രചന : മൗസമി കല്ലറക്കൽ ✍️
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ഉയർന്നുകേൾക്കുന്ന പ്രസ്താവനകളും അതിനെച്ചൊല്ലിയുള്ള ചർച്ചകളും കാണുമ്പോൾ ചിരിയും അതിലേറെ അമർഷവുമാണ് തോന്നുന്നത്. പെൺകുട്ടികൾ പൊതുവിടങ്ങളിൽ എങ്ങനെ നിൽക്കണം, ആഘോഷങ്ങളിൽ പങ്കെടുക്കണമോ, വസ്ത്രം എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഇന്നും ചിലർക്ക് വലിയ ഉത്കണ്ഠയാണ്!
ഓണാഘോഷത്തിന് സുന്ദരിമാരായി ഒരുങ്ങി, സന്തോഷത്തോടെ ചുവടുവെച്ച പെൺകുട്ടികളെ കാണുമ്പോൾ ചിലർക്ക് വിറളി പിടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാണ്—പെൺകുട്ടികൾ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും ആഘോഷിക്കുന്നത് കാണുമ്പോഴുള്ള ഭയമാണത്.
ഈ ബഹളങ്ങൾ കേട്ട് “അയ്യോ, ഇനി അടുത്ത വർഷം മുതൽ ഓണാഘോഷത്തിനൊന്നുമില്ല, ആവശ്യമില്ലാത്ത ചർച്ചകൾ ഒഴിവാക്കാലോ” എന്ന് കരുതി ഏതെങ്കിലും ഒരു പെൺകുട്ടി മാറിനിൽക്കാൻ തീരുമാനിച്ചാൽ… അവിടെ തീർന്നു നിങ്ങളുടെ സന്തോഷം! അതോടെ ജയിക്കുന്നത് മാറ്റങ്ങളെ ഭയക്കുന്ന ആ പഴയ ചിന്താഗതിക്കാരാണ്.
പക്ഷേ, “നിങ്ങൾ എന്ത് പ്രസ്താവനയിറക്കിയാലും, ഏതൊക്കെ രീതിയിൽ സ്ലട്ട് ഷെയിം ചെയ്താലും ഞാൻ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതുപോലെ ആഘോഷിക്കും” എന്ന് ഉറപ്പിച്ചു പറയാൻ തയ്യാറായാൽ, അതാണ് നിങ്ങളുടെ വിജയം!
പല വീടുകളിലും മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും പിന്തുണയോടെയാണ് ഈ കുട്ടികൾ തങ്ങളുടെ സന്തോഷങ്ങൾ പങ്കുവെക്കുന്നത്. വസ്ത്രധാരണത്തിലും നിലപാടുകളിലും സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്ന ഓരോ പെൺകുട്ടിയും, വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തിന്റെ വക്താക്കളാണ്.
നിങ്ങളുടെ ആഘോഷങ്ങളെയും ചിരികളെയും ആരുടെയും മതനിയമങ്ങൾക്കോ മൊറാൽ പൊലീസിംഗിനോ വിട്ടുകൊടുക്കരുത്. ഈ ചർച്ചകൾ കണ്ടു ഭയന്ന് ഉൾവലിയാനല്ല, കൂടുതൽ ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളിൽ ഇടമുറപ്പിച്ചു മുന്നോട്ടുനടക്കാനാണ് പെൺകുട്ടികൾ തീരുമാനിക്കേണ്ടത്.
മാറിനിൽക്കാനല്ല, മുന്നോട്ടുനടക്കാനാണ് ഈ ജീവിതം!
