ചിങ്ങമാസത്തിലെ അവിട്ടം നാളുകാരിയായ ഞാൻ ഇന്നലെ അമ്മയുടെ അടുത്തെത്തി പിറന്നാൾ മധുരം കഴിച്ചു. ഇന്ന് എന്റെ ബർത്ത് ഡേറ്റ്. പിറന്നാളാശംസകളുടെ പെരുമഴയാണ് ഇൻബോക്സിൽ. ആശംസകൾ അറിയിക്കുന്ന ഓരോരുത്തരോടും പെരുത്ത് സ്നേഹം ❤️🫂
നിങ്ങൾക്കായി ഞാനൊരു കഥ പറയാം.

നടന്ന കഥയാണേ…
ഇന്നലെ രാവിലെ അമ്മയെയും സഹോദരനെയും കാണാൻ തിരുവല്ലയിലേക്ക് പോകുന്നതിനായി റെയിൽവേ സ്റ്റേഷനിലെത്തി. 8.15-ന്റെ മധുരൈ എക്സ്പ്രസ്സ് കാത്തുനിൽക്കുകയായിരുന്നു. പക്ഷേ മധുരൈ എക്സ്പ്രസിന് പകരം ലേറ്റായി എത്തിയ ഐലൻഡ് എക്സ്പ്രസാണ് കിട്ടിയത്.
ജനറൽ കമ്പാർട്മെന്റിൽ ഒരുവിധം കേറിപ്പറ്റി. അത്യാവശ്യം തിരക്കുണ്ടായിരുന്നു. എന്നാലും പിറവം റോഡ് എത്തിയപ്പോഴേക്കും ഇരിക്കാൻ സീറ്റ് കിട്ടി.
എന്റെ അടുത്തിരുന്ന പെൺകുട്ടി തിരുവനന്തപുരത്തേക്കാണ് പോകുന്നത്. സംസാരിച്ചുതുടങ്ങിയപ്പോഴാണ് അവൾ ഒഡിഷക്കാരിയാണെന്ന് അറിഞ്ഞത്.
റാണി നേവാൾ. ❤️

കുഞ്ഞിലേ മുതൽ കേരളത്തെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ് ആകർഷിതയായി, പ്ലസ്ടു കഴിഞ്ഞപ്പോൾ സ്വന്തം നാട് വിട്ട് കേരളത്തിലേക്ക് വന്നവൾ.
ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മൾ വിളിക്കുന്ന കേരളത്തെ അവൾ ഒരു ദേവാലയം പോലെ കാണുന്നു. ഒരുപക്ഷേ, നമ്മൾ മലയാളികളെക്കാൾ ഒരു പടി മുന്നിൽ നിന്നുകൊണ്ട്.
ഒഡിഷയിലെ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് അവൾ വാതോരാതെ സംസാരിച്ചു. അവിടുത്തെ പിന്നാക്കാവസ്ഥയെക്കുറിച്ച്, വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന കുട്ടികളെക്കുറിച്ച്, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളെക്കുറിച്ച്, സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച്…

പെട്ടെന്ന് അവൾ എന്നോട് പറഞ്ഞു:
“മാം, ഇവിടെ പ്രഭാതത്തിൽ നിങ്ങൾ നിങ്ങളുടെ കുട്ടികളെ വിളിച്ചുണർത്തി, കുളിപ്പിച്ച്, ഭക്ഷണം കഴിപ്പിച്ച്, നല്ല വൃത്തിയുള്ള യൂണിഫോം ധരിപ്പിച്ച് സ്കൂളിലേക്ക് പറഞ്ഞയക്കുന്നത് കാണുമ്പോൾ എനിക്ക് അതിശയം തോന്നാറുണ്ട്.”
“അതേസമയം ഞാൻ എന്റെ നാട്ടിലെ കുട്ടികളെക്കുറിച്ച് ആലോചിക്കും. അവർക്കൊക്കെ ഇങ്ങനെയൊരു ജീവിതം ഒരു വിദൂരസ്വപ്നം പോലുമല്ല.”
അവൾ തുടർന്നു.

“ഞാൻ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ചതുകൊണ്ട് എന്റെ മാതാപിതാക്കൾ പ്ലസ്ടു വരെ എന്നെ പഠിക്കാൻ അനുവദിച്ചു. പക്ഷേ എന്റെ നാട്ടിലെ എല്ലാ പെൺകുട്ടികൾക്കും ആ അവസരം ലഭിക്കുന്നില്ല. ചില സമുദായങ്ങളിലും കുടുംബങ്ങളിലും ഇന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുണ്ട്. ബാല്യം പോലും പൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് തള്ളിവിടപ്പെടുന്നവരും.”
ആൺകുട്ടികളുടെ കാര്യവും എല്ലായിടത്തും ഒരുപോലെയല്ലെന്നും അവൾ പറഞ്ഞു.
“ജാതി പലപ്പോഴും ഒരാളുടെ ജീവിതത്തിലെ അവസരങ്ങൾ തന്നെ നിശ്ചയിക്കുന്നു. ഉയർന്ന ജാതിയിൽ ജനിച്ചാൽ ലഭിക്കുന്ന ചില അവകാശങ്ങളും സൗകര്യങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ച ഒരാൾക്ക് ലഭിക്കണമെന്നില്ല. തലമുറകളായി ചെയ്തുപോരുന്ന തൊഴിലിൽ തന്നെ കുടുങ്ങിപ്പോകുന്ന കുടുംബങ്ങളുണ്ട്.”
അവളുടെ വാക്കുകളിൽ സ്വന്തം നാടിനോടുള്ള സ്നേഹവും അതിന്റെ പിന്നാക്കാവസ്ഥയോടുള്ള വേദനയും ഒരുപോലെ ഉണ്ടായിരുന്നു.

“അടിമത്തത്തിന്റെ ഭീകരമായ രൂപം കാണണമെങ്കിൽ എന്റെ ഒഡിഷയിലെ ചില ഗ്രാമങ്ങളിൽ കുറച്ച് ദിവസം താമസിച്ചാൽ മതി മാം. നിങ്ങൾ രണ്ട് നൂറ്റാണ്ട് പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നും.”
അവൾ പറഞ്ഞത് ഒഡിഷയിലെ തന്റെ അനുഭവങ്ങളായിരുന്നു. എന്നാൽ ഇന്ത്യയിലെ പല പിന്നാക്ക ഗ്രാമപ്രദേശങ്ങളിലും ഇന്നും വിദ്യാഭ്യാസം, സ്ത്രീസുരക്ഷ, സാമൂഹിക സമത്വം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന യാഥാർഥ്യവും നമുക്ക് മറക്കാനാവില്ല.
പെട്ടെന്ന് അവൾ മറ്റൊരു കാര്യം പറഞ്ഞു.

“മാം, മാമിനറിയാമോ… ഞാൻ എന്നും മുട്ടുകുത്തി കുരിശുവരച്ച് പ്രാർത്ഥിച്ചിരുന്നത് എനിക്ക് എന്റെ നാട് വിട്ട് കേരളത്തിലേക്ക് വരാനുള്ള ധൈര്യം കിട്ടാൻ വേണ്ടിയായിരുന്നു.”
“എന്റെ നാട്ടിൽ പകൽ പോലും പെൺകുട്ടികൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത സാഹചര്യങ്ങളുണ്ട്. പക്ഷേ കേരളത്തിൽ പെൺകുട്ടികൾ രാത്രിയിലും ഭയമില്ലാതെ യാത്ര ചെയ്യുന്നത് ഞാൻ കാണുന്നു. ഞാൻ പോലും പാർലറിലെ ഓവർനൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഒറ്റയ്ക്ക് മടങ്ങാറുണ്ട്.”
അവളുടെ ശബ്ദത്തിൽ കേരളത്തോടുള്ള അത്ഭുതം നിറഞ്ഞിരുന്നു.
“ഇവിടുത്തെ യുവാക്കൾ എത്ര മര്യാദക്കാരാണ്! പെൺകുട്ടികളെ ബഹുമാനിക്കാനും കരുതാനും അവർക്കറിയാം.”
അവൾ കേരളത്തെക്കുറിച്ച് പുകഴ്ത്തിയും സ്വന്തം നാടിന്റെ ദുരവസ്ഥയെക്കുറിച്ച് പരിതപിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു.

അപ്പോൾ ഞാൻ ചോദിച്ചു:
“അപ്പോൾ നീ ഇനി സ്വന്തം നാട്ടിലേക്ക് പോകുന്നില്ലേ?”
അവൾ കണ്ണുകൾ ഉരുട്ടി എന്നെ നോക്കി.
“ഈ സ്വർഗ്ഗം വിട്ടിട്ടോ?!”
എന്നിട്ട് എന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു:
“ഒരിക്കലുമില്ല മാഡം.”
പിന്നെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞു നിങ്ങൾ സ്വർഗ്ഗരാജ്യം ലഭിക്കാൻ കുരിശുവരച്ച് പ്രാർത്ഥിച്ചിട്ട് കാര്യമില്ല. മരിച്ചു കഴിഞ്ഞ് കിട്ടുന്ന സ്വർഗ്ഗരാജ്യം എന്തിനാ? എന്റൊപ്പം വരൂ… ഞാൻ നിങ്ങൾക്ക് ഭൂമിയിലെ സ്വർഗ്ഗരാജ്യം കാട്ടിത്തരാമെന്ന്.”
അവളുടെ ആവേശം കണ്ട് ഞാൻ മനം കുളിർക്കെ ചിരിച്ചു.

കാരണം അവൾ സ്വർഗ്ഗമെന്ന് വിളിക്കുന്നത് എന്റെ നാടിനെയാണ്. എന്റെ കേരളത്തെ. ❤️
നമ്മൾ മലയാളികൾ പലപ്പോഴും നമ്മുടെ നാട്ടിലെ കുറവുകളെക്കുറിച്ച് മാത്രം സംസാരിക്കാറുണ്ട്. അത് നല്ലതാണ്; കുറവുകൾ ചൂണ്ടിക്കാണിക്കാതെ ഒരു സമൂഹത്തിനും മുന്നോട്ടുപോകാനാവില്ല.
പക്ഷേ അതിനിടയിൽ നമ്മൾ സ്വന്തമാക്കിയ ചില വലിയ നേട്ടങ്ങളെ മറന്നുപോകരുത്.
വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സ്ത്രീകളുടെ സാമൂഹിക സ്വാതന്ത്ര്യം, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹിക ക്ഷേമം, പൗരബോധം തുടങ്ങി നിരവധി മേഖലകളിൽ കേരളം ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും മാതൃകയായിട്ടുണ്ട്.
സ്വന്തം സൗരഭ്യം തിരിച്ചറിയാൻ കഴിയാതെ അലയുന്ന കസ്തൂരിമാനെപ്പോലെയാണ് പലപ്പോഴും കേരളജനത.
പക്ഷേ ആ സൗരഭ്യം തിരിച്ചറിഞ്ഞ് ദൂരദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരുണ്ട്.
അവരിൽ ഒരാളാണ് റാണി.

അവളുടെ കണ്ണുകളിലൂടെ ഒരു നിമിഷം സ്വന്തം നാടിനെ നോക്കിയപ്പോൾ എനിക്കും കേരളം കുറച്ചുകൂടി മനോഹരമായി തോന്നി.
നമ്മൾ സാധാരണയായി കാണാതെ പോകുന്ന പല കാര്യങ്ങളും പുറത്തുനിന്ന് വരുന്ന ഒരാൾ അത്ഭുതത്തോടെ കാണുമ്പോഴാണ് അതിന്റെ വില നമ്മൾ തിരിച്ചറിയുന്നത്.
നമ്മൾ നിസ്സാരമെന്ന് കരുതുന്ന പലതും മറ്റൊരാളുടെ സ്വപ്നമായിരിക്കാം.
അതുകൊണ്ടുതന്നെ, നമ്മുടെ കേരളത്തെ വിമർശിക്കേണ്ടതുണ്ട് പക്ഷേ അതിന്റെ നന്മകളെ മറന്നുകൊണ്ടല്ല.
ഇവിടെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ ശ്രമിക്കുന്നവരുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കാൻ ശ്രമിക്കുന്നവരുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയം വളർത്താൻ ശ്രമിക്കുന്നവരുമുണ്ട്.
അവരെ തിരിച്ചറിയണം.

അവരുടെ ആശയങ്ങളെ ചോദ്യം ചെയ്യണം.
കാരണം കേരളം നമുക്ക് പൂർവ്വികർ കൈമാറിയ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല.
മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവകാശം സംരക്ഷിച്ചുകൊണ്ട് തലമുറകൾ ചേർന്ന് പണിതെടുത്ത ഒരു സാമൂഹിക സ്വപ്നമാണ് കേരളം.
ആ സ്വപ്നത്തെ കൂടുതൽ മനോഹരമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
അടുത്ത തലമുറയ്ക്ക് കൂടുതൽ സ്വതന്ത്രവും സമത്വമുള്ളതും സുരക്ഷിതവുമായ ഒരു കേരളം കൈമാറാൻ നമുക്ക് കഴിയണം.

അപ്പോൾ ഒരിക്കൽ കൂടി, ഏതെങ്കിലും റാണി ഒരു ട്രെയിനിൽ ഇരുന്നുകൊണ്ട് നമ്മളോട് ചോദിക്കും
“മാം, നിങ്ങളുടെ കേരളം എത്ര മനോഹരമാണെന്ന് നിങ്ങൾക്കറിയാമോ?”
അന്ന് നമുക്ക് അഭിമാനത്തോടെ പറയാം:
“അറിയാം റാണി…
ഇപ്പോൾ ഞങ്ങൾക്കും കുറച്ചൊക്കെ മനസ്സിലാകുന്നുണ്ട്.
ഇത് ഞങ്ങളുടെ നാടാണ്.
ഞങ്ങളുടെ കേരളം. ❤️”

By ivayana