ഭൂമി വിറ്റ്
ആകാശം
വാങ്ങാനിറങ്ങി
അന്ന്
കടൽക്കുട്ടി
ഒളിപ്പിച്ചുവച്ച-
കരമിഠായിയെ
തിന്നാനെടുക്കുന്ന
ദിവസമായിരുന്നു
മഴപ്പെണ്ണിനല്ലാതെ
അവനത്
മറ്റാർക്കും
പകുക്കില്ല
ഡാമിലെ
വളർത്തു മീനുകൾക്ക്
പട്ടണത്തിലേയ്ക്ക്
വിനോദയാത്ര
പോകാൻ
അത്തവണ
സമ്മതവും
കാശും കിട്ടി
മുട്ടയിട്ടു വച്ചിരുന്നേടം മറന്നുപോയ
വിമാനങ്ങൾ
താണുപറന്ന്
ചെറിയ
കുട്ടികളുടെ
ക്ലാസ് മുറികളിൽ
തീരെച്ചെറിയ
വീടുകളിൽ
കയറിയിറങ്ങി
നടന്നു
മനുഷ്യബന്ധനത്തിനിടെ
കരയിൽ
കുടുങ്ങിപ്പോയ
കൊമ്പൻ സ്രാവുകൾക്കായുള്ള തിരച്ചിൽ
നേരം വെളുത്തതോടെ
മതിയാക്കി
നീലത്തിമിംഗലങ്ങളുടെ
സംഘം മടങ്ങി
അബദ്ധത്തിൽ
പെറ്റുപോയ
അമ്മ
ജനാലയിലൂടെ വലിച്ചെറിഞ്ഞപ്പോഴേ
അവനൊരു പുള്ളിക്കുയിലായി
മക്കളില്ലാത്ത
കാക്കയുടെ
കൂടും തേടി
പറന്നുപോയ
ദിവസം
പറന്നകലും തോറും
നഗരം
മൈക്രോസ്കോപ്പിൽ വച്ച
വ്രണക്കട്ട പോലെ
അവന് തോന്നി
ഇന്നലെ
പല്ല് കെട്ടിച്ച പെണ്ണ്
ചുണ്ടടുപ്പിക്കാനാവാതെ
ദയനീയമായി ചിരിക്കും പോലെ
ഫ്ളാറ്റുകൾ
കൂട്ടംകൂടിനിന്ന്
പതിഞ്ഞ കാറ്റിൽ
അവനെപ്പറ്റി
പറഞ്ഞുകൊണ്ട്
നിന്നപ്പോഴാണ്
ആകാശത്തിൻ്റെ
സുഷിരങ്ങൾ
വലുതായി
വലുതായി
വന്നത്
പതിവുപോലെ
ജെസിബിയുടെ
തുമ്പിക്കൈകൾ
പിടിപ്പിച്ച
ഓട്ടോറിക്ഷകൾ ഉറുമ്പിൻകൂടുകൾ
ഇടിച്ചുനിരത്തി
നായകൾ
പഴയ
പക്ഷിക്കൂടുകളെ
കാലാവധി തീർന്ന
ഐസ്ക്രീമുകൾ കൊണ്ട്
എറിഞ്ഞിട്ടു
ഫ്ലാറ്റിലെ
സെക്യൂരിറ്റിയുടെ
സുവിശേഷം
ഒന്നാമധ്യായത്തിലെ
ഒന്നാം വാക്യം
ഇങ്ങനെ
തുടങ്ങി
കിണറുതേവാനിറങ്ങി
മീഥൈൻകുടിച്ചു
മരിച്ച മകനേ
അക്രോഫോബിയകൾ
ലിഫ്റ്റുകളായി
പുനർജനിക്കുകയാൽ
പതിനാറാം
നിലയിൽ
വീട്ടുകാരറിയാതെ
വന്നൊളിച്ചു
താമസിക്കുന്ന
പ്രവാസിയോട്
നീ പോയി
ഇപ്രകാരം
അരുൾചെയ്യൂ
കൂടെയുള്ള
ഗ്രീക്ക് ദേവതയെത്തേടി
നീ ഉടുത്തിട്ടില്ലെങ്കിലും ഉടുപ്പിക്കേണ്ടവൾ
പടികയറി
വരുന്നുണ്ടെന്ന്
അന്ന്
ഉച്ചയോടെ
ചക്രവാളം വരെ
പശതേച്ചൊട്ടിച്ച്
ഭൂമിയേയും
ആകാശത്തിനേയും
ഒറ്റത്താളാക്കി
ഉണക്കാനിട്ടു
ദൈവം
ദൈവമേ
എന്നോട്
എന്തിനിങ്ങനെ
ചെയ്തു
എന്റെ ഭൂമി
വിറ്റുപോയി
വാങ്ങാൻ
ഒരാകാശവും
ബാക്കിയില്ലല്ലോ.

ബിജു കാരമൂട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *