രചന : സുജാത ശ്രീപദം ✍️
അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഓണപ്പൂക്കളം ഒരുക്കി കാത്തിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങിയിട്ട് കാലങ്ങളേറെ ആയല്ലോ, എന്നാലും വല്ലപ്പോഴുമൊരിക്കൽപെയ്യുന്ന വേനൽമഴയുടെ സുഖംപോലെ, കടലിനക്കരെ നിന്ന് തന്നെത്തെടിയെത്തുന്ന കുളിർക്കാറ്റുപോലെയുള്ള വിളികൾ മാത്രമാണ് ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
ഓണമല്ലേ, മക്കൾ വിളിക്കാതിരിക്കില്ല എന്നോർത്ത് പണികളെല്ലാം വേഗംതീർത്ത് മക്കളുടെ വിളികൾ ഇപ്പോൾ വരും, ഇപ്പോൾ വരുമെന്ന് വിചാരിച്ചു കുറെ നേരമായുള്ള കാത്തിരിപ്പിലാണ് ഞാൻ. അപ്പുറവും ഇപ്പുറവുമുള്ള വീടുകളിൽ നിറയെ ഒച്ചയും ബഹളവും, ഉപജീവനംതേടി വീടുംനാടും വിട്ടുപോയവർ തങ്ങളുടെ വേരുകൾതേടി വന്നിരിക്കുന്നു. മലയാളം വഴങ്ങാത്ത കുഞ്ഞുകുട്ടികളുടെ നാവിൽനിന്നും ഓണപ്പാട്ടുകൾ തട്ടിത്തടഞ്ഞ് ഒഴുകിവരുന്നുണ്ട്, മാവേലിയ്ക്കത് മനസ്സിലാക്കാവുന്നതേയുള്ളൂ.
നേരം ഉച്ചയായി, ഇതുവരെയായിട്ടും എൻ്റെ മക്കളെന്താണ് വിളിക്കാത്തത്. ഇന്നും ജോലിത്തിരക്ക് തന്നെയാണോ. അതിനിടയിൽ തന്നെയൊന്ന് വിളിച്ചു ഓണമാശംസിക്കാൻ അവർ മറന്നുപോയോ അതോ അമ്മയുടെ കാത്തിരിപ്പ് മനസ്സിലാവുന്നില്ലാ എന്നാണോ.
ആദ്യമായാണ് അവനില്ലാതെ എന്നിലൂടെ ഓണം കടന്നുപോകുന്നത്. ചെറിയ കുട്ടിയായിരുന്നപ്പോൾ ഒറ്റയ്ക്ക് ഇലയിട്ട് ഊണ് വിളമ്പിയാലും ഞാനവന് വാരിക്കൊടുക്കണം, ഇത്രയും വലുതായി ജോലിതേടി കണ്ണെത്താദൂരത്ത് പോകുന്നതുവരെയും അവനെന്നെ ചുറ്റിപ്പറ്റിയായിരുന്നു.
ആ കുഞ്ഞിക്കൈകൾ എൻ്റെ കൈകളിൽ ചേർത്തുപിടിച്ചുനടക്കണം.
യാത്രകളിൽ എൻ്റെ മടിയിലിരുന്ന് അവന് കാഴ്ച്ചകൾ കാണണം എന്നിട്ട് ഓരോന്നും ഞാനവന് പറഞ്ഞുകൊടുക്കുകയും ചെയ്യണമായിരുന്നു. കുറച്ചുകൂടി വലുതായപ്പോൾ എൻ്റെ തോളിൽ ചാരിക്കിടന്നു ഉറങ്ങും അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വായിക്കും. ചെറുപ്പത്തിലേ യാത്രകൾ അവന് ഇഷ്ടമായിരുന്നു.
അങ്ങനെയുള്ള മോനാണ് ഇതുവരെയായിട്ടും ഒന്ന് വിളിക്കാത്തതെന്ന് ആലോചിച്ചിരുന്നു ഞാനൊന്ന് മയങ്ങിയെന്ന് തോന്നുന്നു. പെട്ടെന്ന് ഫോൺ റിംഗ് ചെയ്തതും ഞെട്ടിയുണർന്ന് ഞാൻ ഫോണെടുത്ത് നോക്കി. അത് എൻ്റെ അമ്മയുടെ ഫോൺകോളായിരുന്നു.
നീയെന്താണ് മോളെ അമ്മയെ ഒന്നു വിളിക്കാതിരുന്നത്, അമ്മയുടെ പരിഭവം.
ഞാൻ ഇന്നലെ രാത്രി വിളിച്ചു ഓണമാശംസിച്ചു വെച്ചതേയുള്ളൂ. എന്നാൽ അമ്മയത് മറന്നുംപോയിരുന്നു. വർഷങ്ങളായുള്ള ഒരേകിടപ്പിൽ അമ്മയുടെ ഓർമ്മകൾ മെല്ലെമെല്ലെ വഴിമാറിപ്പോകുന്നുണ്ട്.
കുട്ടികളുടെ വിളികൾ കാത്തിരുന്ന ഞാൻ അമ്മയെ ഒന്ന് വിളിക്കാൻ മറന്നുപോയോ.
അമ്മ പറഞ്ഞു, നിന്നോടൊന്ന് സംസാരിച്ചിട്ട് മതി ഊണെന്ന് പറഞ്ഞ് ഇരിക്കുകയാണെന്ന്.
അയ്യോ, നേരം രണ്ടുമണിയല്ലോ, ഇത്രയുംനേരമായി അമ്മ ഭക്ഷണം കഴിക്കാതെ കാത്തിരിക്കുകയായിരുന്നോ.
ഞാൻ വേഗം അമ്മയെനോക്കുന്ന ചേച്ചിയെ വിളിച്ച് ചോദിച്ചു, അപ്പോഴാണ് അവര് പറയുന്നത്, അമ്മ സമയത്തുതന്നെ ഭക്ഷണം കഴിച്ചിരുന്നു, മോള് വിളിക്കാത്തതുകൊണ്ട് ചിലപ്പോൾ ഓർമ്മയില്ലാതെ പറഞ്ഞതാവുമെന്ന്.
പ്രകൃതിയുടെ ഓരോരോ ലീലകൾ,
ഒരിടത്ത് തീരുവോണത്തിന് മക്കളോട് സംസാരിച്ചതിനുശേഷം അമ്മയെ വിളിച്ചാൽ മതിയെന്ന് കരുതി മക്കളുടെ കോൾ കാത്തിരിക്കുന്ന ഞാൻ.
അപ്പുറത്ത് എൻ്റെ ഒരു ഫോൺകോൾ മാത്രം കാത്തിരിക്കുന്ന എൻ്റെയമ്മ.
ഞാൻ വേഗം അമ്മയെവിളിച്ചു സംസാരിച്ചു വീണ്ടും ഓണമാശംസിച്ചു. അമ്മയ്ക്ക് വളരെ സന്തോഷമായി. അതല്ലേ വലിയ സന്തോഷം, എൻ്റെ അമ്മയുടെ സന്തോഷം.
എൻ്റെ മനസ്സ് അപ്പോഴേയ്ക്കുമൊരു തത്വചിന്തയിലഭയംകണ്ടെത്തിയിരുന്നു.
ഒരു നദിയും തിരിച്ചൊഴുകിയ ചരിത്രമില്ല, അതുപോലെത്തന്നെയാണ് സ്നേഹവും, അത് എത്ര പിടിച്ചുവലിച്ചാലും തിരിച്ചൊഴുകണമെന്നുമില്ല.
അങ്ങനെയൊരൊറ്റയിരുപ്പിൽനിന്ന് എഴുന്നേറ്റുനോക്കിയപ്പോൾ ഉണ്ടാക്കിയ ഭക്ഷണമെല്ലാം ആറിത്തണുത്തിരുന്നു, എനിയ്ക്കാണെങ്കിൽ വിശപ്പും നഷ്ടമായി.
ഊണുകഴിക്കാതെ ഞാൻ കിടന്നു.
പിന്നെ ഞാനാലോചിച്ചു, എവിടെയായാലും എന്തൊക്കെ തിരക്കിലാണെങ്കിലും എൻ്റെ കുട്ടികൾ സുഖമായിരിക്കട്ടെ,
ഇവിടെ കാത്തിരിക്കാൻ ഞാനുണ്ടല്ലോ.
അവർക്ക് മനസ്സിൽ നേർന്നു, നല്ലൊരു ഓണം,
ഹാപ്പി ഓണം…
