിയിൽ
ഇല്ലയെന്നാലുമെന്നോർമ്മതൻ കല്ലിനാൽ
അമ്മാനമാടുന്നുണരാത്ത പൊ,ന്മകൾ.
അല്ലലാലല്ല,യെൻ മിഴിനീർ മണികളായ്
പൊഴിയുന്നതാണിന്നു വല്ലഭേ, യീപ്പകൽ
എത്ര വർണ്ണങ്ങളായ് പെയ്തിരുന്നന്നു നീ-
യുല്ലാസകാലമേ,യോരോ വസന്തമായ്.
പുല്ലുമേഞ്ഞെങ്കിലുമുള്ളിൽക്കുളിരുമായ്
മെല്ലെത്തലോടി,ത്തഴുകിയാ,ക്കിളിമകൾ
കണ്ണേ,യുണരാത്ത കാഴ്ചയാണെങ്കിലും
ഇല്ല,മായില്ല നിൻ സ്മരണാർദ്ര കവിതകൾ
ആലാപനാമൃതമേകുന്നതില്ലയി-
ന്നാർദ്രമാം നിൻസ്വരമുണരുന്നയീ,ദിനം.

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *