രചന : സീമ പ്രിയ ✍️
എന്നെ മറന്നുവെച്ച ഇടങ്ങളിലെല്ലാം പോയകാലത്തിന്റ
ഒരേട് ഞാൻ കുറിച്ചിട്ടിരുന്നു
പാതിയിൽ പൊലിഞ്ഞ
സ്വപ്നങ്ങളിൽ
നടന്നു മറഞ്ഞ
വഴികളിൽ
വിധി തീർത്ത
ഒറ്റയടിപ്പാതകളിലെല്ലാം
പങ്കുവെച്ച അവശേഷിപ്പിന്റെ
അടയാളം മാത്രമാണിന്നുഞാൻ
കാലഹരണപ്പെട്ട
ചില അടയാളങ്ങൾ
നീറ്റലായി ഇന്നും
ഓർമ്മ
പുതുക്കുന്നുണ്ടങ്കിലും
വിളക്കിചേർക്കാൻ
കഴിയാത്ത ദൂരം
താണ്ടിയിരിക്കുന്നു
എന്റെ യാത്ര
ഭൂമിക്കൊപ്പം മൗനമായി
മണ്ണിന്റെ ഗന്ധവും പേറി
ഉറങ്ങുമ്പോഴും
ചില ഹൃദയങ്ങളിൽ എങ്കിലും ഓർമ്മയുടെ
ചിതലരിക്കാത്ത
ചില അടയാളങ്ങൾ
ബാക്കിവെച്ചു വേണം
യാത്രയാവാൻ
