എന്നും പിണ്ടിക്കറി
ഇടയ്ക്ക് നടുവേദനയ്ക്ക്
പിണ്ഡതൈലം.
പാളേതൊടൻ വാഴയുള്ള
വീട്ടിലെ കറിയെക്കുറിച്ച്
കുട്ടിയ്ക്കെന്നും പരാതി
കൃമികടിയുടെ അസുഖം മാറാൻ
പിണ്ടിയൊരു
സുഖചികിത്സയാണെന്നറിയാത്ത കുട്ടി
വാഴച്ചുണ്ടിലെ തേൻ കൊതിച്ച നാൾ
ഇപ്പോഴും ഓർക്കുന്നു.
വവ്വാലുകൾ പകലും പറക്കുന്ന തോട്ടത്തിലിറങ്ങിയാൻ
ഒരു പാളേൻതൊടൻ മണമുണ്ട്.
ജീവിതത്തിൽ മധുരവും.
പഴം തിന്നാത്ത പുതിയ തലമുറയ്ക്ക്
‘കറ’യെക്കുറിച്ചറിയില്ല.
ചുണ്ടുകറിയുടെ മധുരമറിയില്ല
വൻപയർ ചേർന്ന രസക്കൂട്ട്
അമ്മ വിരലിൻ്റെ താളക്രമങ്ങൾ
ഒക്കെ
കാർബറി തിന്നുന്നവരെ ഒരിക്കലും കൊതിപ്പിക്കില്ല.
പുതിയ രാഷ്ട്രം പടുക്കുമ്പോൾ
വെട്ടിക്കളയപ്പെട്ട പാളേൻതൊടൽ ചതുപ്പിലാണെൻ്റെ വീടിൻ്റെ മൂലക്കല്ല്.
എന്നാലും കാറ്റത്ത്
ഒരമ്മ മണം
ഒരു പാളേൻ തൊടൻ മധുരം.
പിണ്ടിക്കറി തിന്നവനെ
ക്രിമികടി പഠിപ്പിക്കുന്ന ഉത്തരാധുനിക
സാമ്പത്തിക ശാസ്ത്രം മാത്രം
എത്ര ആലോചിച്ചിടും പിടികിട്ടുന്നില്ല
അതാവും
കർഷകരൊക്കെ
വാഴക്കറ കണ്ണിലിറ്റിച്ച്
അന്ധതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്.
……………. താഹാ ജമാൽ

By ivayana