കൃഷ്ണസങ്കല്പംപോലെ മനോഹരമായ മറ്റെന്തുണ്ട് ഈ ലോകത്തിൽ ഇന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഉണ്ണിക്കണ്ണനായി പ്രപഞ്ചത്തെ മുഴുവൻ മോഹിപ്പിച്ച് ആ കുഞ്ഞ് ലീലകളാടി. പൂർവ്വസൂരികളുടെ കാലംമുതൽ ദേ, ഈ ദിവസംവരെയുള്ള ചരിത്രം എടുത്തു നോക്കിയാൽ കണ്ണന്റെ ലീലകൾ ലഹരിയാക്കി മാറ്റിയ എത്രയെത്ര കവികൾ, ചിത്രകാരന്മാർ,നർത്തകർ..

“ അൻപാഴിത്തിരയിൽ വഞ്ചികളിയ്ക്കു-
മമ്പാടിക്കുഞ്ഞിൻപുരികവും
കാതോളംനീട്ടി മഷിയെഴുതിയ കൂറോളം വെട്ടും മിഴികളും..
കട്ടത്തൈർ കൂട്ടി “മാമുണ്ടു” വീർത്ത-
കുട്ടിക്കുമ്പയും കാണേണം “
എന്ന് ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട്!
അദ്ദേഹം വരച്ചുകാട്ടുന്ന നീലചന്ദ്രികയ്ക്ക്, ആ ശ്യാമസുന്ദരന് എന്തൊരു ചേലാണ്!!
പീലിക്കുഴൽകെട്ടി,കോലക്കുഴലൂതി,പാലക്കാമോതിരം ചാർത്തി ഭൂലോകം പാലാഴിയാക്കി വെളുപ്പിച്ച്,കാലിയെ മേയ്ക്കുന്ന കോലു കൈയിലേന്തി,കുളിരായി നിറഞ്ഞു നിൽക്കുന്ന നീലനിലാവാണ് അദ്ദേഹത്തിനു കണ്ണൻ!
“ പൈക്കൾ നക്കി മിനുത്തതായ് ഗ്ഗോപ-
സ്ത്രീകൾ ചുംബിച്ചു ചുവന്നതായ്
സിന്ദൂരച്ചില്ലളുക്കൊത്ത പാദ –
സുന്ദരമൂലം കാണേണം “
“സിന്ദൂരച്ചില്ലളുക്കൊത്ത തുടുത്ത പാദം.. “

ചില്ലളുക്ക് ആവുമ്പോൾ ഉള്ളിലെ സിന്ദൂരത്തിന്റെ ചുവപ്പ് പുറത്തേക്ക് കാണാമല്ലോ! എന്തൊരു മനോഹരമാണ് ഈ വർണ്ണന.. കായാമ്പൂവർണ്ണനെ കണ്മുന്നിൽ കാണുന്നപോലെ.. ഓരോ അമ്മയ്ക്കും തന്റെ കുഞ്ഞ് കണ്ണനാണ്. അവനോടുന്ന സ്വന്തം വീട്ടുമുറ്റം അമ്പാടിയാണ്!
എനിക്കു തോന്നുന്നു ഈ കൃഷ്ണസങ്കല്പം പോലെത്തന്നെ മനോഹരമാണ് പാർവതീപരമേശ്വരന്മാരുടെ ദാമ്പത്യബന്ധവും. “ദൈവം” എന്ന സങ്കല്പത്തിനുമപ്പുറം സാധാരണമനുഷ്യരുടെ പിണക്കങ്ങളും വഴക്കും സ്നേഹോഷ്മളതയും എല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു ബന്ധം!

“ ഇന്നവൾ താലി അഴിച്ചിടുകിൽ
ഞാനുമെൻ താലി അഴിച്ചിടുന്നു
ഇന്നവൾ കൈവള കൈവെടികിൽ
ഞാനുമുപേക്ഷിക്കും കൈവളകൾ
ഇന്നവൾ ഈറൻ നനച്ചുടുക്കിൽ
ഞാനുമിന്നീറൻ നനച്ചുടുക്കും
ഇന്നവൾ കൂന്തൽ നിലത്തിടുകിൽ
ഞാനുമെൻ പൂഞ്ചായൽ കെട്ടുന്നില്ലാ
ഇന്നവൾ കണവനിണ പിരികിൽ
ഞാനും തിരുമേനി തീണ്ടുന്നില്ലാ “

ഭക്തയുടെ വൈധവ്യത്തിൽ മനസ്സുരുകിയ പാർവതി ഭർത്താവിനോട് പറയുന്ന ഈ പരാതിയിൽ ഒരു ഭീഷണിയുടെ സ്വരവും നിഴലിക്കുന്നില്ലേ? ശിവൻ ഭാര്യയുടെ വാശിക്ക് മുമ്പിൽ നിസ്സഹായനായിക്കാണും. അദ്ദേഹം ബ്രാഹ്മണസ്ത്രീയുടെ ഭർത്താവിന്റെ ജീവൻ തിരിച്ചുനൽകാൻ കാലനോട് ആവശ്യപ്പെട്ടു. കാലകാലനല്ലേ മഹാദേവൻ?
“ ഉടൻ മഹാദേവിയിടത്തുകൈയാ-
ലഴിഞ്ഞ വാർപ്പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കൺകൊണ്ടൊരു നോക്കു നോക്കി.. “ദേവി
ശിവനെ ഭയപ്പെടുത്തുന്നത് സ്കൂൾക്ലാസുകളിൽ പഠിച്ചിട്ടുണ്ടല്ലോ, വള്ളത്തോളിന്റെ “ശിഷ്യനും മകനും!”

ഗംഗയെ പരിഗണിക്കുന്നതിലെ അമർഷം, അവരുടെ സൗന്ദര്യപ്പിണക്കങ്ങൾ ഇവയ്‌ക്കെല്ലാം 916 സ്വർണ്ണത്തിന്റെ മാറ്റാണ്.രാധാകൃഷ്ണസങ്കല്പം പ്രണയഭാവത്തിന്റെ മുഴുക്കാപ്പു ചാർത്തിയതാണ് എന്ന് മറന്നിട്ടില്ല ഞാനിതുപറയുന്നത്. രാധാകൃഷ്ണൻ ആയാലും ലക്ഷ്മീമാധവമായാലും
അതിലുംകൂടുതൽ ചേല് ശിവപാർവതിമാർക്ക്തന്നെ!

ഗിരിജ വാരിയർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *