രചന : ഋഷി ശിവദാസ് ✍️
പഴയൊരു പോസ്റ്റാണ് പക്ഷെ നടക്കുന്നത് കാണുമ്പോൾ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു. ഇപ്പോൾ വ്യാജവാർത്താ നിർമ്മാണം ഒരു വ്യവസായം തന്നെ ആണ് .
ഈ കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ കാണിച്ച ”തറ ” വേലകൾ എല്ലാ ഊഹങ്ങൾക്കും അപ്പുറമാണ് . ന്യൂന സാംപ്ലിങ്ങിങ്(sub sampling) ഇന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ ചിലർ പുറത്തെടുത്തത് .ചിലരാകട്ടെ ഒറിജിനൽ വാർത്തക്ക് താഴെ അതിനു നേർ വിപരീതമായ വിവരങ്ങൾ സ്ക്രോൾ ചെയ്തിട്ട് ബ്രാക്കറ്റിൽ ” Unconfirmed Reports ” എന്ന് കൂടി ചേർത്ത് ആയിരുന്നു വ്യാജവാർത്ത പ്രചാരണ പരീക്ഷണം നടത്തിയത് .
എങ്ങനെയാണ് വ്യാജവാർത്തകൾ (fake news) സൃഷ്ടിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ് .മാധ്യമങ്ങൾ ഒരിക്കലും അവർ വ്യാജ വാർത്ത ചമക്കുന്നതായി സമ്മതിക്കുകയില്ല .അവർ പറയുന്നത് അവർക്കു ലഭ്യമായ അറിവുവച്ചു അവർ വാർത്തകൾ ചമക്കുന്നു എന്നാണ്.
വ്യാജ വാർത്തകളുടെ നിർമ്മിതിക്കും വിവര സിദ്ധാന്ത പ്രകാരം നിർവചനങ്ങൾ സാധ്യമാണ് .വിവര സിദ്ധാന്തത്തിലെ പ്രധാനപ്പെട്ട ഒരു സിദ്ധാന്തമാണ് നിക്വിസ്റ് സിദ്ധാന്തം ( Nyquist Theorem) .ഇതുപ്രകാരം സാംപ്ലിങ് നിരക്ക് (sampling rate) വിവര തരംഗത്തിന്റെ(Signal) ആവൃത്തിയുടെ ( frequency) രണ്ടുമടങ്ങെങ്കിലും ആയിരിക്കണം .എന്നാൽ മാത്രമേ വിവരങ്ങളുടെ,വാർത്തകളുടെ വിശ്വസ്തവും കുറ്റമറ്റവുമായ പുനർനിർമിതി (reconstruction)സാധ്യമാവുകയുളൂ .സാംപ്ലിങ് നിരക്ക് വിവര തരംഗത്തിന്റെ തരംഗ ദൈർഖ്യത്തിന്റെ രണ്ടു മടങ്ങിൽ കുറവാണെങ്കിൽ അപരവത്കരണം (Aliasing)എന്ന പ്രതിഭാസം സംഭവിക്കും .
അപരവത്കരണം സംഭവിച്ചു കഴിഞ്ഞാൽ മൗലികത്വമുള്ള വിവരം .(വാർത്ത ) നഷ്ടപ്പെട്ടുപോകും .ചുരുക്കത്തിൽ പറഞ്ഞാൽ സത്യത്തെ അപരാനായ (Alias)ഒരു അസത്യം പ്രതിനിധാനം ചൈയ്യും .രണ്ടു മടങ്ങിൽ കുറവുള്ള വിവിധ സാംപ്ലിങ് നിരക്കുകൾ ഉപയോഗിക്കുന്നതിലൂടെ മൂലമായ ഒരു സത്യത്തിന്റെ അസംഖ്യം അപര അസത്യങ്ങളെ സൃഷ്ടിക്കാം .ഈ തത്വത്തിന്റെ പ്രായോഗിക തലത്തിലുള്ള ഉപയോഗമാണ് വ്യാജ വാർത്തകളുടെ നിർമ്മിതിക്ക് ഉപയോഗിക്കുന്നത് .വാർത്തകളുടെ കാതലായ ഭാഗങ്ങൾ തമസ്കരിച്ചു വ്യാജ വാർത്ത ചമക്കുന്നത് ന്യൂന സാംപ്ലിങ്ങിനു(under sampling/sub sampling) സമാനമായ ഒരു പ്രക്രിയയാണ് .ന്യൂന സാംപ്ലിങ്ങിൽ വേണ്ടതിലും കുറച്ചു സാമ്പിളുകൾ എടുക്കുന്നു .വ്യാജവാർത്തയിൽ വാർത്ത വിവരങ്ങൾ തെരെഞ്ഞെടുത്തു തമസ്കരിക്കുന്നു . വ്യത്യസ്തമായ വാർത്ത വിവരങ്ങൾ തമസ്കരിച്ചാൽ ഒരു മൗലിക വാർത്തയെ അസംഖ്യം വ്യാജ വാർത്തകളായി പുനർ സൃഷ്ടിക്കുന്നു .ഈയടുത്ത കാലത്തു നടന്ന അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനനുബന്ധിച്ചുണ്ടായ സംഭവങ്ങളിൽ ദർശിച്ചത് ഇത്തരത്തിലുള്ള വ്യാവസായിക അടിസ്ഥാനത്തിലുള്ള വ്യാജ വാർത്താ നിർമ്മിതിയാണ് .
വ്യാജവാർത്തകളിൽ നിന്ന് മൗലികമായ വാർത്ത ഗ്രഹിക്കുക സൈദ്ധാന്തികമായി അസംഭവ്യമാണ് .ന്യൂന സാംപ്ലിങ് മൗലികമായ വിവരത്തെ (original information)നശിപ്പിക്കുകയാണ് ചെയ്യുന്നത് ,എന്നിരുന്നാലും അനേക സ്രോതസ്സുകളിൽ നിന്ന് (വ്യാജ) വാർത്തകൾ ഗ്രഹിച് മനുഷ്യ സഹജമായ അന്തർ ജ്ഞാനം(Instinct,Intuition etc) ഉപയോഗിച്ചാൽ മൗലികമായ വിവരവുംവാർത്തയും വലിയ പ്രയാസമില്ലാതെ മനസ്സിലാക്കാം.
വ്യാജ വാർത്തകളുടെ കാലമാണിത് . വ്യാജനേത് ഒറിജിനൽ ഏതു എന്ന് തിരിച്ചറിയാൻ പ്രായോഗികമായി അസാധ്യമാകുന്ന രീതിയിലാണ് ”വാർത്ത ” കളുടെ അവതരണം നടക്കുന്നത് .
ഇപ്പോൾ വാർത്തകൾ ശേഖരിക്കുകയല്ല മാധ്യമങ്ങൾ ചെയ്യുന്നത് വാർത്തകളുടെ വ്യാജ നിർമ്മിതിയും അപനിർമ്മിതിയുമാണ് വർത്തമാനകാല മാധ്യമ ധർമ്മം. അച്ചടിച്ചു വരുന്നതിനെയും ,സ്ക്രോ റോൾ ചെയ്തു വരുന്നതിനെയും ”നേരോടെ ” നേരത്തേ വിളമ്പുന്നതിനെയും സംശയത്തോടെ കാണുക .കാണുന്നതും അച്ചടിച്ചു വരുന്നതും കളവാണെന്ന മുൻ വിധി തന്നെ വളർത്തിയെടുത്താൽ വ്യാജവാർത്തകൾക്ക് വലിയ പ്രസക്തി ഇല്ലാതെയാകും.
