ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

മാനവശ്രേയസ്സിന്നുദയപ്രദീപമേ,
മതമസ്തമിപ്പിച്ച മനീഷിതൻ മാർഗ്ഗമേ,
കൈരളിക്കൂർജ്ജ പ്രസന്നാർദ്രരൂപനാം
ശ്രീനാരായണ ഗുരുവാം പ്രകാശമേ,
നന്മവിളയിച്ചുണർവ്വിൻ ധന്യജീവിതം;
മാതൃകയോടുണർത്തീ ശ്രേഷ്ഠകാവ്യകം
മഹിയിതിൽ മനസ്സുകൾക്കേകീ മഹാബലം;
മഹനീയ മർത്യരായ് മാറ്റിയാ, ഹൃത്തടം.
ആത്മബോധത്തിൻ പ്രസന്നാർദ്ര ഗോപുരം
ഹൃദയവാക്യത്തിൻ മഹനീയമാം വരം
ആർദ്രമായ് ജ്ഞാനാമൃതം തന്ന കാവ്യകം
ശ്രീനാരായണ ഗുരുദേവ ചിന്തകം.
കേരളമൊന്നായുണർന്നതിൻ ഹേതുവാം
പരിപൂർണ്ണ ദിവ്യജ്ഞാനത്തിൻ പ്രകാശകം;
ദർപ്പണപ്രതിഷ്ഠയാൽ നേടി സ്വപ്നാർജ്ജവം;
ജാതിചിന്തയ്ക്കുമേൽ നിന്നു നന്മാർദ്രകം.
ഈഴവശ്ശിവനെ പ്രതിഷ്ഠിച്ചയൂർജ്ജമേ,
ഈടുറ്റ വാക്യങ്ങളോതിയ ജ്ഞാനമേ,
ഈശ്വരചൈതന്യമായിത്തുടിച്ചകം
ഈയുലകിനേകീ പ്രസന്നാർദ്ര ഭൂപടം.
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നതാം
ഗുരുവചനമോർക്കേണമാദ്യന്ത ജീവിതം
മാനവ ചിന്തോദയത്തിന്റെ സൂര്യകം
മാതൃകാ പുലരിതൻ ചേതോഹര സ്മിതം.
മത-മുൾവേലികളൊക്കെപ്പൊളിച്ചു നാം
സർവ്വസ്വതന്ത്രരായൊത്തൊരുമിക്കുവിൻ
മഹനീയ സംസ്കാര മൂല്യങ്ങൾ കാക്കുവിൻ
മാനവൈക്യത്തിൻ മഹാമന്ത്രമാകുവിൻ;
ഗുരുനൽകിയെത്രയോ സവിശേഷ ദർശനം
ഗർവ്വണച്ചീടുവാൻ പ്രാപ്തമാം ഹൃത്തടം
കരുതൽ വിളക്കു തെളിച്ചേകി നന്മകം
കാര്യശേഷിക്കരുത്തേകിയന്നാ സ്വരം.
സ്ഥാപിച്ചുണർവ്വിന്റെ സ്നേഹ വിദ്യാലയം
ഉദ്ബോധനം ചെയ്തുറപ്പിച്ചു മർത്യകം
നവോത്ഥാന നായകനെന്നുമെന്നാദരം
നാവുയർത്താൻ പഠിപ്പിച്ചുദയ ദർശനം.
വിദ്യകൊണ്ടേവം പ്രബുദ്ധരായീടുവാൻ
വിജ്ഞാന പന്ഥാവിലൂടെച്ചരിക്കുവാൻ
വീക്ഷണത്തിൻ രീതിയൊന്നായി മാറ്റുവാൻ
പ്രേരണാശക്തിയായ്നിന്നതാം സ്നേഹകം.
നവഭാരതത്തിൻ വളർച്ചയ്ക്കുമനുഗുണം
ഗാന്ധിചിന്തയ്ക്കുദയമായ് നിന്ന ദിവ്യകം
ആ മഹാവിജയ സ്മിതത്തിൻ പ്രതീകമാ-
യീ,ജയന്തിക്കും സ്മരിപ്പുനാം സാദരം…🙏

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *