രചന : എം പി ശ്രീകുമാർ ✍️
മനുഷ്യനിപ്പോൾ സാധാരണ അങ്ങനെയാണ്.
കയറേണ്ടുന്ന ഉയർച്ചകളും
ഇറങ്ങേണ്ടുന്ന താഴ്ചകളും
അവൻതന്നെ കണ്ടെത്തുന്നു.
പറക്കേണ്ടുന്ന ആകാശങ്ങളും
പതിയ്ക്കേണ്ടുന്ന ഗർത്തങ്ങളും
അവൻതന്നെ കണ്ടെത്തുന്നു.
ഗർത്തങ്ങളിലേയ്ക്കുള്ള പതനം
ഒഴിവാക്കാനാകുന്നില്ല
എന്നതാണ് അവന്റെ ദൗർബ്ബല്യം.
ലോഭത്തിന്റെ അഗ്നിനാളങ്ങളിലേയ്ക്ക്
പറന്നടുക്കുന്ന ചിറകുകളെ
അവന് നിയന്ത്രിക്കാനാകുന്നില്ല.
എന്നാൽ
അങ്ങനെയല്ലാത്ത അവസ്ഥകളും
എപ്പോഴുമുണ്ട്.
അവ മിക്കവാറും
ശാന്തവും സൗമ്യവുമായിരിയ്ക്കും.
അവ പ്രകൃതിയോടും പ്രപഞ്ച വ്യവസ്ഥയോടും
ചേർന്നുനിന്ന്
അവയെ സമ്പുഷ്ടമാക്കുകയും
സ്വയം സമ്പുഷ്ടമാകുകയും ചെയ്യുന്നു.
ആദ്യത്തേതിന്റെ വികാസം,
ചിലപ്പോൾ രണ്ടാമത്തേതിന്റെ തുടക്കമായ് മാറുന്നു.
ആദ്യത്തേത്
പിടിച്ചടക്കലും നിലംപതിയ്ക്കലുമാണെങ്കിൽ,
രണ്ടാമത്തേത്
ഉൾക്കൊള്ളലും ലയനവുമാണ്.
അവിടെനേട്ടകോട്ടങ്ങളേക്കാൾ
പ്രവൃത്തികളെയാണ് കാണുവാനാകുന്നത്.
കയറ്റിറക്കങ്ങളേക്കാൾ
പ്രയാണങ്ങളെയാണ് കാണുവാനാകുന്നത്.
അസത്തിൽ നിന്നും സത്തിലേയ്ക്ക്
തമസ്സിൽ നിന്നും ജ്യോതിസ്സിലേയ്ക്ക്
മൃതിയിൽ നിന്നും അമൃതത്വത്തിലേയ്ക്ക്
അവിരാമം തുടരുന്ന പ്രയാണം.

