ഉണ്ണിയും സണ്ണിയും സുബൈറും
ഉച്ചയൂണിനെത്തിടും നേരം
ഉമ്മറപടിയിൽ ചാണകം മെഴുകിയതറയിൽ
ഉത്സാഹത്തോടെ ഉണ്ണാനിലയിടും
സുമിത്രച്ചിറ്റേടെ കളിയാക്കിച്ചിരിയോടെ
പൊന്നോണസദ്യയുടെ തിരികൊളുത്തി.
തൂശനിലയിൽ ഉപ്പേരിവെച്ചു
സദ്യക്കു ഓരോന്നായി വിളമ്പിത്തുടങ്ങി
“കുട്ടിയോളെ കൈകഴുകിയെത്തുക” ഉണ്ണാനിരിക്കാൻ ഗീതേച്ചിടെ വിളംബരം
ആടിയും പാടിയും തളർന്നപിള്ളേർ
കൈകഴുകി പുൽപ്പായിലിരിപ്പുറപ്പിച്ചു
ആദ്യമേ ഉണ്ണാനിരുന്നപ്പുപ്പൻ
സദ്യകേമമെന്നുരുവിട്ട ശേഷം
നാലാളറിയേ ഏമ്പക്കംവിട്ടു
ചാരൂകസേരയിൽ ചാരിക്കിടന്നു
നാലും കൂട്ടിമുറുക്കാൻ തുടങ്ങി.
പത്താം നാളിൽ അത്തപ്പൂക്കളത്തിൽ മുക്കുറ്റിയും മന്ദാരവും വാടിത്തളർന്നു
അകത്തളത്തിൻ വെളിയിൽ
കാറ്റത്തു പറന്നുവന്ന
കനകാംമ്പരപ്പൂ ഇതളുകൾ പൊഴിച്ചു
മയങ്ങിവീണു…
പുലികളിയാടിയ സത്യനും തൊമ്മനും
ശങ്കുവും ആകെത്തളർന്നു
വീണിരുന്നു ആൽത്തറ മൂട്ടിൽ…
ഊണുകഴിഞ്ഞ കുട്ടിയോളെല്ലാരും
ഊഞ്ഞാലാടാനോടിയെത്തി…
സിന്ധുവും മായയും വാസന്തിയും
വടക്കേപ്പുറത്തു കളംവരച്ചു കളിച്ചു
പട്ടം പറത്താനും പടക്കം പൊട്ടിക്കാനും
പൊട്ടത്തരങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കാനും പണ്ടേ വിദഗ്ധനാം പാച്ചുവുമെത്തി….
അടുക്കളപ്പുറത്തെ കിണറ്റിൻ ചോട്ടിൽ
മേൽമുണ്ട് കുത്തിയുടുത്ത അമ്മുവേടത്തി…
കൂട്ടിയിട്ടചട്ടിയും കലങ്ങളും
ചകിരിയും ചാരവും ചേർത്തു മെഴുകിത്തുടങ്ങി….
കിണറ്റിൽ നിന്നും കപ്പിയും കയറും കൊണ്ട് വെള്ളം കോരിക്കൊടുക്കും ശാന്തേച്ചിയും….
അവസാന വറ്റും സദ്യാവശിഷ്ടങ്ങളും കൊത്തിപ്പെറുക്കി തിന്നും കൊടുത്തും തള്ളക്കോഴിയും കുഞ്ഞുങ്ങളും
സൂര്യൻ പടിഞ്ഞാറേയ്ക്കു
പാഞ്ഞു തുടങ്ങി….
കിളികൾ ചേക്കേറാൻ പറന്നകന്നു..
ഓണത്തിൻ പകിട്ടുകൾ അണയുന്നില്ല
ആട്ടവും പാട്ടും കൊട്ടും മേളവും പുലികളിയും തിരുവാതിരയും…..
ഒട്ടനവധി ആഘോഷങ്ങൾ
ആർപ്പുവിളികളൊട്ടും കുറയാതെ
ആർത്തു വിളിക്കുന്നു ആബാലവൃദ്ധം
ആർപ്പോ…..ഇർറോ……ഇർറോ

നവാസ് ഹനീഫ്

By ivayana