രചന : സുമേഷ് കെ മാങ്കുളം ✍
രണ്ടോണത്തിന്റെ അന്ന് ഉച്ചക്ക് ഊണ് കഴിഞ്ഞ് ഒന്ന് കിടന്നപ്പോളാണ് മണിയുടെ ഫോൺ.
ടാ എവിട്യാ?
വീട്ടില്
വൈന്നേരം പാണൻ വഴിയിലെ പുലിക്കളിയിൽ കുമ്മാട്ടീണ്ട്.
ഐന്?
മ്മളോട് പാടാൻ വരാൻ പറഞ്ഞണ്ട്.
അത് കേട്ടപ്പോ മനസ്സിന് ഒരു സന്തോഷം തോന്നി.
രണ്ടോണം എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് കുമ്മാട്ടിയാണ്. ഉച്ചവരെ കുമ്മാട്ടിക്കളിക്ക് പാട്ട് പാടി ക്ഷീണിച്ച് വീട്ടിൽ വന്ന് ബീഫും കൂട്ടി ഊണ് കഴിക്കുമ്പോൾ കിട്ടുന്ന ആ പരമാനന്ദ സുഖത്തേ… പറവതിനെളുതാമോ…..
ഇക്കൊല്ലവും രാവിലെ കുമ്മാട്ടികളിക്ക് പാടാൻ പോയി. പക്ഷെ സുഖമായില്ല്യാ, മൂന്നാല് വീട് പാടി തിരിച്ചു പൊന്നു. പിന്നെ ബീഫ് കൂട്ടിയുള്ള ഊണിലാണ് രണ്ടോണം ഒരു വിധം മേക്കപ്പ് ചെയ്തത് അപ്പോളാണ് പാടാൻ വിളിച്ചോണ്ടുള്ള മണിയുടെ കാൾ.
ആരൊക്കീണ്ട്?
കണ്ണനേയും മോനെയും വിളിക്കാം.
വിനോധും തമ്പിയും മോഹൻജിയും ഉണ്ടാവില്ല്യേ?? രാട്ടനോട് ഞാൻ പറയാം.
ആ, പിജിക്ക് വാല്ലായ്മ കാരണം ഇണ്ടാവില്ല്യാ.
രഞ്ജിത്ത് ഇണ്ടാവും.
കൈക്കൊട്ടാൻ അവിടെ കാണാൻ വന്നവർ ഇണ്ടാവും, ന്നാലും അവനെയും വിളിക്കാം. കാശ് കിട്ടണ പരിപാടി അല്ലല്ലോ, അതോണ്ട് ആള് കൂടിയാലും ഷെയർ കുറയുമെന്ന് പേടിക്കണ്ട.
അങ്ങിനെ അഞ്ചു മണിക്ക് പുലിക്കളി ഘോഷയാത്രയിൽ കുമ്മാട്ടികൾക്കൊപ്പം ഞങ്ങളും കൂടി.
അതേയ് കുമ്മാട്ടികൾ ബംഗാളികളാട്ടാ
പരിപാടി തുടങ്ങുന്നതിന് മുൻപ് ഒരു കമ്മിറ്റിക്കാരൻ വന്ന് പറഞ്ഞു.
യൂണിയൻ ഓഫീസ് മുതൽ കിണർ സെന്റർ വരെയാണ് ഘോഷയാത്ര. അതിനിടയിൽ രണ്ടു സ്ഥലത്താണ് കാണികൾ കൂടുതൽ ഉണ്ടാകുക. അവിടെയാണ് ഞങ്ങൾ പാടാൻ തീരുമാനിച്ചത്.
അങ്ങിനെ ഘോഷയാത്ര ആദ്യത്തെ പോയിന്റിൽ എത്തിയപ്പോ ഞങ്ങൾ ആർപ്പോ വിളിച്ച് മണി പാട്ട് തുടങ്ങി.
എന്നമ്പികേ ദേവി പൊന്നമ്പികേ നിന്റെ
പോണ്മണി മാറിനെ
കൈത്തൊഴുന്നേ…..
ഞങ്ങൾ ഏറ്റ് പാടി…..
ദേവ സ്തുതികൾ ഏകദേശം ആയപ്പോഴേക്കും നാസിക് ഡോളിന്റെയും ശിങ്കാരി മേളത്തിന്റേയും ശബ്ദകോലാഹലങ്ങൾക്കിടയിലും കുറച്ചു പേര് ഞങ്ങടെ പാട്ട് കേൾക്കാൻ ഞങ്ങളുടെ ചുറ്റും കൂടി.
പാട്ട് സ്തുതികൾ കഴിഞ്ഞ് രമായണത്തിലേക്ക് കടന്നു.
രാമായണം കഥ കേൾക്കണമെങ്കിലോ
കാതും തുറന്നങ്ങിരിക്ക വേണം.
ശക്രതനയാനായുള്ളൊരു ബാലിയും
ആർക്കതനയനാം സുഗ്രീവനും
രണ്ടുപേർ തങ്ങളിൽ ഉണ്ടായ യുദ്ധവും
ഇണ്ടൽ കൂടാതെ ഞാൻ ചൊല്ലീടുന്നേ……
പാട്ടൊന്നും ഒന്നും മനസ്സിലാവാതെ, കഥയോ ഭാഷയോ മനസ്സിലാവാതെ കഥയറിയാതെ ആട്ടം കാണാൻ വിധിക്കപ്പെട്ട് മുന്നിലെ നാസിക് ഡോളിന്റെ കൊട്ടിനൊപ്പം ചാടികളിക്കാൻ പറ്റാത്തത്തിലെ കുണ്ഠിതം ഉള്ളിലൊതുക്കി എന്ത് ചെയ്യണമെന്നറിയാതെ കുമ്മാട്ടികൾ അന്തംവിട്ട് നിന്നപ്പോൾ ഞങ്ങൾ ആസ്വദിച്ച് പാടി കയറുകയായിരുന്നു
രണ്ടാമതും രാമൻ സുഗ്രീവനെ തക യുദ്ധത്തിനായി പറഞ്ഞയച്ചു എന്ന വരി മണി പാടിയപ്പോൾ ഏറ്റു പാടുന്ന ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി.
കാരണം കുറച്ചു വരികൾ കഴിഞ്ഞാൽ വരുന്ന വരി.
നല്ല മഹാസ്ത്രം തൊടുത്തു രഘുത്തമൻ ബാലിയാം തന്നുടെ മാറിലേക്ക് എന്നാണ്.
അപ്പൊ കൈയ്യിൽ പിടിച്ചിരിക്കുന്ന മര വാള് നെഞ്ചത്ത് കുത്തിപിടിച്ച് ബാലി നിലത്തിരിക്കണം.
ഇതിലിപ്പോ ആരാണ് ബാലി വേഷം ചെയ്യണേ? ആർക്കാണ് ബാലിയെ പരിചയം? ഇനി ആരെയെങ്കിലേയും നിലത്ത് ഇരുത്താമെന്ന് വെച്ചാൽ, ഈ ഹിന്ദിക്കാരോട് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?
വരികൾ ഒന്നൊന്നായി പാടുമ്പോളും ഞങ്ങൾ പരസ്പരം കണ്ണുകൾ കൊണ്ട് ആശയം കൈമാറി.
നീ പറയ്
ആരോട് പറയാൻ?
ആരോടെങ്കിലോടും പറയടാ?
ഏത് ഭാഷയിൽ? എനിക്ക് ഹിന്ദി അറിയില്ല്യാ. നീ പറയ്?
എനിക്കറിയില്ല്യാ.
അപ്പോളേക്കും വിനോദ് ഒരു കുമ്മാട്ടിയുട ചെവിയിൽ പതുക്കെ പറഞ്ഞു.
ബൈട്ടോ… ബൈട്ടോ കുമ്മാട്ടി ബൈട്ടോ….
കുമ്മാട്ടി അവന്റെ മുഖത്തേക്ക് നോക്കുന്നു.
പറഞ്ഞതിൽ ബഹുമാനം ഇല്ലാത്തൊണ്ടാണ് അവൻ ബൈട്ടാത്തത് എന്ന് മനസ്സിലായ അവൻ വീണ്ടും പറഞ്ഞു
ബൈട്ടീയെ കുമ്മാട്ടി ബൈട്ടീയേ…….
കുമ്മാട്ടി എന്തോ പറഞ്ഞു എന്ന് തോനുന്നു. പക്ഷെ കൊട്ടിന്റെയും പാട്ടിന്റെയും ശബ്ദത്തിൽ
ആരും ഒന്നും കേട്ടില്ല.
അപ്പോളേക്കും മണി പാടി
നല്ല മഹാസ്ത്രം തൊടുത്തു രഘുത്തമൻ ബാലിയാം തന്നുടെ മാറിലേക്ക്
ചെന്നുടൻ ബാലിതൻ മാറിൽ തറച്ചപ്പോ
ഒന്നങ്ങലറീട്ട് വീണു ബാലി.
ഞങ്ങൾ ഏറ്റ് പാടാൻ തുടങ്ങിയപ്പോളേക്കും ഒരു കുമ്മാട്ടി അയ്യോ എന്ന് അലറി വിളിച്ചോണ്ട് കമന്നടിച്ച് ഒറ്റ വീഴ്ച.
നാടകീയതയുടെ പീക്ക്. ഒറിജിനൽ ബാലി പോലും രാമബാണമേറ്റ് അന്ന് ഇങ്ങനെ വീണീട്ടുണ്ടാകില്ല. അജ്ജാതി ഒറിജിനാലിറ്റി.
എന്തിനാണെന്നെ നീ കൊന്നത് രാഘവാ എന്താണ് ഞാൻ ചെയ്ത കുറ്റമോർത്താൽ
എന്ന വരി മാക്സിമം വിഷാധം കലർത്തി പതിഞ്ഞ താളത്തിൽ മണി പാടാൻ തുടങ്ങുമ്പോളേക്കും. താഴെ വീണ കുമ്മാട്ടി നിലത്ത് നിന്ന് ചാടി എണീറ്റ് വിനോദിന്റെ പൊള്ള ചങ്കിൽ കുത്തി പിടിച്ചോണ്ട് അലറി..
നീയല്ലേടാ മൈ… എന്നെ തള്ളിയിട്ടത്?? അവന്റെ ചെവിട്ടിൽ ഒരു ഹിന്ദി പറയൽ. മുട്ടിന്റെ മോളിൽ പുല്ല് കെട്ടിയ കാരണം ഇരിക്കാൻ പറ്റില്ല്യാന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞുടാ #₹₹₹ ???
പാട്ട് നിർത്തി എല്ലാവരും കൂടി കുമ്മാട്ടിയെ പിടിച്ചു മാറ്റുമ്പോ വിനോദ് പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഞാനല്ല, സത്യായിട്ടും ഞാനല്ല….
അപ്പൊ ഹിന്ദിക്കാരാണ് കുമ്മാട്ടി കിട്ടിയിരിക്കുന്നത് എന്ന് പറഞ്ഞിട്ട്?
ഹിന്ദിക്കാരനാ? ഞാൻ അസ്സല് ചേറൂക്കാരനാണ്ടാ, നിന്റെയൊക്കെ വീടും എനിക്കറിയാം, കാണിച്ചു തരാം ഞാൻ @₹₹%.
അപ്പോളും കുമ്മാട്ടി കെട്ടിയ ഹിന്ദിക്കാർ കാര്യം മനസ്സിലാക്കാതെ നിൽക്കുന്നയായിരുന്നു.
പിന്നെ ഒരു വിധം ആ കുമ്മാട്ടിയെ പറഞ്ഞു സമാധാനിപ്പിച്ച് വീണ്ടും പാട്ട് തുടങ്ങിയപ്പോൾ കൂടെ പാടാൻ ഉണ്ടായിരുന്നവരിൽ ഞാൻ ഉണ്ടായിരുന്നില്ല.
മുപ്പര് ഞാൻ തള്ളുന്നത് കണ്ടണ്ടാവില്ല്യാ…..
ന്നാലും എന്തിനാ വെറുതെ ആ കുമ്മാട്ടിയുടെ കൈയ്യോണ്ട് തല്ല് കൊണ്ട് ചാവണേ എന്നെ ഞാൻ കരുതിയുള്ളു.

