കഴിഞ്ഞ ഉത്രാടം നാളിൽ വൈകുന്നേരം അഞ്ചേകാലിനാണ് എന്റെ മകൻ കടയിൽ നിന്ന് എന്നെ വിളിച്ച് ചോദിക്കുന്നത്,
“ഇപ്പച്യേ, ഒരു ബംഗാളി ഇവിടെ വന്ന് 500 രൂപ ചോദിക്കുന്നുണ്ട്. ഞാൻ കൊടുക്കട്ടെ?” എന്ന്..
അങ്ങിനെ ഒരു കാശ് ഞാൻ ഏതെങ്കിലും ഒരു അതിഥി തൊഴിലാളിക്ക്‌ കൊടുക്കാൻ ഉള്ളതായി എന്റെ ഓർമ്മയിൽ ഇല്ല..
ഞാൻ മകനോട് പറഞ്ഞു,
“നീ അവന്റെ അടുത്ത് ഫോൺ കൊടുക്കൂ” എന്ന്..

ഞാൻ ഹിന്ദിയിൽ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തുവെങ്കിലും ഞാൻ ചോദിച്ചതോ പറഞ്ഞതോ ഒന്നും അവന് മനസ്സിലായതായി എനിക്ക് തോന്നിയില്ല..
“നീ രാവിലെ കടയിലേക്ക് വരൂ” എന്ന് അവനെ എങ്ങനെയൊക്കെയോ പറഞ്ഞ് സമ്മതിപ്പിച്ചു..
രാവിലെ അഞ്ചുമണിക്ക് തുറക്കുന്ന എന്റെ കടയിലെ 50 ശതമാനത്തോളം കച്ചവടം അതിഥി തൊഴിലാളികളുടെതാണ്..
ഞാൻ ഒരു നാലാം ക്ലാസ് മുതൽ നന്നായിട്ട് പഠിക്കുമായിരുന്നു..
മലയാളവും ഇംഗ്ലീഷും കണക്കും ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഭൂമിശാസ്ത്രവും ചരിത്രവും എനിക്ക് പെട്ടെന്ന് മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിരുന്നു..
പക്ഷേ ഹിന്ദി?..

ഒന്നും മനസ്സിലാക്കാതെ അല്ലെങ്കിൽ മനസ്സിലാവാതെ കാണാതെ പഠിച്ച് ഹിന്ദിക്ക്‌ കിട്ടിയ 25 മാർക്ക് (50ൽ) ആണ് എസ്എസ്എൽസി പരീക്ഷ ഫലത്തിൽ എന്റെ ഏറ്റവും കുറഞ്ഞ മാർക്ക് ..
1995ൽ ആണ് ഞാൻ സൗദി അറേബ്യയിൽ ജോലി തേടി പോകുന്നത്..
അന്നൊക്കെ ഒരു ഗൾഫ് പ്രവാസിയുടെ ഔദ്യോഗിക ഭാഷ എന്ന് പറഞ്ഞാൽ ഹിന്ദിയായിരുന്നു..
ബംഗ്ലാദേശിയും പാക്കിസ്ഥാനിയും നേപ്പാളിയും ഇന്ത്യക്കാരും പരസ്പരം സംസാരിക്കാൻ ഉപയോഗിച്ചിരുന്നത് ഹിന്ദിയായിരുന്നു..
ഹിന്ദി സംസാരിക്കാൻ അറിയുന്ന ഒരു സൗദി പൗരൻ എനിക്ക് ഹിന്ദി അറിയില്ല എന്ന് പറഞ്ഞപ്പോൾ “താനൊക്കെ എന്ത് ഇന്ത്യക്കാരനാണ്?” എന്ന് എന്നെ പരിഹസിച്ചിട്ടുണ്ട്..
സ്കൂൾ കാലത്ത് തന്നെ ഹിന്ദിയിൽ 25 വരെ എണ്ണാൻ ഞാൻ പഠിച്ചിരുന്നു. 50ഉം100ഉം 200 ഉം 500 ഉം ആയിരവും ഹിന്ദിയിൽ എങ്ങനെയാണ് പറയുക എന്നതും എനിക്കറിയാം..
68, 574, 937 ഇതൊന്നും എങ്ങനെയാണ് ഹിന്ദിയിൽ പറയുന്നത് എന്ന് സൗദി അറബിയിലും സിംഗപ്പൂരും ഖത്തറിലുമായി 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇപ്പോഴും എനിക്ക് അറിയില്ല..

വന്നു, വന്നിരുന്നു, വരണം, വരും, വരുമായിരിക്കും, വരേണ്ടതാണ്, വന്നിരിക്കും എന്നതൊന്നും കൃത്യമായി പറയാനും എനിക്ക് അറിയില്ല..
എന്റെ ജീവിതാനുഭവങ്ങൾക്കിടയിൽ ഞാൻ മനസ്സിലാക്കിയ ഒന്നാണ് പരസ്പരമുള്ള ആശയവിനിമയങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു മാധ്യമം മാത്രമാണ് ഭാഷ എന്നത്..
മലയാളിക്ക് മലയാളവും തമിഴന് തമിഴും ഇന്ത്യക്കാരന് ഹിന്ദിയും ഇംഗ്ലണ്ട് കാരന് ഇംഗ്ലീഷും ഫ്രാൻസുകാരന് ഫ്രഞ്ചും അറബികൾക്ക് അറബിയും ഗ്രീസ് കാരന് ഗ്രീക്കും ശ്രേഷ്ഠ ഭാഷയാണ് എന്നതിലുപരി ഒരു ഭാഷയ്ക്കും പ്രത്യേകിച്ച് മഹത്വമുള്ളതായി ഞാൻ കരുതുന്നില്ല..
ഏത് ഭാഷയും പഠിക്കുന്നതും മനസ്സിലാക്കുന്നതും നല്ലത് തന്നെയാണ്. അതിനർത്ഥം നമ്മുടെ ബുദ്ധിയുടെ, ചിന്തയുടെ, ദീർഘവീക്ഷത്തിന്റെ തുടങ്ങിയ ജീവിത വിജയത്തിന് ആവശ്യമായ ഒന്നിന്റെയും അളവുകോൽ അല്ല ഒരു ഭാഷയും എന്നതാണ്..

ഞാൻ സിംഗപ്പൂരിൽ ഷിപ്പിൽ കമ്മീഷണിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്ത് കപ്പലിന്റെ എൻജിൻ (നിഗാട്ട) കമ്മീഷണിങ് ചെയ്യാൻ വന്നിരുന്ന പത്തും പതിനഞ്ചും ലക്ഷം ശമ്പളം വാങ്ങിയിരുന്ന എൻജിനീയർമാർ ഉപയോഗിച്ചിരുന്ന എൻജിന്റെ കാറ്റലോഗിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരക്ഷരം പോലും ഉണ്ടായിരുന്നില്ല..
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ജർമ്മനി ഇംഗ്ലീഷ് ഭാഷയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചിരുന്നു..
എന്തിനധികം നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കുറച്ച് വർഷങ്ങൾ മുമ്പ് വരെ സ്കൂളിലോ കോളേജിലോ നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദി ഒരു പാഠ്യ വിഷയമായിരുന്നില്ല..
ആ കാലത്ത് റേഡിയോയിൽ ഡൽഹിയിൽ നിന്ന് സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി വാർത്ത തമിഴ്നാട്ടിൽ സംപ്രേഷണം ചെയ്തിരുന്നില്ല..

അറബിയായാലും തമിഴായാലും ഇംഗ്ലീഷായാലും ഹിന്ദിയായാലും ഞാൻ സംസാരിക്കുന്നത് തെറ്റാണെങ്കിൽ പോലും മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോ പരിഹസിക്കുമെന്നോ കുറ്റപ്പെടുത്തുമെന്നോ ചിന്തിച്ച് ഒരു നിമിഷം പോലും ഞാൻ ആകുലതപ്പെടാറില്ല..
17 വർഷത്തെ പ്രവാസത്തിനൊടുവിൽ എല്ലാം നഷ്ടപ്പെട്ടതിന് ശേഷമാണ് തിരുവമ്പാടി ബസ്റ്റാൻഡിൽ സ്റ്റേജിന് പുറകിലുള്ള ഒരു ഇടുങ്ങിയ റൂമിൽ ഞാൻ മിൽമ ബൂത്ത് തുടങ്ങുന്നത്..
ചായയും കാപ്പിയും കുടിക്കാൻ എത്തിയിരുന്നവരിൽ ബഹുഭൂരിപക്ഷവും അതിഥി തൊഴിലാളികളായിരുന്നു..
ജാർഖണ്ഡ് ബീഹാർ എന്നിവിടങ്ങളിൽ നിന്ന് വന്ന ആളുകളാണ് കൂടുതലും ശരിയായ ഹിന്ദി സംസാരിക്കുന്നത്..
ബംഗാളിൽ നിന്നും ആസാമിൽ നിന്നും വന്നവരിൽ മുക്കാൽ ഭാഗത്തോളം പേർക്കും ഹിന്ദി അറിയില്ല..
ഞാൻ പൊതുവേ സ്പീഡിൽ സംസാരിക്കുന്ന ഒരാളാണ്..

ഞാൻ ബംഗാളികളോടും ആസാമീസ് നോടും ഹിന്ദി സംസാരിക്കുന്നത് കേട്ടിട്ട് പലരും മൂക്കത്ത് കൈവെച്ചിട്ടുണ്ട്..
അവർക്കറിയില്ലല്ലോ ഭൂതവും ഭാവിയും വർത്തമാനവും തെറ്റിച്ചാണ് ഞാൻ സംസാരിക്കുന്നത് എന്നത്..
അതിഥി തൊഴിലാളികളുടെ ആഗമനം കൊണ്ട് ഹിന്ദി എന്താണെന്ന് പോലും അറിയാതിരുന്ന എന്റെ ഭാര്യ ഉൾപ്പെടെ പല മലയാളികളും കുറെയൊക്കെ ഹിന്ദി സംസാരിക്കാൻ പഠിച്ചു..
അടുത്ത ദിവസം രാവിലെ കട തുറന്ന എന്നോട് അതിഥി തൊഴിലാളികളുടെ തിരക്കിനിടയിൽ എന്റെ മകൻ പറഞ്ഞത് പോലെ ആരും 500 രൂപ ചോദിച്ചു വന്നില്ല..
നാലഞ്ചു ദിവസങ്ങൾക്ക് ശേഷം ക്ലാസ്സ് കഴിഞ്ഞ് കടയിലേക്ക് വന്ന മകൻ ഒരു ബംഗാളിയെ ചൂണ്ടിക്കാട്ടി എന്നോട് പറഞ്ഞു അവനാണ് കഴിഞ്ഞ ദിവസം 500 രൂപയും ചോദിച്ച് വന്നിരുന്നത് എന്ന്..

എനിക്ക് രണ്ട് ആൺകുട്ടികളാണ്. മൂത്തവൻ ഒന്നരവർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെവൻ ഡിഗ്രി (B A, multimedia) കഴിഞ്ഞ് ഒരു സ്പെഷ്യൽ കോഴ്സിന് പോകുന്നു..
11 മണിക്ക് ക്ലാസ് തുടങ്ങി നാലര മണിക്ക് അവസാനിച്ച് ഒരു മണിക്കൂറോളം യാത്ര ചെയ്ത് വീട്ടിലെത്തി ഏഴു മണിയോടെ കടയിൽ വന്ന് ഒരു 9 മണിയോടെ കട അടച്ച് പോരേണ്ടത് അവന്റെ ജോലിയാണ്..
ആ ബംഗാളിയെ നോക്കി ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വരാനായി ഞാൻ ആംഗ്യം കാണിച്ചു..
പതിനേഴോ പതിനെട്ടോ വയസ്സുള്ള ഓമനത്തം വിട്ടുമാറാത്ത ഒരു പയ്യൻ..
ബംഗാളിലെ ഏതോ ഒരു മലഞ്ചെരുവിൽ ആണ് അവന്റെ വീട്..
അച്ഛന്റെയും നാട്ടുകാരുടെയും കൂടെ കേരളത്തിലേക്ക് വന്നിട്ട് രണ്ട് ആഴ്ചയെ ആകുന്നുള്ളൂ..
രാവിലെ കടയിൽ വരുന്ന എന്റെ ഭാര്യ ചെറുപ്രായത്തിൽ ജോലിക്ക് പോകേണ്ടിവന്ന അവന്റെ അവസ്ഥയെ ഓർത്ത് എന്നോട് സങ്കടം പറഞ്ഞിട്ടുണ്ട്..
ഹിന്ദി അവന് അറിയില്ല എന്ന് എനിക്ക് അറിയുന്നത് കൊണ്ട് അവന്റെ കൂടെ ഉണ്ടായിരുന്ന ഹിന്ദി സംസാരിക്കാൻ അറിയുന്ന മധ്യവയസ്കനായ ഒരുത്തനോട് അവൻ എന്തിനാണ് എന്റെ മകനോട് നാലഞ്ചു ദിവസം മുമ്പ് 500 രൂപ ചോദിച്ചത് എന്ന് ചോദിക്കാൻ പറഞ്ഞു..

ആദ്യം അയാൾ എന്താണ് പറയുന്നത് എന്ന് അവന് മനസ്സിലായില്ല..
പെട്ടെന്ന് ഓർമ്മ വന്ന് അവൻ അയാളോട് കാര്യം പറഞ്ഞു..
അന്ന് അവന്റെ ഒരു ബന്ധു കോഴിക്കടയിൽ ജോലി ചെയ്യുന്ന അവരുടെ നാട്ടുകാരന്റെ അടുത്ത് പോയി 500 രൂപ ഗൂഗിൾ പേ ചെയ്താൽ കാശ് കയ്യിൽ തരുമോ എന്ന് ചോദിക്കാൻ അവനെ പറഞ്ഞുവിട്ടു..
അവൻ അവിടെ പോയി അന്വേഷിച്ചപ്പോൾ ആ കടയിൽ ജോലി ചെയ്യുന്നവന്റെ അടുത്ത് പൈസ ഉണ്ടായിരുന്നില്ല..
അവൻ എന്റെ കട ചൂണ്ടിക്കാണിച്ച് ആ പയ്യനോട് എന്റെ കടയിൽ പോയി ചോദിക്കാൻ പറഞ്ഞു..
കടയിൽ വരുന്ന അതിഥി തൊഴിലാളികളോട് സംസാരിച്ച് അത്യാവശ്യം പിടിച്ചുനിൽക്കാനുള്ള ഹിന്ദി എന്റെ മകനും സ്വായത്തമാക്കിയിരുന്നു..
ആ പയ്യന് ഹിന്ദി ഒട്ടും അറിയാത്തതുകൊണ്ട് അവൻ പറയുന്നത് എന്താണെന്ന് എന്റെ മകന് മനസ്സിലായില്ല..

ആകെ മനസ്സിലായത് അവൻ പറഞ്ഞ 500 രൂപ എന്നത് മാത്രമാണ്..
കുറച്ചുകാലം മുമ്പ് അപ്രതീക്ഷിതമായി ഞാൻ ഒരു സാമ്പത്തിക കുരുക്കിൽ അകപ്പെട്ടിരുന്നു..
അത് മറികടക്കാനായി എനിക്ക് കണ്ണിൽ കണ്ടവരോടൊക്കെ കടം വാങ്ങേണ്ടി വന്നു..
ഒരാളോട് വാങ്ങി മറ്റൊരാൾക്ക് കൊടുക്കുക. കഴിഞ്ഞ ഒന്നര രണ്ട് വർഷത്തോളമായി ഞാനത് ഒരു ചക്രം പോലെ കറക്കിക്കൊണ്ടിരുന്നു..
ആ ചക്രത്തിന്റെ കണ്ണികളിൽ പകുതിയിൽ കൂടുതലും അതിഥി തൊഴിലാളികളായിരുന്നു..
ഒരു മുറിയിൽ അഞ്ചും ആറും എട്ടും പേർ വീതം തിങ്ങിപ്പാർക്കുന്ന അവർക്ക് അവരുടെ കയ്യിലുള്ള കാശ് എന്നെ ഏൽപ്പിക്കുന്നത് ഒരു സുരക്ഷിതത്വം കൂടിയായിരുന്നു..
എന്റെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അറിയുന്ന എന്റെ മകൻ ഞാൻ 500 രൂപ അവനോട് വാങ്ങിയിട്ടുണ്ടാവും എന്ന് കരുതിയാണ് “500 രൂപ അവന് കൊടുക്കട്ടെ” എന്ന് ചോദിച്ച് എന്നെ വിളിച്ചത്..

സിദ്ദിഖ് പട്ട.

By ivayana